ന്യൂദല്‍ഹി: തെങ്ങിന്‍കള്ളിലെ ആല്‍ക്കഹോളിന്റെ അളവ് 9.59ശതമാനമാണെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേരളാ കാര്‍ഷിക സര്‍വ്വകലാശാല രസതന്ത്രവിഭാഗം മേധാവി ഡോ. ടി.എസ്. അനിരുദ്ധന് ചെയര്‍മാനായ ആറംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
നിലവിലെ അബ്കാരി നിയമപ്രകാരം 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ കള്ള് വില്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. പഴയ പഠന റിപ്പോര്‍ട്ട് പ്രകാരം കള്ളിലെ ആല്‍ക്കഹോളിന്റെ അളവ് 8.1 ആയിരുന്നു. ചെത്തിയെടുത്ത കള്ള് 12മണിക്കൂറിനകം ഉപയോഗിക്കണമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അബ്കാരി നിയമ ഭേദഗതിക്കായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിലെ നിലപാടറിയിക്കാന്‍ ്ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡിന് നോട്ടീസയക്കാന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
കള്ളിലെ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്താന്‍ 2007ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഇതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച 8.1 ശതമാനമെന്ന കണക്ക് തെറ്റാണെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരുമാനിക്കണമെന്നും കേരളാ സ്റ്റേറ്റ് ടോഡി ഷോപ്പ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: