കാഞ്ഞങ്ങാട്: കേന്ദ്രസര്‍വ്വകലാശാലയില്‍ മുന്‍ വൈസ് ചാന്‍സിലറുടെ കാലത്ത് നടത്തിയ നിയമനങ്ങളില്‍ പലതും ആവശ്യമായ യോഗ്യത പരിഗണിക്കാതെയെന്ന് പരാതി. നിയമനങ്ങളില്‍ പലതും ചട്ടവിരുദ്ധമാണ്. പ്ലാന്റ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ബോട്ടണി പഠിപ്പിക്കാന്‍ യോഗ്യത ബോട്ടണിയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയുമാണെന്നിരിക്കെ കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ളയാളെയാണ് നിയമിച്ചിട്ടുള്ളത്. ജിനോമിക് സയന്‍സില്‍ അസി.പ്രൊഫസറായി നിയമനം നല്കിയതും ചട്ടവിരുദ്ധമാണെന്ന് ആരോപണമുണ്ട്.
ഭാര്യാ-ഭര്ത്താക്കന്മാരായ ഇവരുടെ നിയമനത്തില്‍ യോഗ്യത തിരുത്തിയായിരുന്നു നിയമനങ്ങള്‍ നടന്നിരുന്നതെന്നും പരാതിയുണ്ട്.
കെമിസ്ട്രി ഡിപ്പാ ര്ട്മെന്റില് ഉയര്‍ന്ന യോഗ്യതയുള്ള ഒരുപാട് പേരുടെ അപേക്ഷയെ മറികടന്നാണ് നിയമനം നടന്നിട്ടുള്ളത്. കേംബ്രിഡ്ജ് യൂണിവേര്സിറ്റിയില് നിന്ന് ഡോക്ടറേറ്റ് നേടുകയും മണ്ണില്‍ നിന്ന് കാന്‍സറിനുള്ള മരുന്ന് വികസിപ്പിച്ചെടുക്കുയും ചെയ്ത ഡോ.നാഗരത്നയെപ്പോലുള്ള യുവശാസ്ത്രജ്ഞയെ തഴഞ്ഞാണ് ബിനിജോര്ജ്ജിന് കെമിസ്ട്രിയില്‍ ഇവിടെ നിയമനം നല്‍കിയിട്ടുള്ളത്.
ക്ലര്‍ക്ക് നിയമനത്തിനായി നടത്തിയ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരെ പിന്തള്ളി ഡപ്യൂട്ടി രജിസ്ട്രാറുടെ മരുമകനായ സന്തുജോണിന് നിയമനം നല്കിയതും രജിസ്ട്രാറുടെ ഭാര്യയുടെ അനധികൃത നിയമനം സ്ഥിരപ്പെടുത്തിയതും നേരത്തെ ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം അനധികൃത പ്രമോഷന് നിയമനം നേടിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റ് മേധാവിയായിരുന്ന ഡോ.ആര്.ഗിരീഷ്കുമാറിന്റെ ഡപ്യൂട്ടേഷന് റദ്ദ് ചെയ്തിരുന്നു. ഇത്തരത്തില്‍ ധാരാളം അനധികൃത നിയമനങ്ങളാണ് മുന്‍ വിസിയുടെ കാലത്ത് സര്‍വ്വകലാശാലയില്‍ നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: