കൊച്ചി: തന്റെ ജീവിതത്തിലെ വിവാദങ്ങളുടെ ആരംഭം എറണാകുളം ലോകോളേജില്‍ നിന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എറണാകുളം ലോകോളേജില്‍ വനിത ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ കെഎസ്യു നേതാവായ തന്റെ നേതൃത്വത്തില്‍ നടത്തിയ പഠിപ്പുമുടക്ക് സമര ദിവസം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പരീക്ഷ എഴുതിയതിനായിരുന്നു ആദ്യ വിവാദം. ഇതുവരെ നേരിടുന്ന വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് ലോകോളേജ് മുറ്റത്തു നിന്നായതില്‍ അതീവ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവാക്കിയാണ് വനിത ഹോസ്റ്റല്‍ നിര്‍മ്മിച്ചത്.
കോളേജിന് മുന്നിലൂടെ ഒഴുകുന്ന ഡ്രെയിനേജ് സംവിധാനത്തിന്റെ പുനര്‍നിര്‍മ്മാണം, കോളേജ് കാന്റീന്, എന്നിവയുടെ നിര്‍മ്മാണത്തിന് അനുമതി ഉണ്ടാകണമെന്ന് ഹൈബി ഈഡന് പറഞ്ഞു. കെ. വി.തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹ്നാന്, ലൂഡി ലൂയിസ്, ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: