തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വിഭജിക്കാനുള്ള ശുപാര്‍ശകള്‍ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇതനുസരിച്ച് ഒരു പുതിയ കോര്‍പറേഷനും 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപഞ്ചായത്തുകളും നിലവില്‍ വരും. ഇതുസംബന്ധിച്ചുള്ള കരട് ശുപാര്‍ശ മന്ത്രി സഭ അംഗീകരിച്ചു. ഇതിന്മേലുള്ള പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോര്‍പറേഷനുകളുടെ എണ്ണം അഞ്ചില്‍ നിന്ന് ആറായി. മുനിസിപ്പാലിറ്റികളുടെ എണ്ണം 87 ആയി. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 1011 ആയി.
പുതിയ വിഭജനത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷനാകും. കണ്ണൂര്‍ മുനിസിപ്പാലിറ്റിയും പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ കണ്ണൂര്‍ കോര്പ്പറേഷന്. പുതുതായി രൂപീകരിക്കുന്ന മുനിസിപ്പാലിറ്റികള്‍ ഇവയാണ്: കൊട്ടാരക്കര, ഏറ്റുമാനൂര്‍, പട്ടാമ്പി, വളാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, പന്തളം, പിറവം, വടക്കാഞ്ചേരി-മുണ്ടത്തിക്കോട്, കൊണ്ടോട്ടി, താനൂര്‍, കൊടുവള്ളി, മുക്കം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, രാമനാട്ടുകര-ഫറോക്ക്, കീഴൂര്‍ ചാവശ്ശേരി, മാനന്തവാടി, ഈരാറ്റുപേട്ട, കട്ടപ്പന, കൂത്താട്ടുകുളം, പാനൂര്‍, ഹരിപ്പാട്, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍, ഏലത്തൂര്‍-തലക്കളത്തൂര്‍, കഴക്കൂട്ടം, ആന്തൂര്‍.
പുതിയതായി രൂപീകരിക്കുന്ന പഞ്ചായത്തുകള്‍ ഇവയാണ്; വാളറ, പന്തീരംകാവ്, അഴീക്കല്‍, വെള്ളിക്കുളങ്ങര, മാണിക്കോത്ത, പൂനുര്, അനന്താവൂര്‍, മരത്താക്കര, അരിയല്ലൂര്‍, മരുത, അറയ്ക്കപ്പടി, മുക്കൂട്ടുതറ, മുളവൂര്‍, എളങ്കൂര്‍, എടത്തനാട്ടുകര, കരിപ്പൂര്‍, വാണിയമ്പ, കണ്ണനല്ലൂര്‍, നെല്ലിപ്പൊയില്‍, കളനാട്, ചെമ്മനാട്, കാരക്കാട്, കൊല്ലാട്, കുറുപ്പം, നരുവാമൂട്, ചെമ്പ്രശ്ശേരി, കൂടല്‍, അറയ്ക്കല്‍, പെരിങ്ങനാട്, പുന്നല, തേര്‍ത്തല്ലി, കുടവൂര്‍, അഴീക്കോട്, കാട്ടാമ്പള്ളി, പട്ടാന്നൂര്‍, വട്ടപ്പാറ, വെളിമുക്ക,് മടത്തറ, പുതിയകാവ്, അര്‍ത്തുങ്കല്‍, വടക്കുംതല, പാരിപ്പള്ളി, കൈവേലിക്കല്‍, കരുവഞ്ചാല്‍, പാലയാട്, ചാരുംമൂട്, ഏനാത്ത്, പനയാല്‍, പാങ്ങ്, പുത്തൂര്‍, കെല്ലൂര്‍, അരക്കുപറമ്പ്, ചെറുകുളത്തൂര്‍, പരപ്പ, എളനാട്, നേര്യമംഗലം, കൈവേലി, ചീരാല്‍, നടവയല്‍, പൊയിലൂര്‍, വള്ളിത്തോട്, പട്ടിമറ്റം, പെരുമാതുറ, തൃക്കാരിയൂര്‍, മംഗലം ഡാം, കൂട്ടായി.
ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമായി സര്‍ക്കാര്‍ നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. നഗരകാര്യ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായിരുന്നു. സര്‍ക്കാരില്‍ ലഭിച്ച അപേക്ഷകളും നിവേദനങ്ങളും പരിഗണിച്ചും ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചും ശാസ്ത്രീയവും ജനകീയവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് രൂപീകരണത്തിന് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: