കൊട്ടാരക്കര: ബാബുരാജിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സഹപ്രവര്‍ത്തകര്‍ നിറവേറ്റി. ഇന്ന് രാവിലെ 10ന് കൊട്ടാരക്കര വൈദ്യുതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന് മുഹമ്മദ് ബാബുരാജിന്റ ഭാര്യക്കും മകള്‍ക്കും താക്കോല്‍ കൈമാറുന്നതോടെ ബാബുരാജിന്റ സ്വപ്നം മരണാനന്തരമാണെങ്കിലും പൂവണിയുകയാണ്.
പുത്തൂര്‍ കരിമ്പിന്‍പുഴയില്‍ വൈദ്യുതിലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ ആയിരുന്ന കെ.എം. ബാബുരാജന് ഷോക്കേറ്റ് മരിക്കുന്നത്. മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് വയ്ക്കാന്‍ സ്വന്തമായി വീടോ, അടക്കംചെയ്യാന്‍ സ്ഥലമോ ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ കാരുണ്യത്തിലാണ്് മൃതദേഹം അടക്കം ചെയ്തത്. ഈ അവസ്ഥ സഹപ്രവര്ത്തകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ ഹൃദയത്തില്‍ നൊമ്പരമുണര്‍ത്തി.
സഹപ്രവര്‍ത്തകന്റ കുടുംബത്തിന്റ ദുഖം സ്വന്തം ദുഖമായി അവര്‍ ഏറ്റെടുത്ത ബാബുരാജിന്റ സ്വപ്നം സാക്ഷാത്കരിക്കാന്‍ രംഗത്തെത്തിയപ്പോള്‍ ജീവനക്കാര്‍ എല്ലാം തങ്ങളുടെ ഒരുദിവസത്തെ ശമ്പളം നല്കാന് തയ്യാറായി. ഇങ്ങനെ സ്വരൂപിച്ച 12.64 ലക്ഷം രൂപയില്‍ നിന്ന് 10.86 ലക്ഷം രൂപ മുടക്കി കൊല്ലം അയത്തില്‍ മൂന്ന് സെന്റ് സ്ഥലവും വീടും വാങ്ങി നല്കി. ബാക്കി തുക പത്ത് വര്‍ഷത്തേക്ക് ഇലക്ട്രിസിറ്റി എംപ്ളോയിസ് കോ-സൊസൈറ്റിയില്‍ നിക്ഷേപിക്കുകയും ചെയ്തു.
വീടിന്റ താക്കോലും പാസ് ബുക്കും ആണ് കൈമാറുന്നത്. ഇതോടൊപ്പം തന്നെ ഊര്‍ജ്ജസംരക്ഷണ പദ്ധതിയായ ലാഭപ്രഭ പദ്ധതിയിലൂടെ 2013 മാര്‍ച്ച് മുതല്‍ മെയ് 31 വരെ ഉള്ള കാലയളവില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച 187 പേര്‍ക്ക് സൗരോര്‍ജ്ജ റാന്തലുകളും മന്ത്രി വിതരണം ചെയ്യുമെന്ന് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.ഉദയകുമാര്‍ വര്‍മ്മ, എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എസ്. ഉദയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .ചടങ്ങില്‍ ഐഷാപോറ്റി എംഎല്‍എ അധ്യക്ഷയായിരിക്കും. ലാഭപ്രഭ സമ്മാനവിതരണം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: