കോഴിക്കോട്: സംസ്കൃതമെന്നാല്‍ ഇവര്‍ക്ക് ആകാശവാണിയിലെ സംപ്രതി വാര്‍ത്താഃ ശ്രൂയന്താം മുതല്‍ ഇതി വാര്‍ത്താഃ വരെയല്ല. സംസ്കൃതം വീട്ടിലെ സംസാരഭാഷയാണ്. കൊല്ലം പാരിപ്പള്ളി അമൃത ഹയര്‍സെക്കന്ററി വിദ്യാലയത്തിലെ അധ്യാപക ദമ്പതികളായ വി.ജെ. ശ്രീകുമാറും സറീന. എസ്. പിള്ളയും മക്കളായ അനന്തകൃഷ്ണന് എം.എസ്, കാവ്യശ്രീ. എസ് എന്നിവരും അടങ്ങുന്നതാണ് ആ സംസ്കൃത കുടുംബം.
സ്കൂള്‍ കലോത്സവത്തില്‍ സമസ്യാപൂരണത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ അനന്തകൃഷ്ണന് സംസ്കൃത നാടകത്തില്‍ മുഖ്യ വേഷം ചെയ്യുന്നു. സംസ്കൃതം കാവ്യരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാവ്യശ്രീ സംസ്കൃത പ്രഭാഷണം, അക്ഷര ശ്ലോകം, സംസ്കൃത സംഘഗാനം എന്നിവയിലും മത്സരിക്കുന്നുണ്ട്.
കഠിനകഠോരഭാഷയെന്നും മൃതഭാഷയെന്നും പുച്ഛിക്കുന്നവരുണ്ടാകാമെങ്കിലും സംസ്കൃതത്തിന്റെ വഴിയിലാണ് ഈ കുടുംബം. സരളസംസ്കൃത സംഭാഷണശിബിരങ്ങളിലൂടെ കേരളത്തിലുടനീളം സഞ്ചരിച്ച് സംസ്കൃത പ്രചാരണം നടത്തിയ ശ്രീകുമാര്‍ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനാണ്. സറീന പിള്ള ജീവിതത്തിലും സംസ്കൃത പ്രചാരണത്തിലും ശ്രീകുമാറിന് സഹധര്‍മ്മിണിതന്നെ.
വീട്ടിലെ ഈ സംസ്കൃത സാന്നിധ്യമാണ് തങ്ങളെ ഏറെ സ്വാധീനിച്ചതെന്ന് അനന്തകൃഷ്ണനും കാവ്യശ്രീയും പറയുന്നു. മലയാളം പോലെ സംസ്കൃതം സംസാരിക്കാനും എഴുതാനും വായിക്കാനും ശീലിക്കാന്‍ മലയാളിക്ക് കഴിയുമെന്ന് ശ്രീകുമാര്‍ പറയുന്നു. കുട്ടികളെ സംസ്കൃത സാഹിത്യവും നാടകവുമായി അടുപ്പിച്ചാല്‍ അത് എളുപ്പമാവും. പാരമ്പര്യത്തിന്റെ വിശുദ്ധി കളയാതെ തന്നെ ഭാഷ പഠിപ്പിക്കുന്നതില്‍ പുതിയ സാങ്കേതിക രീതികള്‍ സ്വീകരിക്കാന്‍ മടിക്കരുതെന്നും ശ്രീകുമാര്‍ വിശദീകരിക്കുന്നു.
സംസ്കൃതത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര വിരുദവും ബിഎഡും നേടിയ ദമ്പതികള്‍ പത്തനംതിട്ട സ്വദേശികളാണ്. ഇപ്പോള്‍ പാരിപ്പള്ളിയിലാണ് ഈ സംസ്കൃത കുടുംബം താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: