ക്ഷേത്രപ്രവേശനവിളംബരം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അയിത്താചരണം ഇരുള്‍പടര്‍ത്തിയ വഴികളില്‍നിന്ന് വിശ്വാസത്തിന്റെ കോവിലുകള്‍ തേടി ഒരു ജനത ആത്മവിശ്വാസത്തോടെ നടന്നുതുടങ്ങിയ കാലം. പുതിയ ശീലങ്ങളോട് പൊരുത്തപ്പെടാത്ത പഴമനസ്സുകള്‍ക്കും സ്വാതന്ത്ര്യത്തിന്റെ കരുത്തില്‍ ആത്മവിശ്വാസം നേടിയ പുതുതലമുറയും ഒരുപോലെ മാറ്റത്തിന്റെ ഉന്മേഷത്തിലായിരുന്നു. പന്തിഭോജനവും ക്ഷേത്രപ്രവേശനവും പൊതുവഴിയിലൂടയുള്ള സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം നവോത്ഥാനത്തിലേക്കുള്ള കൈവഴികളായിരുന്ന കാലം.
ആ കാലത്താണൊരിക്കല് മഹാത്മജി കൊട്ടാരക്കരയിലെത്തുന്നത്. നഗ്നപാദനായി പിന്നാക്കവിഭാഗത്തില്‍പെട്ട രണ്ട് സഹോദരന്മാരെ തോളില്‍ ചേര്‍ത്തുപിടിച്ച് ജാഥ നയിച്ചെത്തുന്ന വ്യക്തിയെ കണ്ട് തൃക്കണ്ണമംഗല്‍ ഗ്രാമം ആദ്യം അമ്പരന്നു. അറിഞ്ഞവര്ക്കും പറഞ്ഞവര്‍ക്കും കണ്ടവര്‍ക്കും കേട്ടവര്‍ക്കും അവരവരെത്തന്നെ വിശ്വസിക്കാനായില്ല. ആ യാത്ര നിന്നത് തൃക്കണ്ണമംഗല്‍ ക്ഷേത്ര നടയിലായിരുന്നു. അധഃസ്ഥിതജനതയുടെ അവകാശങ്ങള്‍ക്കായി തൃക്കണ്ണമംഗല്ക്ഷേത്രത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്തിരുന്ന കടലായ്മന മഠത്തിലെ നമ്പൂതിരിമാര്‍ കാട്ടിയ വിശാലമനസ്കതയും ആ വിപ്ലവത്തിന്റെ മാറ്റ് കൂട്ടുന്നു. ആ മഹത്തായ വിളംബരത്തിന്റെ എഴുപത്തിയെട്ടാം വാര്ഷികാഘോഷത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ തൃക്കണ്ണമംഗല്‍.
ചരിത്രത്തില്‍ ഈ പ്രഖ്യാപനത്തിന്റ പ്രാധാന്യം ഏറെയാണെങ്കിലും അത് അനുസ്മരിക്കാനോ ആഘോഷിക്കാനോ ഏറെ യൊന്നും ആളുകള്‍ മുന്നോട്ടുവന്നിട്ടില്ല. 1937 ജനുവരി 21നാണ് തൃക്കണ്ണമംഗല്‍ ക്ഷേത്രവും കടലായ്മനയുടെ ഉടമസ്ഥതയിലുള്ള 17 ക്ഷേത്രങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ട് ഗാന്ധിജി മഹത്തായ വിളംബരം നടത്തിയത്. കടലായ്മഠത്തിലെ കാരണവരായിരുന്ന മൂര്‍ത്തി നാരായണന് നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്. രാവിലെ ഏഴ് മണിക്ക് കൊട്ടാരക്കര ടിബി ജംഗ്ഷനില്‍ നിന്നും ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയോടൊപ്പം രണ്ട് പിന്നാക്കവിഭാഗക്കാരുടെ തോളില്‍ കൈയ്യിട്ട് ഗാന്ധിജി ചരിത്രയാത്ര ആരംഭിച്ചു.
ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും എല്ലാ വിഭാഗക്കാരും അണിനിരന്ന ജാഥയുടെ നീളവും കൂടി. ക്ഷേത്രനടയിലെത്തി പിന്നാക്ക വിഭാഗക്കാരായ ആ രണ്ട് സഹോദരങ്ങളെയുംകൂട്ടി ഗാന്ധിജി ക്ഷേത്രത്തിനുള്ളില്‍ക്കടന്ന് ഇനി മുതല്‍ എല്ലാവിഭാഗക്കാര്‍ക്കും ഇവിടെയും മറ്റ് പതിനേഴ് ക്ഷേത്രങ്ങളിലും ആരെയും ഭയക്കാതെ ആരാധന നടത്താം എന്ന് പറഞ്ഞ് ചെറു പ്രസംഗവും നടത്തി. കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്നതില്‍ ഈ സംഭവം വഴിതെളിച്ചു. ഗാന്ധിജി ജാഥ നയിച്ച സ്ഥലം ഗാന്ധിമുക്കായി ഇന്നും അറിയപെടുന്നു.
ഗാന്ധിജി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു; ‘ഈ സ്വകാര്യക്ഷേത്രം തുറന്ന് കൊടുക്കുന്നതിന് എന്നെ ക്ഷണിച്ചത് ആഹ്ളാദം ഉളവാക്കുന്നു. നമ്മുടെ സ്നേഹിതനായ കെ.എം.എം. നാരായണന് നമ്പൂതിരിപ്പാട് എന്റ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ക്ക് പാത്രമാണ്. മഹാരാജാവ് തിരുമനസ് കൊണ്ട് കാണിച്ച മഹത്തായ മാത്യകയെ അനുകരിക്കുന്നതിന് നമ്പൂതിരിപാട് തുനിഞ്ഞതിന് അദ്ദേഹത്തെ അനുമോദിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ എന്നോടൊപ്പം പങ്കുചേരുമെന്നതില്‍ ഞാന്‍ ആഹ്ളാദിക്കുന്നു. ഇതുകൊണ്ട് നമ്പൂതിരിപ്പാട് ഹിന്ദുമതത്തിന്റ മഹത്തായ പാരമ്പര്യങ്ങള്ക്കൊത്ത് ജീവിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഈ ക്ഷേത്രവും ഇതുപോലെ തന്റെ അധീനതയിലുള്ള മറ്റ് പതിനേഴ് ക്ഷേത്രങ്ങളും ഉടനെ തന്നെ തുറന്ന് കൊടുക്കുകയും അങ്ങനെ ഹിന്ദുമതത്തെ ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രിയകളില്‍ നമ്പൂതിരിപാട് വ്യക്തമായ സേവനങ്ങള്‍ അനുഷ്ഠിച്ചിരിക്കുകയുമാകുന്നു. ഈ ക്ഷേത്രം തുറന്ന് കൊടുക്കുന്നതില്‍ എനിക്ക് അത്യധികം സന്തോഷമാണുള്ളത്.’
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കണ്ണമംഗല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഗരുഢനും നാഗദൈവങ്ങളും ഒരുമിച്ച് പ്രതിഷ്ഠയുള്ള ക്ഷേത്രം എന്ന പ്രത്യേകയുമുണ്ട്. ഇവിടുത്തെ രണ്ടേക്കറിലധികം വരുന്ന ക്ഷേത്രക്കുളം ഐതിഹ്യ പ്രസിദ്ധമാണ്. ഗജേന്ദ്രന് മഹാവിഷ്ണു മുതലയുടെ പിടിയില്‍ നിന്ന് മോചനമേകി മോക്ഷം നല്‍കിയത് ഇവിടെയാണെന്നാണ് വിശ്വാസം.
കടലായ് മനയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറുകയായിരുന്നു. നിരവധി സാമൂഹ്യപരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു മനയിലെ അവസാനത്തെ കാരണവരായിരുന്ന മൂര്‍ത്തി നാരായണന് നമ്പൂതിരിപ്പാട്. അപൂര്വതാളിയോലകള് ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഈ മനയില്‍ ഉണ്ടെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: