വരുമാനം നോക്കാതെ അടിച്ചുപൊളിച്ചു ജീവിക്കുന്ന മലയാളിയുടെ ശൈലി അവനെ അതിവേഗം കടബാധ്യതയില്‍ മുക്കുന്നു. ആഡംബര വീട്, കാറുകള്‍, വീട്ടുപകരണങ്ങള്‍, മോടികൂടിയ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, അടിപൊളി ജീവിതം! പൊങ്ങച്ച ക്ലബ്ബുകളില്‍ അംഗത്വം, രാത്രികാല മദ്യപാന പാര്‍ട്ടികള്‍, ഇടയ്ക്കിടെയുള്ള ആഘോഷമായ വിനോദസഞ്ചാരം, ആഘോഷ സല്‍ക്കാര പാര്‍ട്ടികള്‍ തുടങ്ങി എണ്ണമറ്റ പരിപാടികളാണ് മലയാളിയുടെ മോഹവലയത്തെ കീഴടക്കിയിരിക്കുന്നത്.
സ്വര്‍ണ-വജ്രാഭരണങ്ങള്‍ മലയാളി സ്ത്രീകള്‍ക്ക് മുന്‍കാലത്തേക്കാള്‍ ഭ്രമമായിത്തീര്ന്നിരിക്കുന്നു. കടം വാങ്ങി പണം ചെലവഴിക്കുവാന്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു മടിയുമില്ല. പലിശയ്ക്ക് പണമെടുക്കുന്നവര്‍ക്ക് പലിശപോലും തിരിച്ചടയ്ക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണിന്ന്. കേരളത്തില്‍ മദ്യപാനാസക്തി വര്‍ധിച്ചതിന്റെ പ്രധാന കാരണം മലയാളിയുടെ ഈ കുത്തഴിഞ്ഞ ജീവിതമാണ്. സ്വയം നിയന്ത്രിക്കുവാനുള്ള കഴിവു നഷ്ടപ്പെട്ട പ്രതീതിയിലാണ് മലയാളികള്‍. എന്തും പണംകൊടുത്തു വാങ്ങുവാനാകുമെന്ന ഹുങ്ക് മലയാളിയെ അഹന്തയുള്ളവനും തന്നിഷ്ടക്കാരനും സര്‍വോപരി സാമൂഹ്യവിരുദ്ധനുമാക്കുന്നു. അഭിമാനികളായിരുന്ന മലയാളികള്‍ ദുരഭിമാനികളായി മാറിയിരിക്കുന്നു.
ഒരാളില്‍നിന്ന് കടമെടുത്ത് മറ്റൊരാളുടെ കടം വീട്ടി, പലിശയുടെയും കൂട്ടുപലിശയുടെയും ബാധ്യതക്കാരനാകുന്നത് കേരളീയരില്‍ മാത്രം കാണുന്ന ദുശീലങ്ങളാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) ഏറ്റവും പുതിയ പഠനപ്രകാരം ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കടമെടുത്ത് മുടിയുന്നതില്‍ മലയാളിയാണ് മുന്നില്‍. ഗ്രാമങ്ങളിലും പട്ടണങ്ങളിലും സ്ഥിതി വിഭിന്നമല്ല. സര്‍വേപ്രകാരം ഗ്രാമങ്ങളില്‍ 31.4 ശതമാനം കുടുംബങ്ങളും പട്ടണങ്ങളില്‍ 22.4 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണ്. 2002 ല്‍ ഇത് ഗ്രാമീണ മേഖലയില്‍ 26.5 ശതമാനവും നഗരപ്രദേശങ്ങളില്‍ 17.8 ശതമാനവുമായിരുന്നു. ഗ്രാമീണ ജനങ്ങളെ പണമിടപാടു സ്ഥാപനങ്ങള്‍ക്ക് ഏറെ സ്വാധീനിക്കാനാകുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ഭാരതത്തിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ കടക്കാരുള്ളത്. താഴെത്തട്ടില്‍നിന്നും മുകള്‍ത്തട്ടിലെത്തുമ്പോള്‍ കടബാധ്യത കൂടുന്നതായാണ് പൊതുവെ ട്രന്റ്, കടം വാങ്ങി ചെലവഴിക്കുന്ന രീതി മലയാളികള്‍ക്കിടയില്‍ പൊതുവേ കുറവായിരുന്നു. മുണ്ടുമുറുക്കി ഉടുത്ത് വീട്ടിലെ പഞ്ഞം പുറത്തറിയിക്കാതിരുന്ന മലയാളിക്ക് അഭിമാനിയുടെ ഒരു മുഖമുണ്ടായിരുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, കരിങ്കല്‍ ക്വാറി, മണ്ണ്-മണല്‍ ബിസിനസ്സ്, കുടിവെള്ള വിതരണ ലോറികള്‍, റോഡ് പണി, മറ്റ് കോണ്‍ട്രാക്ട് പണികള്‍, അബ്കാരി ലേലം, തടിലേലം, റബര്‍ എസ്റ്റേറ്റുകള്‍, സുഗന്ധ വ്യഞ്ജന കച്ചവടം, ഫഌറ്റ് കച്ചവടം, ഭൂമി കച്ചവടം, ഐടി ബിസിനസ് എന്നിവയിലേക്ക് ചുവടുമാറിയതിലൂടെ മലയാളിയുടെ വരുമാന മേഖല വര്‍ധിച്ചു.
പതിറ്റാണ്ടുകള്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നോക്കിയിരുന്ന മലയാളിയുടെ മനസ്സും കണ്ണും പണത്തിന്റെ കുത്തൊഴുക്ക് കണ്ട് മഞ്ഞളിച്ചുപോയി. ന്യൂജനറേഷന് ബാങ്കുകള്‍ എത്ര വേണമെങ്കിലും കടം നല്‍കുമെന്ന വ്യവസ്ഥവന്നതോടെ കടംവാങ്ങിയുള്ള ബിസിനസ്സുകള്‍ തഴച്ചുവളര്‍ന്നു. എന്നാല്‍ മദ്യപാനാസക്തിയും പിടിപ്പുകേടും വര്‍ധിച്ചു. കടം വാങ്ങിയത് തിരിച്ചടക്കുകയെന്ന സാമാന്യമര്യാദപോലും മലയാളി കാണിക്കാതായി.
പണിയെടുക്കുവാനുള്ള ശീലം ഉപേക്ഷിച്ചതും കൂടുതല്‍ ആഡംബരജീവിതത്തിലേക്ക് ആകര്ഷിക്കപ്പെട്ടതും മലയാളിയെ കൂടുതല്‍ കൂടുതല്‍ കടക്കെണിയിലാക്കി. പലിശനോക്കാതെ പണമെടുത്തവര്‍ വരുമാനമില്ലാത്ത ഇന്‍വെസ്റ്റ്മെന്റുകളില്‍ മുടക്കി എല്ലാം വിറ്റുപെറുക്കി നാടുവിട്ട് വിലകുറഞ്ഞ സ്ഥലംതേടി പോകുന്നവരുടെ എണ്ണം നഗരങ്ങളില്‍ വര്‍ധിച്ചു. ഇതിന്റെ ഒപ്പം വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും എണ്ണം പെരുകി. കൃഷിഭൂമി നികത്തി കച്ചവടം നടത്തി പണം ധൂര്‍ത്തടിച്ച് നശിച്ചവര്‍ കേരളത്തിലെപ്പോലെ ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണില്ല.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് 10 വര്‍ഷത്തിലൊരിക്കലാണ് ഇത്തരം ഒരു സര്‍വേ നടത്തുന്നത്. 2012 ജൂലായ് മുതല്‍ 2013 ജൂണ്‍വരെയായിരുന്നു സര്വ്വേകാലം. ഭാരതത്തില്‍ ആകെയുള്ള 89.35 ദശലക്ഷം കാര്‍ഷിക കുടുംബങ്ങളില്‍ 43.42 ദശലക്ഷം, അതായത് 48.6 ശതമാനം കടത്തിലാണെന്നാണ് സര്‍വേഫലം സൂചിപ്പിക്കുന്നത്. മന്മോഹന് സിങ്ങിന്റെ കീഴിലെ യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്തുവര്‍ഷത്തിനിടയില്‍ ഭാരതത്തിലെ കര്‍ഷകര്‍ കടത്തില്‍നിന്നും കടത്തിലേക്കാണ് കൂപ്പുകുത്തിയത് എന്ന് സാരം. ഭരണം വിട്ട് ഇറങ്ങിപ്പോകുന്ന കാലത്താണ് കര്‍ഷകരുടെ രക്ഷയ്ക്കെന്ന വ്യാജേന ഭക്ഷ്യസുരക്ഷാനിയമമെന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിയമം കൊണ്ടുവന്നത്. ഇതിലെ ചതി ജനങ്ങള്‍ മനസ്സിലാക്കിയാണ് യുപിഎ സര്‍ക്കാരിനെ അവര്‍ തൂത്തെറിഞ്ഞത്.
കേരളത്തിലെ ഉദ്ദേശം 800 ശതമാനം കര്‍ഷകരും കടക്കെണിയിലാണ്. ഭാരതത്തില്‍ 52 ശതമാനം കര്‍ഷകരാണ് ബാങ്കില്‍നിന്നുള്ള വായ്പയെടുത്ത് കടക്കാരായതെങ്കില് കേരളത്തില്‍ അത് 77.7 ശതമാനമാണ്. എന്തുകൊണ്ടാണിതെന്ന് എന്‍എസ്എസ്ഒ വ്യക്തമാക്കുന്നില്ല.
ആന്ധ്രാപ്രദേശിലാണ് ഏറ്റവും കൂടുതല്‍ (92.9 ശതമാനം) കര്‍ഷകര്‍ കടക്കാരായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആളോഹരി കടം കൂടുതല്‍ കേരളത്തിലാണ്. കടം കൂടുന്നതും മദ്യപാനാസക്തി കൂടുന്നതുമായി ബന്ധമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മലയാളി കുടുംബങ്ങള്‍ മരുന്നിന് ചെലവഴിക്കുന്നതിനേക്കാള്‍ 12 ഇരട്ടി തുക മദ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ടത്രെ! ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2012-2013 ല്‍ ഭാരതത്തിലെ കുടുംബങ്ങളിലെ മദ്യപാന ചെലവ് 137 ശതകോടിയായിരുന്നത് 2013-14 ല്‍ 193 ശതകോടിയായി വളര്‍ന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭാരതത്തിലെ മദ്യപന്മാര് 2013-14 ശരാശരി മദ്യപാനത്തിന് ചെലവാക്കിയത് പ്രതിദിനം 713 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു കുടുംബത്തിലെ മദ്യപാന ചെലവ് കേരളത്തില്‍ അഞ്ച് ഇരട്ടിയാണത്രെ! ഇതിന്റെ പ്രധാന കാരണം ജീവിതപ്രശ്നങ്ങളെ നേരിടുവാനുള്ള ശേഷിക്കുറവും ആഡംബരജീവിതത്തോടുള്ള ഭ്രമവുമാണെന്ന് പരക്കെ വിശ്വസിക്കുന്നു.
വീട്ടാന്‍ കഴിയുന്നതിലേറെയുള്ള കടം പലപ്പോഴും മലയാളിയെ കൊണ്ടെത്തിക്കുന്നത് കൂട്ട ആത്മഹത്യയിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ഗവേഷണ ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ പ്രതിദിനം 27 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടത്രെ! കുട്ടികളുടെയും സ്ത്രീകളുടേയും ആത്മഹത്യയില്‍ രാജ്യത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണ്. ഒരുലക്ഷം സ്ത്രീകളില്‍ 21 പേരെങ്കിലും ആത്മഹത്യ ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ തോത് ലോകത്ത് ഒമ്പതുമാത്രമാണ്.
ഉപഭോഗനിരക്കിലെ അമിതമായ വര്‍ധനവ് കടത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നതാണ് ഭൂരിഭാഗം ആത്മഹത്യയ്ക്കും പ്രചോദനമാകുന്നത്. കുടുംബ ബന്ധങ്ങളിലെ തകര്‍ച്ച, അകല്‍ച്ച, വിവാഹബന്ധം വേര്‍പെടുത്തല്‍, വഴക്ക്, അടുത്തബന്ധുവിന്റെ മരണം, പ്രണയനൈരാശ്യം, തൊഴില്‍ നഷ്ടപ്പെടല്‍, പെട്ടെന്നുള്ള അസുഖങ്ങള്‍, തോല്‍വികള്‍, വ്യവഹാരങ്ങളിലെ തോല്‍വി, മദ്യപാനാസക്തി എന്നിവയെല്ലാം മലയാളിയെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെങ്കിലും ഈ അടുത്തകാലത്തെ ആത്മഹത്യാ പ്രവണതയ്ക്ക് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് കടബാധ്യതയാണ്.
വീടും പറമ്പും വാഹനവും പണയപ്പെടുത്തി നടത്തുന്ന ബിസിനസ്സുകളുടെ തകര്‍ച്ച ഒരു വലിയ വിഭാഗം ആളുകളെ വന്‍ സാമ്പത്തിക ഭാരതത്തിലും ബാധ്യതയിലുമാണെത്തിക്കുന്നത്.
കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിളകളുടെ ആഗോളവല്‍ക്കരണം പ്രാദേശിക കമ്പോളങ്ങളെ വരെ ബാധിച്ചതിനാല്‍ കഷ്ടപ്പെട്ട് ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്.
റബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, മറ്റ് നാണ്യവിളകള്‍, ധാന്യ ഉല്‍പ്പാദനം എന്നിവ അതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകര്‍ കടക്കെണിയിലുമെത്തുന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാക്കുവാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമായതാണിതിനു കാരണം. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതും ആഗോളതാപനം മൂലം പെരുകിയ കീടങ്ങളുടെ ആക്രമണവും കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലാക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്നു.
മലയാളിയെ കടക്കാരാക്കുന്നതില് ആഡംബര വിവാഹങ്ങള്‍ക്കും പങ്കുണ്ട്. ഒരു വിവാഹം നടക്കുന്നതോടെ വധുവിന്റെ വീട്ടുകാര്‍ കടക്കെണിയിലാകുന്നു. സ്വര്‍ണാഭരണങ്ങളെക്കാള്‍ വജ്രാഭരണങ്ങള്‍ക്കാണ് ഡിമാന്റ്. സ്ത്രീധനം കൊടുക്കരുത്-വാങ്ങരുത് എന്നൊക്കെയാണെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് ചെലവിടുന്നത്. വസ്ത്രം, അലങ്കാരങ്ങള്‍, ആഡംബര ഓഡിറ്റോറിയം, വിവാഹസദ്യ… ചെലവ് പലപ്പോഴും നമുക്ക് ഊഹിക്കാവുന്നതിലേറെയായിരുന്നു. വീട്ടുകാര്‍ കടക്കടലില്‍ പതിക്കുന്നു.
കേരളത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന ശരാശരി വിവാഹത്തിനു ശേഷമുള്ള സ്ഥിതിയാണിത്. ഇടത്തരം കുടുംബങ്ങളിലെ വിവാഹമാണ് പലപ്പോഴും സ്വര്ണമയമാകുന്നത്. വില വര്‍ധനവൊന്നും വിവാഹ കമ്പോളത്തിലെ സ്വര്‍ണ്ണ ഡിമാന്റ് കുറച്ചിട്ടില്ല. ഭാരതത്തിലെ സ്വര്ണ്ണക്കച്ചവടത്തിന്റെ പ്രതിവര്‍ഷ ഉപയോഗത്തിന്റെ 20 ശതമാനം കേരളത്തിലാണ്. സംസ്ഥാനത്ത് 5,000 സ്വര്‍ണക്കടകളും 40,000 ആഭരണപ്പണിക്കാരും ഉണ്ട്. ഉദ്ദേശം 500 കിലോ സ്വര്‍ണ്ണം പ്രതിദിനം കേരളത്തില്‍ ആഭരണങ്ങളായി മാറുന്നുണ്ട്. ഇതൊക്കെ കേരളത്തിലെ വിവാഹ കമ്പോളത്തിലെ ചരക്കായി മാറുകയാണ്.
കല്യാണം നടത്തി കടക്കാരായ നിരവധി പേരെ എനിക്കറിയാം. മേനി കാണിക്കാനുള്ള അവസരമായി വിവാഹങ്ങളെ മലയാളി കണക്കാക്കുന്നതു കൊണ്ടാണിത്.
കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്ന പഴഞ്ചൊല്ലുപോലും മലയാളി മറന്നിരിക്കുന്നു. സഹാറ ഗ്രൂപ്പ് ചീഫിന്റെ മകന്റെ കല്യാണം ലക്നൗവില്‍ നടന്നതിന്റെ ചെലവ് 552 കോടിയും കോണ്‍ഗ്രസ് മന്ത്രിയായിരുന്ന കണ്‍വര്‍സിങ് തന്‍വാറിന്റെ മകന്റെ കല്യാണത്തിന് പൊടിച്ചത് 250 കോടിയുമാണല്ലോ എന്നായിരിക്കും വിവാഹവിഷയത്തില്‍ മലയാളി ചിന്തിക്കുന്നത്. എന്തായാലും സംസ്ഥാനത്തെ ഗ്രാമീണ കര്‍ഷക കുടുംബങ്ങളില്‍ 68.07 ശതമാനത്തിനും കടബാധ്യതയുണ്ട്.
ശരാശരി കടവും തിരിച്ചടയ്ക്കാനുളള വായ്പയും ചേര്‍ത്ത് 6,48,734 രൂപയാണ് മലയാളിയുടെ കടനിലവാരം. ഗ്രാമീണ കാര്‍ഷികേതര കുടുംബങ്ങളുടെ ശരാശരി കടത്തിന്റെ തുക 1,41,029 രൂപയാണ്. ജനങ്ങളുടെ കടം പെരുകല്‍ എന്തായാലും സംസ്ഥാനത്തിന് ശുഭകരമായ വാര്‍ത്തയല്ല. ചെലവുകളുടെ കാര്യത്തില്‍ വ്യക്തികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ മലയാളികളുടെ കടം കുറയുവാന്‍ പോകുന്നില്ല.
ആഡംബര ജീവിതത്തിനും വീട് പണി ധൂര്‍ത്തിനും വിവാഹച്ചെലവുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരാള്‍ക്ക് വാങ്ങാവുന്ന വാഹനങ്ങളുടെ എണ്ണത്തിനും ആ വകയിലെ ചെലവിനും പണിയാവുന്ന വീടുകളുടെ വലുപ്പത്തിനും ചെലവിനും സര്‍ക്കാര്‍ പരിധി നിശ്ചയിക്കണം. വ്യക്തികള്‍ എടുക്കുന്ന കടത്തിനും പരിധി കൊണ്ടുവരണം. മലയാളിയുടെ അതിരുകടന്ന ആഡംബര ജീവിതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും കടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ കടത്തിന്റെ പേരിലുള്ള ആത്മഹത്യകളെങ്കിലും ഒഴിവാക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: