തിരുവനന്തപുരം: ശബരിമല അടിയന്തരഘട്ട പ്രവര്‍ത്തന രൂപരേഖക്ക്(ക്രൈസിസ് മാനേജ്മെന്റ് പ്ലാന്‍) അംഗീകാരം. പത്തനം തിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനായ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ, ശബരിമലയ്ക്കു മാത്രമായുള്ള ക്രൈസിസ് മാനേജ്മെന്റ് പ്ലാനിന് അംഗീകാരം നല്‍കിയത്. ശബരിമലയിലേക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി രണ്ടുവര്‍ഷം കൊണ്ടാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഒന്നാംഘട്ട പ്ലാനിനാണ് അംഗീകാരം നല്‍കിയത്. അടുത്തവര്‍ഷം ക്രൈസിസ് മാനേജ്മെന്റ് പ്ലാനില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു.
ശബരിമലയിലെ പൊതുവായ എല്ലാ പ്രശ്നങ്ങളും പഠിച്ചാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മൂന്നു സ്ഥിരംസ്ഥലങ്ങള് വേണം. നിലയ്ക്കല്‍, സന്നിധാനം, അപ്പാച്ചിമേട് എന്നിവിടങ്ങളിലായിരിക്കണമെന്ന് പ്ലാനില്‍ പറയുന്നു. പമ്പയില്‍ അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഒരു സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇതിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി നിര്‍വഹിച്ചിരുന്നു. നിലയ്ക്കലില്‍ ഒരേക്കര്‍ സ്ഥലമാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്.
സന്നിധാനത്ത് ചെറിയൊരു സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയണം. അപ്പാച്ചിമേട്ടിലും ചെറിയ സെന്റര്‍ മതിയാകും. ഈ സെന്ററുകളില്‍ കേരള, കര്‍ണാടക ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ കാര്യങ്ങള്‍ നിയന്ത്രിക്കണം. പോലീസ് മുതല്‍ മറ്റ് എല്ലാ വകുപ്പുകളിലേയും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകണം.സന്നിധാനത്തും മറ്റുസ്ഥലങ്ങളിലും അടിയന്തിരഘട്ട സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നാല്‍ ശബരിമലയിലെ എല്ലാ വഴികളേയുംകുറിച്ച് ബോധ്യമുണ്ടാകണം.
സംസ്ഥാന ദുരന്ത പ്രതിരോധ സേനയും, ദേശീയ ദുരന്ത പ്രതിരോധ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്ക് ശബരിമലയുടെ മാപ്പ് നല്‍കണം. അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആയിരിക്കും ഭക്തരെ രക്ഷിച്ച് എത്തിക്കേണ്ടത്. തിക്കും തിരക്കും മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങി അഗ്നിബാധ, പൊട്ടിത്തെറി എന്നിവയും ദുരന്തങ്ങളില്‍ ഉള്‍പ്പെടും.
പ്രധാനവഴികളും അതിനോടനുബന്ധിച്ചുള്ള ചെറുവഴികളും വ്യക്തമാക്കുന്ന മാപ്പുകള്‍ പ്ലാനിനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇവയാണ്. അപ്പം അരവണ നിര്മ്മിക്കുന്നസ്ഥലം, സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ ഗ്യാസ് കുറ്റികള്‍ കൂട്ടമായി സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, വെടിവഴിപാട് നടക്കുന്ന സ്ഥലം, കൊപ്ര ഉണക്കുന്ന സ്ഥലം എന്നിവിടങ്ങളാണ്. ഇവകൂടാതെ വന്യമൃഗങ്ങള്‍ അയ്യപ്പന്മാരെ ആക്രമിക്കുന്നതും, വിരിവെയ്പ്പു സ്ഥലങ്ങളില്‍ ഭക്ഷണം പാചകംചെയ്യാന്‍ സ്റ്റൗ, ഗ്യാസ് എന്നിവ ഉപയോഗിക്കുന്നതും, സ്വാമി അയ്യപ്പന് റോഡു വഴി ട്രാക്ടറില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതും അപകട സാധ്യതകള്‍ ഉള്ളതാണ്.
അപ്പം അരവണ പ്ലാന്റുകളില്‍ 25000 ബാരല്‍ ഡീസലാണ് സ്റ്റോര്‍ ചെയ്തിട്ടുള്ളത്. ഹോട്ടലുകളില്‍ 100ല്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നുണ്ട്. അയ്യപ്പന്മാര് മകരജ്യോതി കാണുന്നതിനായി ചില പ്രത്യേക സ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് തിക്കും തിരക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെടിവഴിപാട് നടത്തുന്ന സ്ഥലങ്ങളില്‍ അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കുന്നത് അപകടം ഉണ്ടാക്കും. വെടിവെയ്ക്കുന്നിടത്തു നിന്നും 500 മീറ്റര്‍ ഉള്ളിലായി വേണം വെടിമരുന്ന് സൂക്ഷിക്കേണ്ടത്. അതും സുരക്ഷിതമായിട്ടായിരിക്കണം.
സന്നിധാനത്ത് അഞ്ച് സ്ഥലങ്ങളിലാണ് വിവിധരീതിയിലുള്ള അപകടങ്ങള്‍ക്കു സാധ്യത. അവിടെനിന്നും രക്ഷാപ്രവര്‍ത്തനം നടത്തി ഭക്തരെ എത്തിക്കേണ്ട സ്ഥലങ്ങള്‍ ആറെണ്ണമാണ്. ഈ സുരക്ഷിത സ്ഥലങ്ങളിലേക്കെത്തേണ്ട പ്രത്യേക വഴികളും മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിനായി 20 ലക്ഷം രൂപയും, പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് 15 ലക്ഷവും, ആറന്മുള പോലീസിന് ബോട്ടുവാങ്ങാനായി 5 ലക്ഷം രൂപയും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നേരിട്ട് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: