കൊച്ചി: ഒരു നാട് ഒന്നടങ്കം സമരത്തിനിറങ്ങിയിട്ടും അധികൃതരുടെ ഒത്താശയോടെ പ്രവര്‍ത്തനം തുടര്‍ന്ന തമ്മനം ലേബര്‍ കോളനി റോഡിലെ കൊച്ചിന് മെട്രോ ബാര്‍ അടച്ചുപൂട്ടി. നാട്ടുകാരുടെ നേതൃത്വത്തില്‍ കൊച്ചിന് മെട്രോ ബാര്‍ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ വി. എ. ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എക്സൈസ് കമ്മീഷണറുടെ നടപടി. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. വി. രാജുവിന്റെ നേതൃത്വത്തിലാണ് ബാര്‍ പൂട്ടിയത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ സ്വാധീനമുപയോഗിച്ച് അനധികൃതമായി അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷനിലാണ് ബാര്‍ തുറന്നിരുന്നത്. ക്ലാസിഫിക്കേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇവിടെ ത്രീസ്റ്റാര്‍ സൗകര്യങ്ങളുണ്ടാക്കി ക്ലാസിഫിക്കേഷന്‍ പുതുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട ബാറുടമ കെട്ടിടത്തില്‍ ഹോട്ടലും റസ്റ്റോറന്റും ഇല്ലാതെ മദ്യക്കച്ചവടം മാത്രമാണ് നടത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പരിസര പ്രദേശങ്ങളിലെ മറ്റ് ബാറുകള്‍ പൂട്ടിക്കിടന്നതിനാല്‍, മദ്യപരുടെ തിരക്കിയതിനെത്തുടര്ന്ന് ഹോട്ടലിന്റെ ചുറ്റുമതിലിലും മുറ്റത്തുമൊക്കെയായി മദ്യവില്‍പ്പന നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 6 മുതല്‍ വിവിധ രാഷ്ട്രീയ കക്ഷികളും യുവജന-സാംസ്കാരിക സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ചേര്‍ന്ന് കൊച്ചിന് മെട്രോ ബാര്‍ വിരുദ്ധ സമിതി രൂപീകരിച്ച് നിയമ-സമര പോരാട്ടങ്ങള്‍ ആരംഭിച്ചത്.
ബാര്‍ വിരുദ്ധ സമിതി എക്സൈസ് കമ്മീഷണര്‍ക്ക് നല്കിയ ഹര്‍ജി എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച സമയത്തിനുള്ളില്‍ ഹര്‍ജി തീര്‍പ്പാക്കാത്തതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ച കാലയളവിലാണ് എക്സൈസ് കമ്മീഷണര്‍ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്തതായി ഉത്തരവിട്ടത്. ബാര്‍ വിരുദ്ധ സമിതിയുടെ ധര്‍ണ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കൊച്ചിന് മെട്രോ ഹോട്ടല്‍ ലിമിറ്റഡില്‍ ഇപ്പോള്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മദ്യവില്‍പ്പന മാത്രമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനോടനുബന്ധിച്ച് തമ്മനം ജംഗ്ഷനില്‍നിന്ന് ബാറിനു മുന്നിലേക്ക് പ്രകടനവും സമരപ്പന്തലില്‍ പൊതുയോഗവും നടന്നു. മെട്രോ ബാര്‍ വിരുദ്ധ സമിതി രക്ഷാധികാരിയും കൗണ്‍സിലറുമായ അഡ്വ.എന്‍. എ. ഷഫീഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനതാദള്‍ ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. ഡി. വിന്‍സന്റ്, കെ. എന്‍. ലെനിന്, ബക്കര്‍ മാഷ്, സമദ് കുരുവിള മാത്യൂസ്, സാദിഖ്, കെ. ജെ. സുധീര്‍, ടി. എച്ച്. താഹ, കെ. എ. റിയാസ്, രാജേഷ് തമ്മനം എന്നിവര്‍ സംസാരിച്ചു. വി. എ. ഫ്രാന്‍സിസ് സ്വാഗതവും ആര്.മോഹന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: