കുന്നത്തൂര്‍: ശൂരനാടിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്മാന് അക്രമങ്ങള്‍ നടത്തുന്നുവെന്നുള്ള പ്രചാരണങ്ങള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. രണ്ടുമാസക്കാലമായി ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിച്ചെങ്കിലും അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാത്ത പോലീസ് നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം വ്യാപകമാകുന്നു.
എയിഡ്സ് രോഗികളായ ചിലര്‍ രാത്രികാലങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നതായാണ് പ്രചാരണം. ഇതുമൂലം രാത്രി പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ ഭീതി മുതലാക്കി ശൂരനാടിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണവും കാര്‍ഷികവിളകള്‍ നശിപ്പിക്കലും വീടുകള്‍ക്കുനേരെയുള്ള ആക്രമങ്ങളും വ്യാപകമായി നടക്കുന്നു. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരുമാണ് ബ്ലാക്ക്മാന്റെ പേരില്‍ അക്രമണങ്ങള്‍ നടത്തുന്നതും ഇത്തരത്തില്‍ കഥകള്‍ പ്രചരിപ്പിക്കുന്നതുമെന്നാണ് പൊതുവേയുള്ള അനുമാനം.
അക്രമങ്ങളും മോഷണങ്ങളും വര്‍ധിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആക്രമങ്ങളും മോഷണശ്രമങ്ങളും നടക്കുമ്പോള്‍ പോലീസിനെ വിവരമറിയിച്ചാല്‍ അവര്‍ എത്തുന്നില്ലെന്നും പലപ്പോഴും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് ജനജാഗ്രതസമിതികള്‍ രൂപീകരിക്കുകയും രാത്രികാലനിരീക്ഷണങ്ങള് ശക്തമാക്കുകയും ചെയ്തു. അതിന്റെ ഫലമായ രണ്ടാഴ്ച മുമ്പ് ശൂരനാട് വടക്കുനിന്നും റബര്‍ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി ശൂരനാട് പോലീസിന് കൈമാറിയിരുന്നു.
ബ്ലാക്ക്മാന് പ്രചരണത്തിന് പിന്നില്‍ ഇയാളാണെന്ന പോലീസിന്റെ കണ്ടെത്തല്‍ പ്രദേശവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നെങ്കിലും അക്രമങ്ങളും മോഷണങ്ങളും ഇപ്പോള്‍ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. ശൂരനാട് വടക്ക് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു.
പ്രദേശത്ത് അക്രമങ്ങള്‍ വ്യാപകമാകുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കഥകള്‍ പ്രചരിച്ചിട്ടും നടപടികളെടുക്കാത്ത പോലീസ് നിസംഗതയില്‍ പ്രതിഷേധിച്ച് വിവിധ വനിതാസംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ശൂരനാട് പോലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധയോഗം ചേര്‍ന്നു.
അക്രമികളെ ഉടന്‍ കണ്ടെത്തുമെന്നുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളും സമരത്തില്‍ പങ്കെടുത്തു. വാഹനങ്ങളുടെ അപര്യാപ്തതയും സേവനാംഗങ്ങളുടെ കുറവുംമൂലമാണ് പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കാത്തതെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: