കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന എമിഗ്രേഷന്‍ എസ്ഐയെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം സ്വദേശി മനുവാണ് കസ്റ്റഡിലായത്. സ്വര്‍ണം കടത്തിയതിന് പിടിയിലായ കാസര്‍കോട് സ്വദേശി അബ്ദുള്ളയെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന് എസ്ഐ സഹായം ചെയ്ത വിവരം കസ്റ്റംസിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് എമിഗ്രേഷന്‍ എസ്ഐ കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അബ്ദുള്ളയില്‍നിന്ന് നാല് കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ചുകൊടുക്കാമെന്ന് ഏറ്റിരുന്നത് എസ്ഐ മനുവാണെന്ന് വെളിപ്പെട്ടു. ഇതിന് മുന്‍പും സ്വര്‍ണം കടത്തുന്നതിന് എസ്ഐ സഹായിച്ചിട്ടുണ്ടെന്ന് അബ്ദുള്ള കസ്റ്റംസ് അധികൃതരോട് പറഞ്ഞു.
നേരത്തെ എമിഗ്രേഷന്‍ വിഭാഗത്തോട് ചേര്‍ന്നുള്ള ടോയ്ലറ്റില്നിന്നും ഉപേക്ഷിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി വ്യാപകമായി സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെങ്കിലും പലപ്പോഴും പിടിക്കപ്പെടാറില്ല. ഇപ്പോള്‍ പിടിയിലായ എസ്ഐ കൂടാതെ എമിഗ്രേഷന്‍ വിഭാഗത്തിലെ മറ്റ് ചില ഉന്നതര്‍ക്കും പങ്കുണ്ടാകാമെന്നാണ് കസ്റ്റംസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: