തിരുവനന്തപുരം: എഞ്ചിനിയറിങ് പൊതുപ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് വേണമെന്ന വ്യവസ്ഥ നടപടി വിവാദമായതോടെ തീരുമാനം പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള മാനദണ്ഡം മുന്‍വര്‍ഷത്തേതു പോലെ തുടരാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. എബിവിപി ഉള്‍പ്പെടെ ചില വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭ്യാസ വിചക്ഷണരും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇതെത്തുടര്‍ന്നാണ് റദ്ദാക്കല്‍ തീരുമാനം.
മിനിമം മാര്‍ക്ക് സമ്പ്രദായം ഒഴിവാക്കിയതടക്കം പുതുതായി വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തിലും എതിര്‍പ്പുയര്‍ന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള രീതി തുടരാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്തുമാര്‍ക്ക് നേടുന്നവര്‍ മാത്രമെ റാങ്ക് പട്ടികയില്‍ ഇടംനേടുകയുള്ളു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എഞ്ചിനിയറിങ് പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് പത്തുമാര്‍ക്ക് നേടിയിരിക്കണമെന്ന സുപ്രധാന നിബന്ധനയാണ് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തേ തീരുമാനിച്ചത്. അതത് പ്രവേശന പരീക്ഷകളുടെ രണ്ടു പേപ്പറുകളും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തുകയും യോഗ്യതാ പരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പൂജ്യമോ അതില്‍ത്താഴെ നെഗറ്റീവ് മാര്‍ക്കോ ലഭിച്ചാലും റാങ്ക് പട്ടികയില്‍ ഇടംലഭിക്കുമെന്നതായിരുന്നു പുതിയ വ്യവസ്ഥ.
മിനിമം പത്ത് മാര്‍ക്കെങ്കിലുമില്ലാത്തവരെ പ്രനേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന വ്യവസ്ഥ എടുത്ത് കളയാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പുറമെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയില്‍ കണക്കിന് മാത്രമായി 50 ശതമാനം മാര്‍ക്ക് വേണമെന്നത് 45 ആക്കി കുറച്ചു. കണക്കും ഫിസിക്സും കെമിസ്ട്രിയും ചേര്‍ന്നുള്ള 50 ശതമാനം മാര്‍ക്കും 45 ശതമാനമാക്കി. ഇതോടെ ഒരുത്തരമെങ്കിലും ശരിയായായി പ്രവേശനം ലഭിക്കുമെന്ന സ്ഥിതി ഉണ്ടായിരുന്നു. സ്വാശ്രയ കോളേജുകളിലെ സീറ്റ് നിറയ്ക്കാനാണ് യോഗ്യതാ മാര്‍ക്കില്‍ ഇളവ് നല്കിയതും പ്രവേശനപരീക്ഷയില്‍ വെള്ളം ചേര്ത്തതുമെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: