കോട്ടയം: സംസ്ഥാനത്ത് പാര്‍ട്ടിയുടെ ജനസമ്മതി കുറഞ്ഞെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി കോട്ടയം ജില്ലാ സമ്മേളനത്തിലാണ് പാര്ട്ടിവളര്ച്ചയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിച്ചത്. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി.
സിപിഎമ്മിന്റെ ജനസമ്മതി ഇടിഞ്ഞതായി തുറന്നടിച്ച ബേബി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സംസ്ഥാനത്ത് സീറ്റ് വര്‍ദ്ധിച്ചെങ്കിലും അഭിമാനിക്കാന്‍ വകയില്ലെന്നും ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന നാലു സീറ്റില്‍ നിന്നും എട്ടു സീറ്റു കിട്ടിയെന്നു മേനി നടിക്കുന്നതില്‍ കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. സംസ്ഥാനത്തെ സാഹചര്യത്തില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷത്തിന് നേടാമായിരുന്നു.
കേരളത്തിലെ അനുകൂല സാഹചര്യം മുതലാക്കാന്‍ പാര്‍ട്ടിക്കായില്ല. എങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടതാണ്. പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണ് ഏറ്റവുംവലിയ വെല്ലുവിളി. ജനസമ്മതിയിലുണ്ടായ ഇടിവ് സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും പിന്നോട്ടടിച്ചു. അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ കുറ്റപത്രം കൂടിയാണ് ബേബിയുടെ തുറന്നടിക്കല്‍. പിണറായിയുടെ കാലത്ത് പാര്‍ട്ടിക്ക് വന്തിരിച്ചടിയുണ്ടായെന്നാണ് ബേബി തുറന്നു പറഞ്ഞത്.
കടുത്ത പിണറായി പക്ഷക്കാരനായിരുന്ന ബേബി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണ് മറുകണ്ടം ചാടിയത്. കൊല്ലത്തു സ്ഥാനാര്‍ഥിയായിരുന്ന ബേബി, പ്രേമചന്ദ്രനോടുള്ള തന്റെ തോല്‍വിക്ക് കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന് അന്നുതന്നെ തുറന്നടിച്ചിരുന്നു. കൊല്ലം മണ്ഡലത്തിലെ രണ്ടിടത്താണ് പ്രേമചന്ദ്രനെ പിണറായി പരനാറിയെന്നു വിളിച്ചത്. ഇത് കേരളത്തില്‍ പലയിടങ്ങളിലും സിപിഎമ്മിനെ ബാധിച്ചു. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലെല്ലാം രൂക്ഷമായ വിഭാഗീയത പ്രകടമായിരുന്നു. റിപ്പോര്‍ട്ടുകളിലും വിഭാഗീയതയെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് സംസ്ഥാന സെക്രട്ടറിക്ക് എതിരായ ബേബിയുടെ ഒളിയമ്പ്.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ അമല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാളിച്ചകള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, കേന്ദ്ര കമ്മറ്റിയംഗങ്ങളായ തോമസ് ഐസക്, വൈക്കം വിശ്വന്, പി.കെ. ഗുരുദാസന് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: