കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ താല്ക്കാലികപ്രവര്ത്തനാനുമതി ഫെബ്രുവരി പത്തുവരെ ഹൈക്കോടതി നീട്ടി നല്കി. ബാര്‍ കേസിലെ അപ്പീല്‍ പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്കും മാറ്റിയിട്ടുണ്ട്. മദ്യനയത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഡിവിഷന് ബഞ്ച് ഇന്ന് പരിഗണിക്കുമ്പോഴായിരുന്നു ബാറുകളടെ പ്രവര്‍ത്തനാനുമതി വീണ്ടും നീട്ടിയത്.
ഇതിനിടെ മദ്യനയം പഴയസ്ഥിതിയിലേക്ക് മാറുകയാണോയെന്നും കോടതി സര്‍ക്കാരിനോടാരാഞ്ഞു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതിയാണ് ഡിവിഷന് ബെഞ്ച് നീട്ടി നല്‍കിയത്. ബാറുടമകളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകളാണ് പരിഗണിച്ചത്. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ബാറുടമകളുടെ അപ്പീല്‍. ഫോര്‍ സ്റ്റാറിന് അനുമതി നല്‍കിയതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍.
സുപ്രീംകോടതിയില്‍ നിന്നുള്ള അഭിഭാഷകര്‍ ഹാജരാകേണ്ടതിനാല്‍ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് അപ്പീല്‍ മാറ്റിയത്. ബാറുകള്‍ക്ക് ഈ മാസം 20 വരെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: