കോഴിക്കോട്: സ്കൂള്‍ കലോത്സവവേദിയുടെ പൂമുഖത്ത് കേരളഗാന്ധി കേളപ്പജിക്ക് സ്ഥാനമില്ല. ഇന്ന് വൈകിട്ട് ഘോഷയാത്രയോടെ ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന്റെ പ്രധാനവേദിക്കുള്ളില് നാലുവശങ്ങളിലായി സ്ഥാപിക്കപ്പെട്ട ഛായാചിത്രങ്ങളിലാണ് കേളപ്പജി അയോഗ്യനാക്കപ്പെട്ടത് .
മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ കേളപ്പജിയുടെ രാഷ്ട്രീയ എതിരാളികളായിരുന്ന ഇഎംഎസ്സും മുഹമ്മദ് അബ്ദുറഹിമാനും ചിത്രസഞ്ചയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കേരള ഗാന്ധി കേളപ്പജിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കോഴിക്കോട്ടാണ് അദ്ദേഹം തമസ്കരിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നുവെന്നതൊഴിച്ചാല് കലാസാഹിത്യ രംഗത്തോ ഭരണ രംഗത്തോ ഇല്ലാതിരുന്ന ലീഗ് പ്രസിഡന്റിന്റെ ചിത്രം മുഖ്യ വേദിയുടെ മര്‍മ്മസ്ഥാനത്ത് സരോജിനി നായിഡുവിന് തൊട്ടടുത്തായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ദീര്‍ഘകാലം കെപിസിസി പ്രസിഡന്റായിരുന്ന സി.കെ ഗോവിന്ദന്‍നായര്‍ക്കും വേദിയില്‍ സ്ഥാനം നല്‍കിയിട്ടില്ല.
സാഹിത്യകാരന്മാരില് എസ്കെ പൊറ്റെക്കാട് മുതല്‍ തിക്കോടിയന് വരെ സ്ഥാനം പിടിച്ചപ്പോള്‍ കോഴിക്കോട്ടുകാരനായ കുട്ടികൃഷ്ണമാരാരെയും കോഴിക്കോട്ട് കര്മ്മകേന്ദ്രമായിരുന്ന കുഞ്ഞുണ്ണിമാഷെയും സംഘാടകര്‍ മറന്നുപോയി. ഹാസ്യസാഹിത്യ സാമ്രാട്ട് സഞ്ജയനെയും സംഘാടകര്‍ മറന്നു. വേദിയില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: