ദൈവനിശ്ചയം, കര്‍മഫലം, കാവ്യനീതി എന്നൊക്കെ കേട്ടിട്ടില്ലേ? എന്താണത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ജനു. 14ന് പുറത്തിറങ്ങിയ മിക്കവാറും പത്രങ്ങള്‍ കാണുക. എല്ലാത്തിന്റെയും ഒന്നാം പേജില്‍ നിങ്ങള്‍ക്കൊരു ചിത്രം കാണാം. അതി മനോഹരമായ ചിത്രം, ഒരുപാട് കഥപറയുന്ന ചിത്രം; മറ്റൊരുപാട് ഓര്‍മകള്‍ തുള്ളിത്തുളുമ്പുന്ന ചിത്രം. ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പം പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെകണ്ട് കാര്യം അവതരിപ്പിച്ചശേഷമുള്ള ചിത്രമാണത്. മൂവരുടെയും ശരീര ഭാഷ കണ്ടാല്‍ തന്നെ സ്ഥിതിഗതികള്‍ നമുക്ക് മനസ്സിലാക്കാം. ഇനി കാവ്യനീതിയിലേക്ക്.
അധികം വര്‍ഷങ്ങള്‍ക്ക് മുമ്പൊന്നുമല്ല, ഇന്ദ്രപ്രസ്ഥത്തില്‍ ഒരു സമ്മേളനം നടക്കുന്നു. നാടിന്റെ ഭരണച്ചുമതലയുള്ള സകല മുഖ്യമന്ത്രിമാരും അവിടെ എത്തിയിരുന്നു. അന്ന് നമ്മുടെ കേരള മുഖ്യമന്ത്രി അച്യുതാനന്ദന്. അങ്ങ് ഗുജാറാത്തില്‍ അതേ സ്ഥാനത്ത് നരേന്ദ്രമോദി. പരിപാടിക്കെത്തിയവര്‍ക്ക് ഹസ്തദാനം നല്കുന്ന കൂട്ടത്തില്‍ നമ്മുടെ അച്യുതാനന്ദന്റെ നേരെയും നരേന്ദ്രമോദിയുടെ കൈ നീണ്ടു. എന്നാല്‍ ആലുവാമണപ്പുറത്ത് വെച്ച് കണ്ട പരിചയഭാവം പോലുമില്ലാതെ അച്യുതാനന്ദന്റെ ഉള്ളില്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയവൈറസുകള് ഉണര്‍ന്നു. ആ കൈയുടെ സ്നേഹത്തിന്റെ ഊഷ്മളതയെ മറികടന്നുകൊണ്ട് അച്യുതാനന്ദന് മറ്റെങ്ങോ നോക്കി നിന്നു. അതിനവിടെ സുല്ല്. ഇപ്പോള്‍ ഇങ്ങ് കേരളത്തില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയിരിക്കുന്നു.
അദ്ദേഹമിപ്പോള്‍ പ്രധാനമന്ത്രി. ഉള്ളില്‍ അസഹിഷ്ണുതയുടേയും അസ്വസ്ഥതയുടെയും രാഷ്ട്രീയ വൈറസുകള്‍ സജീവമാകുമ്പോഴും നടപടിക്രമങ്ങള്‍ മാറ്റാനാവാത്തതിന്റെ ജാള്യം ഇരുവരുടെയും മുഖങ്ങളില്‍ കാണാം. എന്നാല്‍ നരേന്ദ്രമോദിക്ക് ഒരു ഭാവവ്യത്യാസവുമില്ല. അന്നും ഇന്നും സ്നേഹസമ്പന്നന്. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിനുടമ. ആ ഫോട്ടോയും (മാതൃഭൂമി) അതിന്റെ പശ്ചാത്തലത്തില്‍ കേരളകൗമുദി യില്‍ വന്ന കാര്‍ട്ടൂണും കാണുക. ആരു പറഞ്ഞു ദൈവം ഇല്ലെന്ന്? (ദൈവനിഷേധികള്‍ മാപ്പാക്കണം, പ്രകൃതിയെന്ന് തിരുത്തി വായിക്കണം).
കൂട്ടംകൂടി മേയുന്ന ആട്ടിന്പറ്റത്തില് നിന്ന് ഒരാട്ടിന്‍കുട്ടി വഴിതെറ്റിയാല്‍, വഴിതെറ്റിപ്പോയാല്‍ ആട്ടിടയന് അസ്വസ്ഥനാവും. അതിനെ എങ്ങനെയും തിരികെ കൊണ്ടുവരും. അതോടെയേ അയാള്‍ക്ക് സമാധാനമാവൂ.
ആട്ടിന്‍പറ്റം പോലെയല്ലെങ്കിലും തല്ക്കാലം അങ്ങനെയൊരു ഉപമ ആവാം. ഘര്‍ വാപസി എന്ന വാക്ക് എന്തോ ഭീകരപദം പോലെയാണല്ലോ. അതിന്റെ മര്‍മ്മമറിയുന്നവരും അറിയാത്തവരും വായില്‍ തോന്നിയത് കോതയ്ക്ക് എന്ന് തരത്തിലാണ് വെച്ചുകാച്ചുന്നത്. ഹിന്ദുസമൂഹം തങ്ങളുടെ അസംസ്കൃത വസ്തുവാണെന്നും അത് ഏതു രൂപത്തിലും ഭാവത്തിലും പരുവപ്പെടുത്താന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും കരുതുന്നവരാണ് വാളും പരിചയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അവരോട് എങ്ങനെ എതിരിടേണ്ടൂ എന്നുശങ്കിച്ചു നില്ക്കുന്നവര്ക്കുവേണ്ടി ആര്. ഹരി അക്ഷരായുധം നല്കുന്നു, മലയാള മനോരമ യിലൂടെ. ജനു. 13 ലെ പത്രത്തിന്റെ കാഴ്ചപ്പാട് പേജില്‍ നിങ്ങള്‍ക്കത് വായിക്കാം. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ തേടിപ്പിടിച്ച് വായിക്കണം. തെളിനീരിന്റെ ശുദ്ധിയും കുളിര്‍മയുമുള്ള ആ ലേഖനം വായിക്കുമ്പോള്‍ ഉത്തവാദിത്തമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ഹൃദയം കാണാം.
ആ ഹൃദയത്തില്‍ നിന്ന് സ്നേഹസമ്പന്നമായ മന്ദമാരുതന് നമ്മെയൊക്കെ തൊട്ടുതഴുകിപ്പോവുന്നത് അനുഭവിക്കാം. വാഗ്ധോരണിയാല്‍ ആരെയും അടിച്ചിരുത്തുന്നില്ല, സ്നേഹത്തോടെ ആശ്ലേഷിച്ച് കാര്യം പറഞ്ഞുപോകുന്നു. കൂട്ടം തെറ്റി മേഞ്ഞു നടന്നവര്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ എന്നാണ് തലക്കെട്ട്. ശ്രദ്ധിക്കുക, കൂട്ടം തെറ്റി എന്നേ പറഞ്ഞിട്ടുള്ളു. തെറ്റിച്ച് എന്നല്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. സ്നേഹനിര്‍ഭരമായ വൈകാരികധിഷണയുടെ കരുത്ത് അതിലുണ്ട്. അതാണ് നേരത്തെ സൂചിപ്പിച്ചത്. ആരെയും അടിച്ചിരുത്താനല്ല ആര്.ഹരി ശ്രമിക്കുന്നതെന്ന്. ഹൈന്ദവ സ്വത്വത്തിന്റെ ഹരിതാഭമായ മുഖമാണതിനുള്ളത്. ആശ്ലേഷിച്ചടുപ്പിക്കുന്ന ആ സ്വഭാവം ചൂഷണം ചെയ്ത് കത്തി കയറ്റുന്ന പാരമ്പര്യമുള്ളവര്‍ക്ക് കരുത്തിന്റെ വജ്ര സ്വഭാവം കാണാം. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല.
ഹരിയുടെ ദര്‍ശനത്തിന്റെ വ്യാപ്തി അറിയാന്‍ നാലുവരി കണ്ടാലും: ഹിന്ദുമതം, ഭാരതം എന്ന ഭൂവിഭാഗവുമായി വേര്‍പിരിക്കാന്‍ പറ്റാത്ത വിധം കൂടിച്ചേര്ന്നിട്ടുള്ളതാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാന മുതല്‍ നിരവധി ഹിന്ദു ആത്മീയകൃതികളില് ഭാരതത്തിന്റെ മഹത്വം എണ്ണിപ്പറയുന്നു. വിശ്വത്തെ ഒരു കിളിക്കൂടായും ഭൂമിയെ മാതാവായും ഭാരതത്തെ മോക്ഷഭൂമിയായും കാണുന്നു എന്നത് ഹിന്ദുദര്‍ശനങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഭാരതഭൂമിയെ വിട്ടിട്ടുള്ള ആദ്ധ്യാത്മിക ജീവിതം ഹിന്ദുവിന് സാധ്യമല്ല. അതിനാല്‍ ഹിന്ദുവിന്റെ മതംമാറ്റത്തിനു വ്യക്തിയുടെ തലം മാത്രമല്ല രാഷ്ട്രത്തിന്റെ മാനം കൂടി കൈവരുന്നു. അതിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ നാട്ടുവഴികളില്‍ നിന്ന് ഒച്ചയെടുത്തിട്ട് കിം ഫലം എന്നേ നമുക്ക് ചോദിക്കാനാവു.
ആര്. ഹരി പറഞ്ഞത് എന്ത് എന്ന് തന്റെ വിശ്വാസം കൊണ്ടും പാണ്ഡിത്യം കൊണ്ടും വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ പിന്നെയും വീതിയില്ലാത്ത നാട്ടിടവഴികളില്‍ കൂടി തന്നെയാണ് നടക്കുന്നത്. ബഹുമാന്യ മാര്‍ ജോസഫ് പൗവത്തിലും അതില്‍പ്പെടും. അദ്ദേഹം അതേ പത്രത്തില്‍ അതേ പംക്തിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇതാ: ഘര്‍വാപസിയും രാഷ്ട്രീയ തന്ത്രങ്ങളും. ഇടുങ്ങിയ വിശകലനത്തിന്റെ നേര്പകര്പ്പിന് നാലുവരി വായിക്കുക: ഘര്‍വാപസി പ്രഖ്യാപിച്ചിരിക്കുന്ന കൂട്ടരുടെ വിചാരം ഒരു ദേശത്ത് ഒരു മതമേ ആകാവൂ, മറ്റു മതങ്ങള്‍ സ്വീകരിക്കുന്നവര്‍ മറുനാട്ടുകാരാണ് എന്നതാണെന്ന് തോന്നുന്നു.
ഓരോ ദേശവും ഓരോ മതസ്ഥര്‍ക്കായി അങ്ങനെ തീറെഴുതിക്കൊടുക്കാന്‍ പറ്റുമോ? അഭിവന്ദ്യ പൗവത്തിലിനോടും ഏഴൈപാവങ്ങള്ക്ക് ചോദിക്കാനുള്ളതും അതാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതിന്റെ അര്‍ത്ഥം തന്റെ തൊട്ടയല്‍ക്കാരനെ മാത്രം സ്നേഹിച്ചാല്മതി എന്നാവുമോ? പൗവത്തിലിന്റെ വിശ്വാസമനുസരിച്ച് അങ്ങനെയാവും. ഭാരതീയദര്‍ശനം അങ്ങനെയല്ല.
ആഗോള മുസ്ലിം പണ്ഡിതസഭാ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വിസിയുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ഇതേ വിഷയത്തില്‍ അതേ പത്രത്തില്‍, പംക്തിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: വീട്ടില്‍ നിന്നു പടിയിറക്കരുത്. സ്വന്തം വീട്ടില്‍ നിന്നോ വാടക വീട്ടില്‍ നിന്നോ എന്ന് പറയുന്നില്ല. എങ്കിലും മാര്‍ ജോസഫ് പൗവത്തിലിന്റെ അസഹിഷ്ണുതാ വൈറസ് നദ്വിയില്‍ അത്ര സജീവമല്ല എന്നു തോന്നാം. എങ്കിലും അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഭാഗ്യവശാല്‍ അതിനുള്ള മറുപടിയും ലേഖനത്തിലുണ്ട്. ഒടുവില്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും മതമുള്ളവനും ഇല്ലാത്തവനും കൈകോര്‍ക്കുമ്പോഴേ രാജ്യത്തിന്റെ മതേതര മൂല്യത്തിനു തിളക്കമുണ്ടാകൂ. ഈ മതേതരമൂല്യം എന്നു പറയുന്ന സാധനം ഹൈന്ദവദര്‍ശനത്തിന്റെ ആഴമളക്കാന്‍ പറ്റാത്ത അഗാധതയില്‍ എന്നേ വേരുറച്ചുപോയതാണെന്ന് ഈ മഹിതാശയന്മാരെ ആര് പറഞ്ഞ് മനസ്സിലാക്കും.
ഏതായാലും മനോരമ പത്രാധിപര്‍ ഈ ലേഖനങ്ങള്‍ കൊടുത്തതിനെ അഭിനന്ദിക്കാം. ഒപ്പം ജോസഫ് പൗവത്തിലിന്റെ ലേഖനത്തിന് മാത്രം ഇടതലക്കെട്ടുകള് കൊടുത്തതിനെ കൂടുതല്‍ അഭിനന്ദിക്കാം. സ്വത്വബോധത്തിന്റെ തിരയടിയില്‍ നിന്ന് പത്രാധിപരായാലും മാറി നില്ക്കാനാവുമോ? നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുമ്പോള്‍ ഇത്തിരികൂടിയും കുറഞ്ഞും പോവാം. ഏതായാലും ആര്. ഹരിക്കെതിരെ രണ്ടുകൂട്ടരും ഒരേ ആയുധം രണ്ടു രീതിയില്‍ മൂര്‍ച്ചകൂട്ടിയിരിക്കുന്നത് വിവേകമതികളായ കാലികവട്ടം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നൊരു കുഞ്ഞ് അപേക്ഷയുണ്ട്.
സര്‍ഗവസന്തം കോഴിക്കോടിനെ ആടയാഭരണങ്ങള്‍ അണിയിച്ച് ഭാവോജ്വലമാക്കിയിരിക്കുകയാണ്. ഒരാഴ്ചക്കാലം അങ്ങനെ പോവും. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂള്‍ കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വാരികയില്‍ സുകുമാരന്‍ പെരിയച്ചൂരിന്റെ തകര്‍പ്പന്‍ ലേഖനം. കലോത്സവം ആര്‍ക്കുവേണ്ടി? എന്നാണ് ആ മാതൃകാ അദ്ധ്യാപകന് ചോദിക്കുന്നത്. 1956 ല്‍ എറണാകുളം എസ്ആര്‍വി ഹൈസ്കൂളില്‍ 200 മത്സരാര്‍ത്ഥികള്‍ മാത്രം പങ്കെടുത്ത് നടത്തിയ ഈ മേള ഇന്ന് പതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന വമ്പന്‍ മേളയായി.
സ്നേഹവും ഇഴയടുപ്പവും സൗമനസ്യവും കാരുണ്യവും കൈകോര്‍ത്ത് നിന്നിരുന്ന മേള ഒടുവിലൊടുവില്‍ എന്തായി എന്ന് സുകുമാരന്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു. സന്തോഷത്തിന്റെ അന്തരീക്ഷമല്ല എവിടെയും. പകയുടെയും വിദ്വേഷത്തിന്റെയും കരച്ചിലുകളുടെയും ആക്രോശങ്ങളുടെയും കുത്തുവാക്കുകളുടെയും ഇരമ്പലുകളാണ് കലോല്‍സവ വേദികളിലെങ്ങും കാണാന്‍ കഴിയുക. ഇതിനൊരു മാറ്റം സാധ്യമാണെങ്കില്‍ എങ്ങനെ എന്നതിനെക്കുറിച്ചും സുകുമാരന്‍ പറയുന്നുണ്ട്. ഒപ്പം വി. ഉണ്ണികൃഷ്ണന് മാസ്റ്ററുടെ ലേഖനവുമുണ്ട്. കലോല്‍സവം: വേണം ഒരു ഉടച്ചുവാര്‍ക്കല്‍. (കേസരി, ജനു. 09)
പ്രതികരിക്കാൻ ഇവിടെ എഴുതുക: