ആലത്തൂര്‍: മംഗലംഡാം പ്രദേശം കേന്ദ്രമായി പുതിയ പഞ്ചായത്ത് പ്രഖ്യാപനം വന്നതോടെ ഏറെ പ്രതീക്ഷിക്കുന്നത് തളികക്കല്ല് ആദിവാസിക്കോളനി. ആദിവാസിക്കോളനിയിലെ അടിസ്ഥാനസൗകര്യവികസനവും വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. റോഡിനായി വര്‍ഷങ്ങളായുള്ള തളികക്കല്ല് കോളനിയിലെ 56 കുടുംബങ്ങളുടെ കാത്തിരിപ്പിനും വിരാമമാകും.
കോളനിയില്‍ പൂട്ടിക്കിടക്കുന്ന അങ്കണവാടി പ്രവര്‍ത്തനസജ്ജമാകും. ദിവസേന പോയിവരാനുള്ള ബുദ്ധിമുട്ടുമൂലം കോളനിയിലെ കുട്ടികള്‍ മലമ്പുഴയിലും തൃശ്ശൂരിലുമുള്ള ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. റോഡ് യാഥാര്‍ഥ്യമായാല്‍ കുട്ടികള്‍ക്ക് മംഗലംഡാമിലെ സ്കൂളില്‍ വന്നുപോകാനുള്ള സൗകര്യമൊരുങ്ങും.
മംഗലംഡാം ടൗണായിരിക്കും പഞ്ചായത്തിന്റെ ആസ്ഥാനം. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മംഗലംഡാം പഞ്ചായത്ത് രൂപവത്കരിക്കുന്നത്. മലയോരപ്രദേശത്തിന്റെ ചിരകാലസ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇഴഞ്ഞുനീങ്ങുന്ന മംഗലംഡാം വിനോദസഞ്ചാരവികസനത്തിനും പ്രഖ്യാപനം പുത്തനുണര്‍വേകും.
കടപ്പാറ, ചൂരുപാറ, കുഞ്ച്യാര്പ്പതി, കവിളുപാറ തുടങ്ങിയ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് പഞ്ചായയത്ത് ഓഫിസിലെത്താനായി മലയിറങ്ങി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ പഞ്ചായത്ത് വരുന്നതോടെ ഒഴിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: