ഹരിപ്പാട്: കഴിഞ്ഞ ദിവസം സമാധിയായ മുട്ടം ശ്രീരാമകൃഷണാശ്രമം മഠാധപതി സ്വാമി ശങ്കരാനന്ദ (72)യുടെ സമാധിയിരുത്തല്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം രാവിലെ 10ന് ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പതിനൊന്നോടെ മുട്ടം വലിയകുഴിയിലുള്ള വീട്ടിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ ബന്ധുക്കള്‍ക്കും ഭക്തരും അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് സംസ്കാരചടങ്ങുകള്‍ നടക്കും.
വിലാപയാത്രക്ക് മുട്ടം ശാഖ ഭാരവാഹികളായ പ്രസിഡന്റ് ബി. നടരാജനും സെക്രട്ടറി വി. നന്ദകുമാറും ശാഖയുടെയും ആശ്രമത്തിന്റെയും ഭരണസമിതി അംഗങ്ങളും നേതൃത്വം നല്‍കും.മുട്ടം വലിയകുഴി ഗുരുഭവനം വീട്ടില്‍ പരേതരായ കുഞ്ഞുപിള്ളയുടെയും കുട്ടിയമ്മയുടെയും മകനാണ് സ്വാമി ശങ്കരാനന്ദ. മുട്ടം ശ്രീരാമകൃഷണാശ്രമത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ആശ്രമത്തിന്റെ സ്ഥാപകന്‍ നിര്‍മ്മലാനന്ദ സ്വാമിയുടെ പേരില്‍ നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാഴായ്ച രാവിലെ കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദയോടൊപ്പം ദീപ പ്രകാശനം നടത്തുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശങ്കരാനന്ദയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എസ്എന്‍ഡിപി യോഗം മുട്ടം 994ാം നമ്പര്‍ ശാഖയുടെ കിഴിലുള്ള ആശ്രമത്തിലെ മഠാധിപതിയായിരുന്ന സ്വാമി നിഷ്കളാനന്ദ സമാധി ആയതിനെത്തുടര്‍ന്നാണ് 11 വര്‍ഷമായി ശങ്കരാനന്ദ സ്വാമി മഠാധിപതിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സ്വാമി ശങ്കരാന്ദയുടെ വേര്‍പാടില്‍ മന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. എസ്എന്‍ഡിപി യോഗം ചേപ്പാട് യൂണിയന്, മുട്ടം എസ്എന്‍ഡിപി ശാഖ, ഭാരതീയ വിചാരകേന്ദ്രം, ബിജെപി, ഹിന്ദു ഐക്യവേദി, കേരള ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: