കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്മണിയുടെ പ്രകടനം കാഴ്ച്ചക്കാരെ കണ്ണീരണിയിക്കുന്നതായി. ഇന്നലെ ഹൈസ്ക്കൂള് വിഭാഗം സംസ്കൃത ഗാനാലാപനത്തില്‍ മൂന്നാം സ്ഥാനം നേടിയ കണ്മണി.എസ് എന്ന രണ്ട് കൈകളും ഇല്ലാത്ത വിദ്യാര്‍ത്ഥിനിയുടെ പ്രകടനമാണ് കാഴ്ച്ചക്കാര്‍ക്ക് അത്ഭുതവും അതിനൊപ്പം നൊമ്പരവുമായിത്തീര്ന്നത്.
ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയായ കണ്മണിയ്ക്ക് രണ്ട് കൈകളും നേരത്തെ നഷ്ടപ്പെട്ടതാണ്. എന്നിട്ടും ചിത്രരചനയില്‍ മിടുമിടുക്കിയായ ഈ പെണ്മണി ഏവരെയും അത്ഭുതപ്പെടുത്തും വിധം കാല് കൊണ്ട് ചിത്രം വരച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തന്റെ ചിത്രരചനാ പാടവം ഈശ്വരന് കനിഞ്ഞ് നില്‍കിയ വരദാനമായി കരുതുമ്പോഴും സംസ്കൃത ഗാനാലാപനത്തില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞത് ഈ കൊച്ചുമിടുക്കിയെ ഏറെ ആഹ്ലാദിപ്പിക്കുന്നു.
ഇതാദ്യമായി സംസ്ഥാന സ്ക്കൂള് കലോത്സവ വേദിയിലെത്തിയ ഈ പെണ്‍കുട്ടി തനിക്ക് ലഭിച്ച മൂന്നാം സ്ഥാനത്തില്‍ ഏറെ സംതൃപ്തയുമാണ്. ചിത്രംവരയെ ജീവനേക്കാളേറെ സ്നേഹിക്കുന്ന കണ്മണിക്ക് താന്‍ വരച്ച് ചിത്രങ്ങള്‍ ഒന്നും തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കാനും ഇഷ്ടമല്ല. ചിത്രരചനയെ അത്ര കണ്ട് സ്നേഹിക്കുന്ന മകള്‍ക്ക് ചെറുപ്പം മുതല്‍ വരയ്ക്കാനിഷ്ടമായിരുന്നു എന്ന് അമ്മ രേഖ ഓര്‍മ്മിക്കുന്നു. ഇത്തവണ കലോല്‍സവത്തില്‍ ചിത്രരചനയില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും മകളുടെ മുഖം വിവര്‍ണമായത് ഏറെ ആഹ്ലാദം നല്‍കുന്നതായി കണ്മണിയുടെ അച്ഛന് ശശികുമാറും അമ്മ രേഖയും ഒരേ സ്വരത്തില്‍ പറയുന്നു.
കഴിഞ്ഞ ആറ് മാസത്തോളമായി ഗുരുമുഖത്ത് പോയി ചിത്രരചന പഠിക്കുകയാണ് കണ്മണി. മറ്റെന്തിനേക്കാളും ചിത്രം വരയ്ക്കുമ്പോഴാണ് മകള്‍ ഏറെ സന്തോഷം അനുഭവിക്കുന്നതായി തോന്നിയിട്ടുള്ളതെന്നും രക്ഷിതാക്കള്‍ പറയുന്നു. വര്‍ക്കല സി.എസ്.ജയറാം, വീണ ചന്ദ്രന് എന്നിവരാണ് കണ്മണിയുടെ ഗുരുക്കന്മാര്. കലോത്സവത്തില്‍ അടുത്ത വര്‍ഷവും പങ്കെടുക്കാമെന്ന പ്രതീക്ഷയോടെ കണ്മണി മടങ്ങിക്കഴിഞ്ഞു, തന്റെ വരയുടെ ലോകത്തേയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: