തിരുവനന്തപുരം : അനന്തപുരി നല്കിയ സ്വീകരണം ഏറ്റുവാങ്ങി ജന്മഗൃഹവും സന്ദര്‍ശിച്ച് ശ്രീഎം നയിക്കുന്ന പ്രത്യാശയുടെ പദയാത്ര ശ്രീനാരായണഗുരുദേവന്റെ തപോഭൂമിയിലേക്ക് . കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ശ്രീഎമ്മിന്റെ പദയാത്രയെ കഴിഞ്ഞ ദിവസം അനന്തപുരിയുടെ ഹൃദയഭൂമി വികാര വായ്പോടെ വരവേറ്റിരുന്നു.
ഇന്നലെ രാവിലെ 6ന് കിഴക്കക്കോട്ട രംഗവിലാസം കൊട്ടാരത്തില്‍ നിന്നാരംഭിച്ച യാത്ര ശ്രീകണ്ഠേശ്വരം ക്ഷേത്ര സന്നിധിയില്‍ നല്കിയ സ്വീകരണത്തിനുശേഷം വഞ്ചിയൂര്‍ അംബുജവിലാസം റോഡിലെ ശ്രീഎംന്റെ ജന്മവീട് സന്ദര്‍ശിച്ചു. ബന്ധുക്കളെ ശ്രീഎം അനുയായികള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് സ്റ്റാച്യു, പാളയം, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, എഞ്ചിനീയറിംഗ് കോളേജ് കുളത്തൂര്‍, മണ്‍വിള വഴി ഉച്ചയ്ക്ക് 12.30ഓടെ ടെക്നോപാര്‍ക്കില്‍ എത്തിച്ചേര്‍ന്നു.
കെ. അയ്യപ്പന്‍പിള്ള, ഒ. രാജഗോപാല്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പിഎസ് സി അംഗം വി.എസ്. ഹരീന്ദ്രനാഥ്, മേയര്‍ കെ. ചന്ദ്രിക, ബാലരാമപുരം ദര്ഗ്ഗാഷെറീഫ് ഇമാം അബ്ദുള്‍ ജബ്ബാര്‍, ജോര്‍ജ്ജ് ഓണക്കൂര്‍, ഫിലിപ്പ് എം. പ്രസാദ് എന്നിവര്‍ പദയാത്രയില്‍ വിവിധ ഘട്ടങ്ങളില്‍ അണിചേര്‍ന്നു. ഇതിനു പുറമേ സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള പല പ്രമുഖരും സാധാരണക്കാരും പദയാത്രയില്‍ അണിചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പട്ടം കത്തീഡ്രലില്‍ എത്തിയ എമ്മിനെ മാര്‍ ഐറോനിയസ് കര്‍ദ്ദിനാളിന്റെ പ്രതിനിധിയായി സ്വീകരിച്ചു. മാര്‍ ഇവാനിയോസ്, മാര്‍ ഗ്രിഗോറിയോസ്, മാര്‍ സിറിള്‍ ബസേലിയോസ് എന്നിവരുടെ ഖബറിടത്തില്‍ ശ്രീഎം പ്രാര്‍ത്ഥനാ നിരതനായി. അവിടെ ചായസല്ക്കാരത്തിനുശേഷം യാത്ര തുടര്‍ന്ന പദയാത്ര സംഘത്തിന് കുളത്തൂര്‍ സ്വയം പ്രകാശ് ആശ്രമത്തിലായിരുന്നു പ്രഭാത ഭക്ഷണം.
ശ്രീകണ്ഠേശ്വരം, സ്റ്റാച്യു, പ്ലാമൂട്, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ചാവടിമുക്ക്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ യാത്രയെ വരവേറ്റത്. വൈകുന്നേരം ടെക്നോപര്‍ക്കിലെ ക്ലബ്ബ് ഹാളില്‍ സത്സംഗവും നടന്നു. പദയാത്ര ഇന്നു രാവിലെ കഴക്കൂട്ടത്തുനിന്നും തിരിച്ച് ആറ്റിങ്ങലില്‍ സമാപിക്കും.നാളെ രാവിലെ ആറ്റിങ്ങലില്‍ നിന്നും യാത്ര തിരിക്കുന്ന സംഘം വര്‍ക്കല ശിവഗിരി സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: