മൂന്നുംകൂട്ടി മുറുക്കി, ഭേഷായി….ന്നങ്ട്ട് നമ്പൂതിരി ഭാഷയില്‍ പറയാന്‍ നല്ല രസമുണ്ട്. മൂന്നുംകൂട്ടി മുറക്കുന്ന ആ വിദ്യ ലോകഅത്ഭുതങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടാന്‍ കഴിയും.
വെറ്റിലയുടെ സാന്നിദ്ധ്യം ജീവിതസ്പര്‍ശിയാണ്. ആചാരപരമായ ചടങ്ങുകളില്‍ വെറ്റില അനിവാര്യമാണെങ്കില്‍ ആചാര്യന്മാരെ ആദരിക്കുമ്പോഴും ദക്ഷിണ സമര്‍പ്പിക്കുമ്പോഴും വെറ്റില ഒഴിവാക്കാനാവില്ല.
ഭൗതികജീവിതത്തിലാകട്ടെ വെറ്റിലചെല്ലം (വെറ്റില, പാക്ക്, ചുണ്ണാമ്പ് വെച്ചിരിക്കുന്ന പെട്ടി) ആഢ്യത്വത്തിന്റെ പ്രതീകമായാണ് പരിഗണിക്കപ്പെടാറ്. വെറ്റില പരസ്പരം കൈമാറുന്നത് സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായിട്ടാണ്.
ബ്രാഹ്മണര്‍ ഇതിന് പ്രത്യേകം വിലകല്പിക്കുന്നു. പൂജക്ക് വെറ്റില നിവേദ്യത്തിന് വെച്ചാല്‍ അത് ഊണുകഴിഞ്ഞതും ഗൃഹനായിക ഒരു സ്ഥലത്ത് ഇരുന്ന് വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് കളിപാക്കും ചേര്‍ത്ത്, ഒരു നാല് വെറ്റില ചവച്ചരച്ച് കഴിക്കുന്നു. അവര്‍ക്ക് കാല്‍സ്യക്കുറവ് എന്ന പോരായ്മ വരില്ല. കഫവും, ചുമ എന്നിവ വരില്ല. കാല്‍സ്യം, സാന്‍ഡോസ്, താംബൂല രസായനം എന്നിവ വില കൊടുത്ത് വാങ്ങേണ്ടിവരില്ല എന്നത് തീര്‍ച്ചയാണ്. ഇന്ന് ഇത് അനിവാര്യമാണ്. വളരെ അപൂര്‍വം ചില വീടുകളിലേ ഇത് നടക്കുന്നുള്ളൂ.
കല്യാണത്തിന് ഊണുകഴിഞ്ഞ് യാത്ര പറയുന്ന അതിഥികള്‍ക്ക് വെറ്റില-പാക്ക് നിര്‍ബന്ധമായി കൊടുക്കും. ശ്രീലളിത സഹസ്രനാമത്തില്‍ ദേവിയെ താംബൂല പൂരിതമുഖി എന്നു വിശേഷിപ്പിക്കുന്നു, വെറ്റില പതിവായി കഴിച്ചുകൊണ്ടിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട്.
പ്രശ്‌നശാസ്ത്രത്തിലെ ഒരു രീതിയാണ് താംബൂല പ്രശ്‌നം. പ്രശ്‌ന സമയം നല്‍കുന്ന വെറ്റില എണ്ണിനോക്കി ഫലം പറയുന്നതാണ് താംബൂല ലക്ഷണം.
തരുന്ന വെറ്റിലയുടെ എണ്ണത്തെ അഞ്ചുകൊണ്ട് ഗുണിച്ച് ഒന്ന് കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയെ ഏഴുകൊണ്ട് ഭാഗിച്ച് ശിഷ്ടം ഒന്ന് വന്നാല്‍ സൂര്യനും രണ്ട് വന്നാല്‍ ചന്ദ്രനും മൂന്ന് ചൊവ്വയും നാല് ബുധനും അഞ്ച് വ്യാഴവും ആറ് ശുക്രനും ഏഴായാലോ ശിഷ്ടം ഇല്ലെങ്കിലോ ശനിയുമാകുന്നു. ശിഷ്ടസംഖ്യ ഫലം താഴെ പറയുന്നു. ഒന്ന്-മനഃക്ലേശം, ദുഃഖം/രണ്ട്-സുഖം ഐശ്വര്യം/മൂന്ന്-കലഹം, കാര്യതടസ്സം/ നാല്-ധനലാഭം, കാര്യസിദ്ധി/ആറ്-സര്‍വാഭീഷ്ട സിദ്ധി/ ഏഴ്-മരണം ആപത്ത്. വെറ്റില വീതിയുള്ളതും മിനുസവും വൃത്തിയും ഉള്ളതായാല്‍ ജാതകന് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകും. മറിച്ച് മുറിവ്, ചതവ്, പുഴുക്കുത്ത് ഇവ ഉണ്ടായാല്‍ രോഗം, ദാരിദ്ര്യം, ദുഃഖം ഇവ ഫലം.
വെറ്റിലയുടെ ഐതിഹ്യം കൈലാസത്തില്‍നിന്ന് തുടങ്ങുന്നു. ശിവ-പാര്‍വതിമാര്‍ മുളപ്പിച്ചെടുത്ത വെറ്റില ഒരു പൂജാദ്രവ്യം കൂടി ആയി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ദേവതകളെ സന്തോഷിപ്പിക്കാന്‍ പൂജകളില്‍ വെറ്റിലയും അടക്കയും നിവേദിക്കാറുണ്ട്. വെറ്റിലയുടെ മധ്യഭാഗം മഹാലക്ഷ്മിയുടെ ഇരിപ്പിടമാണ് എന്നാണ് സങ്കല്പം. കീഴറ്റം ദീര്‍ഘായുസ്സിന്റെയും അഗ്രം പ്രശസ്തിയുടെയും പ്രതീകമാണ്.
എല്ലാ മംഗളകര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും താലത്തില്‍ വെയ്‌ക്കും. വിവാഹ നിശ്ചയത്തിനും ഇത് അനിവാര്യം. നിശ്ചയ താംബൂലം എന്നാണ് ഈ ചടങ്ങിനുപേര്‍.
തെക്ക്-കിഴക്കന്‍ സംസ്‌കാരത്തില്‍ മൂന്നുംകൂട്ടി മുറുക്കുന്നത് (വെറ്റില-ചുണ്ണാമ്പ്-പാക്ക്) നിത്യജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ആദ്ധ്യാത്മിക ജീവിതത്തിലും സാമൂഹ്യജീവിതത്തിലും വെറ്റിലക്ക് പ്രസക്തി ഉണ്ട്. പല്ലവ, ചോള, പാണ്ഡവരാജാക്കന്മാരുടെ കാലത്ത് വെറ്റിലയ്‌ക്ക് വലിയ പ്രാധാന്യമായിരുന്നു.
പോര്‍ച്ചുഗീസുകാര്‍ ബീറ്റില്‍ എന്നാണ് വെറ്റിലയെ വിളിച്ചിരുന്നത്. വെട്ടില എന്നും വിളിപ്പേരുണ്ടായിരുന്നു. വെട്ടില എന്നാല്‍ വെറും ഇല എന്നാണത്രെ അര്‍ത്ഥം.
സ്‌നേഹബന്ധത്തിന്റെ പ്രതീകമായി വെറ്റിലയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കാദംബരി രാജകുമാരി നാണത്താല്‍ രാജകുമാരനെ കാണാന്‍ മടിച്ചെങ്കിലും നീട്ടിയ കൈയില്‍ വെറ്റിലവെച്ച് ഹൃദയം സമ്മാനിച്ചത് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി ബാണഭട്ടന്‍ വര്‍ണിച്ചിട്ടുണ്ട്. സല്‍ക്കാരത്തിനും വെറ്റില ഒഴിവാക്കാന്‍ ആവില്ല. ഇപ്പോള്‍ പരിഷ്‌ക്കരിച്ച് സല്‍ക്കാരത്തിനുശേഷം ബിഡ എന്ന സാധനം കൊടുക്കുന്നു.
പുഗീഫലസമായുക്തം നാഗവല്ലീ ദളൈദ്യുതം
കര്‍പ്പൂരചൂര്‍ണസംയുക്തം താംബൂലം പ്രതിഗൃഹ്യതാം എന്നതാണ് വെറ്റില (താംബൂലം) നിവേദ്യമന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: