പാലക്കാട്: ചെറിയകോട്ടമൈതാനിയില്‍ 17 ന് നടക്കുന്ന റവന്യൂ-സര്‍വേ അദാലത്തില്‍ ഒന്നരക്കോടി രൂപയുടെ ആനുകൂല്യം നല്കാന് തയ്യാറായി കഴിഞ്ഞതായി ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രനും എ.ഡി.എം യു. നാരായണന്‍കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ കുടുംബക്ഷേമ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം, പ്രകൃതി ക്ഷോഭത്തില്‍ നാശംസംഭവിച്ചവര്‍ എന്നീ ഇനങ്ങളിലായി ലഭിച്ച 1200 ലധികം അപേക്ഷകള്‍ക്കാണ് ഒന്നരക്കോടി നല്‍കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിനുള്ള 1700 അപേക്ഷകള്ക്കുകൂടി തുക അനുവദിക്കാന്‍ 1.57 കോടിരൂപകൂടി വേണം. ഇത് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 17 നകം ഈ ഫണ്ടുകൂടി ലഭിച്ചാല്‍ അതും അദാലത്തില്‍ വിതരണം ചെയ്യും. ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ കുടുംബനാഥന് മരണപ്പെട്ടവര്‍ക്കുള്ള 20,000 രൂപ ധനസഹായത്തിന് 2827 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിന് അഞ്ചുകോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കണം. നിലവില്‍ ലഭ്യമായ 20 ലക്ഷം രൂപയാണ് അദാലത്തില്‍ വിതരണം ചെയ്യുക.ചിറ്റൂര്‍ താലൂക്കില്പ്പെട്ടവര്ക്കാണിത് നല്‍കുക. ശേഷിക്കുന്ന തുകയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കും.
മന്ത്രിമാരായ അടൂര്‍ പ്രകാശും എ.പി. അനില്‍കുമാറും അദാലത്തില്‍ പങ്കെടുക്കും. പതിനായിരത്തോളം പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പുതിയ പരാതികള്‍ക്കായി പ്രത്യേക കൗണ്ടര്‍ തയ്യാറാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പ്രകൃതിക്ഷോഭ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, പോക്കുവരവ്, പട്ടയം, കെ.എല്‍.യു, അതിര്‍ത്തി നിര്‍ണയം എന്നീ ഇനങ്ങളിലായി 2014 ഒക്ടോബര്‍ 31 വരയുള്ള പരാതികളില്‍ തീര്‍പ്പാക്കും. കൂടാതെ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 20 വരെ ലഭിച്ച പരാതികളും പരിഗണിക്കും. താലൂക്കിന് ഒരു കൗണ്ടര്‍ ഉണ്ടായിരിക്കും. ലാന്‍ഡ് റിസര്‍വ് മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ 6036 പരാതികള്‍ തീര്‍പ്പാക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: