തിരുവനന്തപുരം: ശബരിമലയില്‍ ദുരന്തനിവാരണ അതോറിറ്റിഭക്തരുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനമൊരുക്കി. ഒരേ സമയം ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും രണ്ടു ലക്ഷം ഭക്തര്‍ക്കു മാത്രമേ നില്ക്കാന് അനുമതിയുള്ളൂ. അതില്‍ കൂടുതല്‍ ഭക്തര്‍ എത്തിയാല്‍ സന്നിധാനത്ത് തിക്കും തിരക്കും ഉണ്ടായി അപകടമുണ്ടാകുമെന്ന കണ്ടെത്തലിലാണിത്.
ഇന്നലെ പതിനൊന്നു മണിക്ക് രണ്ടുലക്ഷത്തിലധികം ഭക്തര്‍ സന്നിധാനത്തെത്തിയതോടെ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള അലെര്‍ട്ട് അലാറം ശബ്ദിച്ചു. തുടര്‍ന്ന് സ്വാമി അയ്യപ്പന് റോഡില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടുന്നത് പോലീസ് നിയന്ത്രിച്ചു. ഒരാള്‍ക്ക് അര സ്ക്വയര്‍ മീറ്റര്‍ സ്ഥലം എന്ന അളവിലാണ് സന്നിധാനത്ത് കണക്കു കൂട്ടിയിരിക്കുന്നത്.
ഓരോ മണിക്കൂറും സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം മോണിറ്റര്‍ ചെയ്യാന്‍ സര്‍വയലന്‍സ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ചു. ഓരോ മൂന്നു മണിക്കൂറുകള്‍ കൂടുമ്പോഴും ജില്ലാ കളക്ടര്‍ക്കും ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന ഓഫീസിലും എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററിലും മെസേജുകള്‍ എത്തുകയും ചെയ്തു. ഇതനുസരിച്ചാണ് ഭക്തരെ നിയന്ത്രിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതു കൂടാതെ പമ്പയിലും പുല്ലുമേട്ടിലും, അപ്പാച്ചിമേട്ടിലുമെല്ലാം തിരക്കു നിയന്ത്രിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പമ്പയിലെ തിരക്ക് നിയന്ത്രിക്കാന്‍ വാഹനങ്ങള്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് തിരുവല്ലയില്‍ നിന്നു തന്നെ നിയന്ത്രിക്കാന്‍ പദ്ധതിയുണ്ട്. സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് തമ്പടിക്കുന്നതെന്നും എവിടെയൊക്കെയാണ് വിരി വെയ്ക്കുന്നതെന്നും കണ്ടെത്താന്‍ പ്രത്യേക മാപ്പിങ് നടത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഭക്തരുടെ യാത്രകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: