ആലപ്പുഴ: സിപിഐക്ക് വലതുപക്ഷ അധിക്യ സ്വഭാവമാണെന്നും ഈ സാഹചര്യത്തിലാണ് അമ്പത് വര്‍ഷങ്ങള്‍ മുമ്പ് പാര്‍ട്ടി വിപ്ലവകരമായി സംഘടിപ്പിച്ച് സിപിഎമ്മിന് രൂപം നല്‍കിയതെന്ന് ജി. സുധാകരന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് കളങ്കിത വ്യക്തിത്വങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ല. ഏതെങ്കിലും പ്രവര്ത്തകന് ഇത് ലംഘിച്ച് പണം വാങ്ങിയാല്‍ അത് മടക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കളര്‍കോട് കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്ന റിലയന്‍സ് നല്കിയ ഒരുലക്ഷം രൂപയും ആലൂക്കാസ് ജ്വലേഴ്സ് നല്കിയ തുകയും മടക്കി നല്‍കിയതായി സുധാകരന് വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും 72 ലക്ഷത്തോളം രൂപ സംസ്ഥാന സമ്മേളനത്തിന് സംഭാവന നല്‍കിക്കഴിഞ്ഞു.
സിപിഎം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സമ്മേളനം ആലപ്പുഴയിലാണ് നടന്നത്. മൂന്നാമത്തെ സമ്മേളനമാണ് ആലപ്പുഴയില്‍ നടക്കാന്‍ പോകുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മിത തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ഉപയോഗിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം നേതാക്കളായ സജി ചെറിയാന്, ആര്. നാസര്‍, വി.ബി. അശോകന്, എച്ച്. സലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: