ഈശ്വരന് പ്രകൃതിക്കതീതനാണ്. ഈശ്വരകൃപയാണ് നിങ്ങളെ പ്രകൃതിയുടെ മേഖലയ്ക്കപ്പുറത്ത് എത്തിക്കുന്നത്. ഇതിനു സദ്ഗുരുവിന്റെ മാര്‍ഗ്ഗോപദേശവും കൃപയും ലഭിക്കണം. ആ കൃപയാല്‍ സംരക്ഷിക്കപ്പെട്ടവര്‍ ആന്തരികപഥത്തില് സഞ്ചരിക്കും. പ്രാരബ്ധ ശക്തിയാല്‍ ഒരാള്‍ക്ക് ഏതെങ്കിലുംവിധത്തില്‍ പതനം സംഭവിച്ചാല്‍പോലും അത് പുഷ്പതലത്തില്‍ പതിക്കുംപോലെ മൃദുസ്വഭാവമാര്ന്ന കഠിനമല്ലാത്തതായിത്തീരും.
അജ്ഞാനം എന്നതിന് ഈശ്വര വിസ്മൃതിയെന്നാണര്ത്ഥം. ഈശ്വരസ്മരണ അവിരാമമാക്കണം. ബുദ്ധി പ്രഭാവത്താല്‍ അത് സാദ്ധ്യമല്ല. ബുദ്ധിവൃത്തി ശ്രദ്ധായുക്തമാക്കുക. അപ്പോള്‍ തത്വചിന്ത മാതൃകാപരമായ ആചരണമായിത്തീരും.
ആര് എവിടെ ഗുരുവിന്റെ ഉപദേശത്തിനനുസരിച്ച് ജീവിക്കുന്നുവോ അവിടെ ഈശ്വരന്റെ ”കാരുണ്യരസാ” മൃതത്തിനു അര്‍ഹതയുണ്ടാകും. അപ്പോള്‍ ജ്ഞാനമുദിക്കും. ഗുരുപദേശം അത്രമാത്രം മഹത്വമാര്‍ന്നതാണ്.
കാവല്‍ക്കാരന്റെ ജോലി പുറമേനിന്നുവരുന്ന തസ്കരന്റെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുകയാണ്. എന്നാല്‍ ജ്ഞാനധനം കവരുന്ന തസ്കരന്മാര് നിങ്ങളുടെ ഉള്ളില്‍തന്നെ കുടികൊള്ളുന്നവരാണ്. അവര്‍ നിങ്ങളുടെ സ്വന്തം മനസ്സില്‍ പതിയിരിക്കുന്നു.
അഹന്തയുടെ സ്വരൂപത്തെ ബുദ്ധിപരമായി അറിഞ്ഞതുകൊണ്ടുമാത്രം ആകില്ല. അഹന്തയറ്റ ഒരു ജീവിതം നിങ്ങള്‍ നയിക്കണം. നല്ലൊരു പ്രസംഗം ചെയ്യുകയോ ഗ്രന്ഥം രചിക്കുകയോ കലാപരമായ ശില്പം മെനയുകയോ നാട്ടില്‍ എന്തെങ്കിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ പ്രശംസകൊണ്ട് നിങ്ങളെ പൊതിയും.
അഥവാ അവര്‍ പ്രശംസിക്കാനിങ്ങോട്ട് വന്നില്ലെങ്കില്‍ സ്തുതിവചനങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയോടെ അവരുടെ അരികിലേക്ക് നിങ്ങള്‍ ചെല്ലും. ഇതെല്ലാം അഹന്ത പ്രകടമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ വിനീതമായ ഒരു ഈശ്വര ഭക്തനാകട്ടെ ഇങ്ങിനെ ആയിരിക്കും ആത്മഗതം ചെയ്യുക.
അല്ലയോ ഭഗവാനേ അവിടുന്നുതന്നെയാണ് പ്രചോദകനും പ്രവര്‍ത്തകനും. ഞാന്‍ അവിടുത്തെ ഉപകരണം മാത്രം. ഒരുപകരണത്തിനു എന്ത് ബഹുമതിക്കാണര്ഹതയുള്ളത്? സകല മേന്മകള്‍ക്കും അവകാശി അവിടുന്നുമാത്രമാണ്. സ്വന്തമായി എനിക്കൊന്നുമില്ല.
അഹങ്കാരത്തെ തിരസ്കരിക്കാന്‍ ശ്രമിക്കുക. സാന്മാര്ഗികഗുണങ്ങള് വളര്‍ത്തുക. ആത്മാവ് അല്ലെങ്കില്‍ ഈശ്വരന് എല്ലാ അവസ്ഥകള്‍ക്കും അതീതനാണ്.
തുടര്‍ന്ന് അമ്മ രാമായണത്തിലെ ആധ്യാത്മിക തത്വങ്ങളേയും സാന്മാര്ഗികമൂല്യങ്ങളെയും വിശദീകരിച്ചു. രാമായണം തത്വാത്മകമായി ആര്‍ക്കും വിശദീകരിക്കാവുന്നതാണ്. പക്ഷേ, ഈശ്വരന് രാമനായി അവതരിച്ച ചരിത്രസത്യം വിസ്മരിക്കരുത്.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: