പറവൂര്‍: ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയില്‍ കോവിലകത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് ശ്മശാനം നവീകരിച്ചിട്ടും പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ ഹിന്ദു ഐക്യവേദി പ്രക്ഷോഭം ആരംഭിച്ചു. ഹിന്ദു ഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. കോട്ടയില്‍ കോവിലകത്ത് നടന്ന സായാഹ്നധര്‍ണ്ണയും വിശദീകരണ യോഗവും ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ. പി. സുരേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. എന്‍. സ്വാമിനാഥന് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സമിതി രക്ഷാധികാരി വി. ഡി. ബാബുജി മാസ്റ്റര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി എം. സി. സാബുശാന്തി, ഷിബു കെ. ബാബു, പി. എസ്. അഭിലാഷ്, കെ. കെ. ധീരജ്, വേണുഗോപാല്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.
ചേന്ദമംഗലം പഞ്ചായത്തിലെ 80 ശതമാനം വരുന്ന ഹിന്ദുസമൂഹത്തിലെ മൂന്നുംനാലും സെന്റില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഉടന്‍തന്നെ ശ്മശാനം തുറന്ന് കൊടുക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇനിയും അധികൃതര്‍ അവഗണന കാണിച്ചാല്‍ സമരത്തിന്റെ ഭാവം മാറുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: