ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവച്ച കേസിലെ അന്വേഷണ സംഘത്തെയും സാക്ഷിയെയും ഭീഷണിപ്പെടുത്തിയ എസ്പിക്കും എസ്ഐക്കുമെതിരെ എഡിജിപിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി.
ക്രൈംബ്രാഞ്ച് എസ്ഐ: ബോസ്, പത്തനംതിട്ട സ്വദേശിയായ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് സക്കറിയ മാത്യു എന്നിവര്‍ക്കെതിരെയാണ് എഡിജിപി: എസ്. അനന്തകൃഷ്ണന്റെ ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ചത്. കൃഷ്ണപിള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: വി.കെ. രാജേന്ദ്രനെയാണ് സക്കറിയ മാത്യു കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയത്.
ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികള്‍ക്ക് തുടക്കം മുതലേ സഹായങ്ങളുമായി രംഗത്തുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനും ഉന്നതോദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് അന്വേഷണസംഘത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നത്.
കേസിലെ പ്രധാന സാക്ഷിയായ കൃഷ്ണപിള്ള സ്മാരകം നിലനില്‍ക്കുന്ന കണ്ണര്‍കാട് ചെല്ലിക്കണ്ടം വീടിന്റെ ഉടമ പരേതനായ സി.കെ. നാണപ്പന്റെ മകന് സി.എന്‍. തിലകനെയാണ് ക്രൈംബ്രാഞ്ച് എസ്ഐ: ബോസ് ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഒരു പ്രതിയുടെ ബന്ധുവാണ് ബോസ്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിന് പ്രതിഫലമായി തിലകന്റെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ വന്നിട്ടുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസ് എടുക്കാതിരിക്കാന്‍ ഒരു വിഹിതം നല്‍കാമെന്നുമായിരുന്നു ബോസിന്റെ സംഭാഷണം.
പ്രതികള്‍ക്കെതിരെ നീങ്ങിയാല്‍ കേസില്‍ കുടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയത്രെ. തിലകന് ഇതുസംബന്ധിച്ച് ക്രൈബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സ്മാരകം കത്തിച്ച കേസില്‍ 164 വകുപ്പ് പ്രകാരം തിലകന് ചേര്‍ത്തല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ചിന്റെ് ഓഫീസില്‍ നിന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട പല വിവരങ്ങളും നേരത്തെ തന്നെ പ്രതികള്‍ക്കും സഹായികള്‍ക്കും ചിലര്‍ ചോര്‍ത്തി നല്‍കുന്നതായി വിവരം ലഭിച്ചിരുന്നു. പോലീസിലെ പ്രബല വിഭാഗം അന്വേഷണസംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ അന്വേഷണം അവസാനിപ്പിച്ച് പ്രശ്നങ്ങളില്‍ നിന്ന് തലയൂരണമെന്ന നിലപാടിലാണ് അന്വേഷണ സംഘത്തിലെ പലരും. രാഷ്ട്രീയമായോ സര്‍ക്കാരില്‍ നിന്നോ യാതൊരു പിന്തുണയും അന്വേഷണ സംഘത്തിന് ലഭിക്കുന്നില്ല. യഥാര്‍ത്ഥ പ്രതികള്‍ പുറത്തുവരുന്നതില്‍ ആര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീട്ടണമോയെന്ന ആശങ്കയിലാണ് അന്വേഷണസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: