പാലക്കാട്: നിര്‍ദ്ദിഷ്ട ഐഐടിയുടെ സ്ഥലം പരിശോധിക്കാനെത്തുന്ന കേന്ദ്രസംഘം 17 ന് എത്തും. കോയമ്പത്തൂര്‍വഴി പത്തോടെ പാലക്കാട്ട് എത്തുന്ന സംഘം പുതുശേരി പഞ്ചായത്തിലെ രണ്ടുസ്ഥലങ്ങളും അടുത്തവര്‍ഷം കഌസ് ആരംഭിക്കാന്‍ കണ്ടെത്തിയ താല്‍ക്കാലിക സംവിധാനങ്ങളും പരിശോധിക്കും. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.
ഉച്ചതിരിഞ്ഞ് മൂന്നരയോടെ കലക്ടറേറ്റ് ഹാളിലാണ് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്, എംപിമാര്‍, എംഎല്‍എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം ചര്‍ച്ചചെയ്യുക. കേന്ദ്രസാങ്കേതിക വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ സെക്രട്ടറി, ചെന്നൈ ഐഐടി ഡയറക്ടര്‍ പ്രഫ. കെ.ഭാസ്കര രാമമൂര്‍ത്തി, ഹൈദരബാദ് ഐഐടി ഡയറക്ടര്‍ പ്രഫ. യു.ബി.ദേശായ്, കേന്ദ്രമരാമത്ത് ചീഫ് എന്‍ജിനീയര്‍ കെ. അരുധീശ്വരന്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവരാണ് സംഘത്തിലുള്ളത്.
പുതുശേരി പഞ്ചായത്തില്‍ വെസ്റ്റ് വില്ലേജിലെ 600 ഏക്കര്‍, സെന്‍ട്രല്‍ വില്ലേജിലെ 650 ഏക്കര്‍ സ്ഥലവുമാണ് ഐഐടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് 40,000 ചതുരശ്രഅടി താല്‍ക്കാലിക സംവിധാനം ഒരുക്കാനുള്ള മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മൂന്നു സ്ഥലങ്ങള്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ കണ്ടെത്തി.സംവിധാനങ്ങള്‍ക്കുള്ള ചെലവ് കേന്ദ്രം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: