കൊട്ടാരക്കര: മയിലാടും മലപത്തൂര് സംരക്ഷണ സമരം റിപ്പബ്ലിക്ക് ദിനത്തില്‍ നാനൂറ്റിഇരുപത് ദിനങ്ങള്‍ പിന്നിടുന്നു. സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദിയും പരിസ്ഥിതി സംഘടനകളും.
പിറന്ന മണ്ണില്‍ ശുദ്ധവായുവും വെള്ളവും ലഭിക്കുവാനും വരും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും വേണ്ടി ക്രഷര്‍ പാറ മാഫിയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ വെളിയം മാലയില്‍ മലപ്പത്തൂരിലെ ജനത നടത്തുന്ന സമരമാണ് 420 ദിവസം പിന്നിടുന്നത്. മാഫിയകളില്‍ നിന്ന് സമരക്കാര്‍ക്ക് നേരെയും 160 ഏക്കറോളം വരുന്ന മലയിലെ വാസക്കാരായ മയിലുകള്‍ക്കും നേരെ ആക്രമണം രൂക്ഷമായതോടെ പരിസ്ഥിതി സംരക്ഷണസമരത്തിന് ഹിന്ദുഐക്യവേദി രംഗത്തെത്തി.
തൊട്ടടുത്തുളള നൂറ് ഏക്കറോളം വരുന്ന മുട്ടറ മരുതിമല സംരക്ഷിക്കാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഐതിഹാസികമായ സമരം നടത്തി വിജയിച്ചതിന്റ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഐക്യവേദി ഭാരവാഹികള്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പഠനത്തിന്ശേഷം സമരം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.വി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സമരസമിതിയുമായി യോജിച്ച സമരത്തിനാണ് ഐക്യവേദി നയിക്കുന്നത്.
ക്രഷര്‍ യൂണിറ്റിനുവേണ്ടി കെട്ടിട നിര്‍മ്മാണത്തിന് അനുമതി മേടിച്ച് എംസാന്റ്, പാറപ്പൊടി നിര്‍മ്മാണ യൂണിറ്റാരംഭിക്കാന് കമ്പനി നീക്കം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്. ചില രാഷ്ട്രീയക്കാരും പരിസ്ഥിതിസംഘടനകള്‍ എന്നവകാശപ്പെടുന്നവരും സമരത്തിന് പിന്തുണയുമായെത്തിയെങ്കിലും ക്രഷര്‍ മാഫിയയുടെ പ്രലോഭനത്തില്‍ പെട്ടും ഭീഷണിമൂലവും വന്ന വഴിക്ക് മടങ്ങി.
പരിസ്ഥിതിമനുഷ്യാവകാശ സംരക്ഷണ സമിതി മാത്രം സമരരംഗത്ത് ഉറച്ച് നിന്നു. ഇവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നെങ്കിലും നിയമത്തിന്റെയും സമരത്തിന്റെയും ഇവര്‍ മുന്നോട്ട് പോയി. ഇവരുടെ കൂടി അഭ്യര്‍ത്ഥനമാനിച്ച് ഹിന്ദുഐക്യവേദി കൂടി രംഗത്തെത്തിയതൊടെ സമരം ശക്തമായി. പാറമാഫിയ തുരത്തി പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുംവരെ സമരരംഗത്ത് തുടരാന്‍ ജില്ലാകമ്മറ്റി തീരുമാനമെടുത്തതോടെ സംസ്ഥാന നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
ഇതോടെ അധികാര കേന്ദ്രങ്ങള്‍ നല്കുന്ന അവിശുദ്ധ പിന്തുണക്ക് കുറവ് അനുഭപ്പെട്ടുതുടങ്ങി. കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിക്കാനോ സ്ഥലം സന്ദര്‍ശിക്കാന്‍ പോലുമോ കൂട്ടാക്കാത്ത കൊല്ലം ആര്‍ഡിഒയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്. സ്ഥലം സന്ദര്‍ശിച്ച തഹസീല്‍ദാരെ പ്രതിഷേധസൂചകമായി സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. അനുകൂല റിപ്പോര്‍ട്ട് ഉണ്ടാകുമെന്നും ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കുമെന്നും അന്ന് നല്കിയ ഉറപ്പ് 110 ദിവസം പിന്നിട്ടിട്ടും പാലിച്ചിട്ടില്ല.
പ്രദേശവാസിയായ ആര്‍ഡിഒ എന്നും ഔദ്യോഗിക വാഹനത്തില്‍ ഇതുവഴി സഞ്ചരിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാത്തത് പാറമാഫിയയുടെ സ്വാധീനം മൂലമാണെന്ന ആക്ഷേപം ശക്തമാണ്. റവന്യൂവിഭാഗവും പഞ്ചായത്ത് ഭരണക്കാരും കമ്പനിയുടെ ഒപ്പമാണ്. വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് മാത്രമാണ് സമരക്കാര്‍ക്ക് അനുകൂലമായുള്ളത്. കമ്പനി തുടങ്ങിയാല്‍ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം കുടിവെള്ളക്ഷാമമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത് പ്രവര്‍ത്തിക്കുന്നതിന് ഒരുദിവസം രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. ഇതെവിടെ നിന്നാണെന്ന സമരക്കാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കമ്പനിക്കോ അധികാരികള്‍ക്കോ കഴിയുന്നില്ല. മയിലുകളുടെ ആവാസസ്ഥാനം തകര്‍ത്തതിനും അവയെ കൊന്നതിനും ഫോറസ്റ്റുകാര് എഫ്ഐആര്‍ എഴുതി കേസെടുത്തെങ്കിലും ഇപ്പോള്‍ ഈ എഫ്ഐആറും കാണാനില്ലന്നാണ് പരാതി. മിച്ചഭൂമി സംബന്ധിച്ച് കേസ് നിലവിലുണ്ടെങ്കിലും ഇതിന്റെ സ്ഥിതിയും വിപരീതമല്ല. പ്രമാണം രജിസ്റ്റര്‍ ആക്കുന്നതുതന്നെ ഹൈക്കോടതിയിലുള്ള കേസ് തീര്‍ന്നു എന്നുപറഞ്ഞാണ്. എന്നാല്‍ ഗവണ്മെന്റ് കക്ഷിയായ കേസ് ഇപ്പോഴും നിലവിലുള്ളതായി സമരക്കാര്‍ വ്യക്തമാക്കുന്നു. ഈ കൃത്രിമങ്ങളെല്ലാം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
പ്രകൃതിയുടെ വരദാനമായ ഈ സ്ഥലം സംരക്ഷിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ ആയൂര്‍വേദ ഔഷധതോട്ടം സ്ഥാപിച്ചാല്‍ വരും തലമുറക്കും ആയുര്‍വേദത്തിനും വലിയ നേട്ടമായിരിക്കും. അപൂര്‍വയിനം ഔഷധസസ്യങ്ങളുടെ കേന്ദ്രമായ വൈദ്യന്‍കുന്ന് ഇതിന്റ ഭാഗവുമാണ്. ഇവിടെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ഒരാളെപോലും കുടിയിറക്കാതെ എയിംസ് സ്ഥാപിക്കാന്‍ ഇത്രയധികം സ്ഥലം ഉണ്ടായിട്ടും ജില്ലാഭരണകൂടം ഈ സ്ഥലത്തിന്റെ ലിസ്റ്റ് പോലും നല്കാന് കൂട്ടാക്കാത്തതും ദൂരൂഹതയുണര്‍ത്തുന്നു. ബിജെപി വെളിയം പഞ്ചായത്ത് സമിതിയും സമരത്തിന് പൂര്‍ണപിന്തുണ നല്കി ക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: