ചാത്തന്നൂര്‍: നിര്‍മ്മാണത്തിലെ അപാകത മൂലം ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് റാമ്പ് നിര്‍മ്മാണം നിലച്ചു. വര്‍ക്ക്ഷോപ്പിലെ റാമ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിത്തറ ഒരാഴ്ച മുന്‍പ് പെയ്ത ചാറ്റല്‍ മഴയില്‍ തകര്‍ന്ന് വീണതോടെയാണ് പൊതുമരാമത്ത് പണികളില്‍ നടക്കുന്നത് നഗ്നമായ അഴിമതിയാണെന്ന് പുറംലോകം അറിയുന്നത്.
ഡിപ്പോയുടെ ആരംഭം മുതലുള്ള ആവശ്യമായിരുന്നു വര്ക്ക്ഷോപ്പ്റാമ്പ് എന്നത്. സര്‍വീസ് കഴിഞ്ഞ് രാത്രിയിലെത്തുന്ന ബസുകളുടെ അറ്റകുറ്റ പണികള്‍ പോലും ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. ഡിപ്പോ പരിസരം പൂര്‍ണമായും കാടുപിടിച്ച് കിടക്കുന്നു. ഇതിനാലുള്ള ഇഴജന്തുക്കളുടെ ശല്യവും കെട്ടിനില്‍ക്കുന്ന ചെളിവെള്ളവും മൂലവും ബസുകളുടെ അടിയില്‍ കയറിയുള്ള പരിശോധനയും പണികളും വളരെ ബുദ്ധിമുട്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നത്. ജീവനക്കാരുടെ നിരന്തരമായ ഇടപെടല്‍ മൂലമാണ് റാമ്പ് നിര്‍മ്മാണത്തിനായി 84 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. അതിന്മേല് തുടങ്ങിയ പണികളാണ് അഴിമതിയുടെ കരങ്ങളില്‍ മുങ്ങി അനിശ്ചിതത്വത്തിലായത്. കോര്‍പ്പറേഷന്റെ മരാമത്ത് സെക്ഷനാണ് നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
ഡിപ്പോകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഒന്നും തന്നെ ഡിപ്പോ അധികാരികള്‍ അറിയാറില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ മരാമത്ത് സെക്ഷനില്‍ നിന്നും ആരും എത്താറില്ല. എന്തിനും ഏതിനും കൊടിപിടിക്കുന്ന ഭരണപ്രതിപക്ഷ യൂണിയനുകള്‍ക്കും ഇതേകുറിച്ച് യാതൊരു അറിവുമില്ലാത്ത അവസ്ഥയാണ്. കരാറുകാരന് കരാറുകാരന്റെ ഇഷ്ടത്തിന് പണിയുന്നു. ഇത് മൂലം 84 ലക്ഷം രൂപയില്‍ സിംഹഭാഗവും കൈകൂലിയായി പോയിരിക്കാമെന്നാണ് യുണിയന്‍ നേതാക്കളുടെ ആരോപണം. എന്തിനും ഏതിനും വിഹിതം വാങ്ങാന്‍ നില്ക്കുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.
കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന മരാമത്ത് പണികളില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെയും ഗുണമേന്മ പരിശോധിക്കുന്നതിനു യാതൊരുവിധ മാനദണ്ഡങ്ങളുമില്ല.
ഏറ്റവും ലാഭകരമായ അടങ്കല്‍ തുക വയ്ക്കുന്ന കരാറുകാരനെ തെരഞ്ഞെടുക്കുക എന്നതില്‍ നിന്നും ഏറ്റവും കൂടുതല്‍ കൈകൂലി കൊടുക്കുന്നവരെ പണിയേല്‍പ്പിക്കുക എന്ന അവസ്ഥയിലേക്ക് മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് ചാത്തന്നൂര്‍ ഡിപ്പോയില്‍ നടന്നത്.
ഇത്തരം തട്ടികൂട്ട് കെട്ടിടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ ജീവന് എന്ത് വിലയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: