ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യമായ തുക അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ജില്ലയിലെ രണ്ടു താലൂക്കുകളില്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും ജനറേറ്ററിന്റെയും വാടകയും ഉദ്യോഗസ്ഥരുടെ ഭക്ഷണവും അലവന്‍സും ഇവയെല്ലാം റേഷന്‍ വ്യാപാരികള്‍ വഹിക്കണമെന്ന നിര്‍ദേശം അഴിമതിയുടെ ഭാഗമാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെയും പൊതുവിഭാഗത്തെയും കണ്ടെത്തി കാര്‍ഡ് പുതുക്കല്‍ നടപടിയുടെ ഭാഗമായുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് ദിവസവും പുതിയ പുതിയ നിര്‍ദേശങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പുതുക്കി വരുന്ന കാര്‍ഡുകള്‍ ഒരു കുടുംബത്തിന്റെ ആധികാരിക രേഖയാകുന്നതോടൊപ്പം സംസ്ഥാനത്ത് നിലനിന്നുപോരുന്ന വ്യാജകാര്ഡുകളും 1997 മുതല്‍ സര്‍ക്കാരില്‍ നിന്നും അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരെ ഒഴിവാക്കി അര്‍ഹരെ കണ്ടെത്തുവാന്‍ ഈ പ്രാവശ്യത്തെ കാര്‍ഡ് പുതുക്കല്‍ പ്രയോജനപ്പെടും. അതിനാല്‍ മുഴുവന്‍ വ്യാപാരികളും കാര്‍ഡ് പുതുക്കല്‍ നടപടിയോട് പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാക്കമ്മറ്റി നിര്‍ദേശിച്ചു.
ജില്ലാ പ്രസിഡന്റ് മോഹന്‍ ഭരണിക്കാവ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്. രാധാകൃഷ്ണന്, ജോസ് കാവനാട്, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള, പത്തിയൂര്‍ അപ്പുക്കുട്ടന്, മുരളി വൃന്ദാവനം, രാജു കട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: