Categories: Kerala

പിന്നോക്ക വിഭാഗങ്ങള്‍ അകലുന്നു :സിപിഎമ്മില്‍ പത്തു ശതമാനത്തിലേറെ കൊഴിഞ്ഞുപോക്ക്

Published by

കൊച്ചി: സംസ്ഥാനത്ത് സിപിഎം അംഗത്വത്തില്‍ വന്‍ കൊഴിഞ്ഞുപോക്ക്. വിവിധ ജില്ലാസമ്മേളനങ്ങളില്‍ അവതരിപ്പിച്ച കണക്കുകളനുസരിച്ചാണിത്. സമ്മേളനങ്ങള്‍ പൂര്‍ത്തിയായ ജില്ലകളിലെ കണക്കനുസരിച്ച് ഒരു ലക്ഷത്തോളം പേര്‍ അംഗത്വം പുതുക്കാന്‍ തയ്യാറായിട്ടില്ല. ഇനി സമ്മേളനം നടക്കാനുള്ള ജില്ലകളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഇത് വര്‍ദ്ധിക്കും.

കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം പത്തുശതമാനത്തിലേറെ വരും.പാര്‍ട്ടി അംഗത്വത്തില്‍ 60 ശതമാനത്തിലേറെപ്പേരും മധ്യവയസ്സ് പിന്നിട്ടവരാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പിന്നാക്ക ഹിന്ദു വിഭാഗങ്ങളില്‍ നിന്നാണ് കൊഴിഞ്ഞുപോക്ക് ഏറെ. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ അംഗത്വം പുതുക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നുണ്ട് എന്നും നേതൃത്വം വിലയിരുത്തുന്നു. വര്‍ഗീയ പ്രീണനം ന്യൂനപക്ഷങ്ങളെ ഒരു പരിധിവരെ ആകര്‍ഷിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ അത് അതൃപ്തിയുണ്ടാക്കി.

കൊഴിഞ്ഞുപോകുന്നവരില്‍ ഒരു വിഭാഗം ബിജെപിയിലാണ് ചേരുന്നത്. സിപിഐ യിലേക്കും ആര്‍എംപി പോലുള്ള ചെറുപാര്‍ട്ടികളിലേക്കും കുറേപ്പേര്‍ പോയിട്ടുണ്ട്്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അംഗത്വം പുതുക്കാതെ നിശബ്ദരായി നില്‍ക്കുകയാണ്.

പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ താഴെത്തട്ടില്‍ ഗ്രൂപ്പുകള്‍ക്കതീതമായി നേതൃത്വത്തിനെതിരെ വികാരം ശക്തമാണ്. ഈ വികാരമാണ് ജില്ലാസമ്മേളനങ്ങളില്‍ പ്രതിഫലിക്കുന്നത്.ജില്ലാ സമ്മേളനങ്ങളില്‍ ഉണ്ടായ ഈ വിമര്‍ശനങ്ങളുടെ ചുവടു പിടിച്ചാണ് പി.ബി അംഗം എം.എ ബേബി കഴിഞ്ഞ ദിവസം കോട്ടയത്ത് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിച്ചത്.

സ്ഥാനമോഹികളും നിക്ഷിപ്ത താത്പര്യക്കാരും മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. പാര്‍ട്ടി പരിപാടിയിലോ നയത്തിലോ ആകൃഷ്ടരായി ആരും അംഗത്വമെടുക്കുന്നില്ല. പുതിയ അംഗങ്ങളെ ആകര്‍ഷിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളും ജില്ലാ സമ്മേളനങ്ങളില്‍ ഉയരുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പോഷക സംഘടനകളില്‍ എന്‍ജിഒ യൂണിയന്‍ മാത്രമാണ് കുറച്ചെങ്കിലും ലക്ഷ്യം കാണുന്നത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിളാ അസോസിയേഷന്‍ തുടങ്ങിയവ ചില ജില്ലകളില്‍ നിര്‍ജ്ജീവമാണെന്നും ചൂണ്ടിക്കാട്ടുന്നു.എം.എല്‍.എമാര്‍ എം. പിമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ഒരാള്‍ പോലും അംഗത്വം പുതുക്കാത്ത ബ്രാഞ്ചുകളും ഇക്കുറിയുണ്ട്. തൃശ്ശൂര്‍ കിഴക്കേകോട്ട ബ്രാഞ്ചില്‍ ഒരാള്‍ പോലും അംഗത്വം പുതുക്കാന്‍ തയ്യാറായിട്ടില്ല. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയുടെ ബ്രാഞ്ചാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by