പേയാട്: ഒരു പതിറ്റാണ്ടുമുമ്പ് പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി മതം മാറ്റപ്പെട്ട നാലുകുടുംബങ്ങള്‍ ഹിന്ദുധര്‍മ്മത്തിന്റെ നന്മയിലേക്ക് മടങ്ങിയെത്തി. ഊരൂട്ടമ്പലം, ബാലരാമപുരം, വിളവൂര്‍ക്കല്‍ മേഖലകളില്‍ നിന്ന് സിഎസ്ഐ, ആര്‍സി സഭകളിലേക്ക് മതംമാറ്റത്തിനു വിധേയരായവരാണ് കഴിഞ്ഞ ദിവസം സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയത്. വിളവൂര്‍ക്കല്‍ ഈഴക്കോട് മഹാദേവക്ഷേത്രം മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി ശുദ്ധിക്രിയകള്‍ക്കും പ്രായശ്ചിത്ത ഹോമങ്ങള്‍ക്കും ശേഷം നാലു കുടുംബങ്ങളില്‍ നിന്നായി മടങ്ങിയെത്തിയ എട്ടുപേര്‍ക്കും ഹിന്ദുധര്‍മ്മത്തിലേക്ക് പരാവര്‍ത്തനം നല്കി.
ഏഴുമണിക്കുള്ള സന്ധ്യാ ദീപാരാധനയ്ക്കുശേഷമാണ് ഹോമകുണ്ഠത്തില്‍ അഗ്നിപകര്‍ന്ന് വിശ്വഹിന്ദുപരിഷത്തിന്റെ അധീനതയിലുള്ള മഹാദേവക്ഷേത്ര തിരുനടയില്‍ പരാവര്‍ത്തന ക്രിയകള്‍ നടന്നത്. ഗിരീശന്, സുനില്‍രാജ്, വിശ്വംഭരന്, സുഗന്ധി തുടങ്ങി നാലു കുടുംബങ്ങളിലെയും ഗൃഹനാഥര്‍ ദേവാഗ്നിയില് വന്ദിച്ച് ഹിന്ദുത്വത്തിന്റെ പവിത്രതയിലേക്ക് ചേക്കേറുകയായിരുന്നു.
ഒരിക്കല്‍ നിന്ദിച്ചു പടിയിറങ്ങിയ ദേവസന്നിധിയില് സാഷ്ടാംഗം പ്രണമിച്ച് തറവാട്ടിലേക്കുള്ള ഇവരുടെ തിരിച്ചുവരവിന് വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി അജിത്ത്, വിഭാഗ് സെക്രട്ടറി മംഗലത്തുകോണം സുധി തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. വിളവൂര്‍ക്കല്‍, ഊരൂട്ടമ്പലം മേഖലകളില്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി കുടുംബങ്ങളാണ് മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുള്ളത്. ഹിന്ദുധര്‍മ്മത്തിന്റെ നന്മ തിരിച്ചറിഞ്ഞ് ഒട്ടേറെപേരാണ് മടങ്ങിവരവിന് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: