ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ച കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിലെ ഡിവൈഎസ്പിയും, ഒരു പ്രതിയും ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍. ഡിവൈഎസ്പിക്ക് സര്‍ക്കാര്‍ നല്കിയ സിം കാര്‍ഡ് കൂടാതെ മറ്റൊരു മൊബൈല്‍ ഫോണ്‍ കണക്ഷന് മാത്രമാണുള്ളതെന്നാണ് കൃഷ്ണപിള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുള്ളത്.
ഡിവൈഎസ്പി സ്വന്തം എന്ന പേരില്‍ നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അന്വേഷണ സംഘം ഞെട്ടിയത്. കോട്ടയം ചിങ്ങവനത്തെ ഒരു തൊഴിലാളിയുടെ പേരിലെടുത്ത സിം കാര്‍ഡാണ് ഡിവൈഎസ്പി സ്വന്തം എന്ന പേരില്‍ ഉപയോഗിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഒരു തൊഴിലാളിയുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിക്കുന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
കൃഷ്ണപിള്ള കേസിലെ പ്രധാന പ്രതി ആറ് മൊബൈല്‍ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഒരു നമ്പര്‍ പോലും സ്വന്തം പേരിലില്ല. എല്ലാം ബന്ധുക്കളുടെ പേരിലാണ്. പ്രതിയും പോലീസ് ഉദ്യോഗസ്ഥനും മറ്റുള്ളവരുടെ പേരിലെടുത്ത മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നാണ് ശ്രദ്ധേയം. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയും തെളിവുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
അതിനിടെ പ്രതികളുമായി മുഹമ്മ കണ്ണര്‍കാട് തെളിവെടുപ്പിനെത്തിയപ്പോള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പ്രദേശവാസികളായ നാലുപേര്‍ക്കെതിരെ അന്വേഷണ സംഘം മാരാരിക്കുളം പോലീസില്‍ പരാതി നല്കി. കസ്റ്റഡിയില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തിയതിനെതിരെ അന്വേഷണ സംഘാംഗം ആലപ്പുഴ സൗത്ത് പോലീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: