തിരുവനന്തപുരം: പാക്കറ്റല്ലാതെ സിഗരറ്റ് വില്പന ഭാരതത്തില്‍ നിരോധിക്കണമെന്ന് പുകയില ഉപയോഗത്താല്‍ അര്‍ബുദം ബാധിച്ചവരും അവരുടെ ഡോക്ടര്‍മാരും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അതേസയമം പുകയില നിയന്ത്രണ നിയമമായ കോട്പ ഭേദഗതി ബില്‍ 2015 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതിനെ ഇവര്‍ സ്വാഗതം ചെയ്തു.
ലൂസ് സിഗററ്റിന്റെ ലഭ്യത പുകയില ആദ്യം ഉപയോഗിക്കുന്നവരേയും പുകയിലയ്ക്ക് അടിമകളായവരേയും ഒരുപോലെ കൂടുതല്‍ പുകവലിയിലേക്ക് എത്തിക്കുന്നതിന് പ്രേരിപ്പിക്കും. അത് ഇത്തരക്കാരുടെ ആരോഗ്യത്തേയും ജീവിതത്തേയും ദോഷകരമായി ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പുകയില ആരോഗ്യത്തിന് ഹാനികരമെന്ന സിഗററ്റ് പായ്ക്കറ്റിലുളളതുപോലുള്ള സചിത്രമുന്നറിയിപ്പില്ലാത്ത ലൂസ് സിഗററ്റ് യഥേഷ്ടം ലഭ്യമായിരുന്നതിനാലാണ് തനിക്ക് പുകയിലയോടുള്ള അഭിനിവേശം വര്‍ദ്ധിച്ചതെന്ന് പുകയില ഉപയോഗത്താല്‍ വായില്‍ അര്‍ബുദം ബാധിച്ച സാജു പറഞ്ഞു. ഇരുപതു വയസ്സു കഴിഞ്ഞപ്പോഴാണ് താന്‍ ആദ്യമായി സിഗരറ്റ് ഉപയോഗിച്ചതെന്നും തുടര്‍ന്ന് പ്രതിദിനം 3 മുതല്‍ 4 സിഗററ്റുകള്വരെ വലിച്ചിരുന്നതായും സാജു പറഞ്ഞു. കൂടാതെ പുകരഹിത പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൂസ് സിഗററ്റ് വാങ്ങുന്നത് എളുപ്പമാണ്. അതേസമയം ഒരു പായ്ക്കറ്റ് സിഗററ്റിന് കൂടുതല്‍ വിലനല്കേണ്ടിവരുമ്പോള് വാങ്ങാനുള്ള ആഗ്രഹം കുറയും. ലഘുഭക്ഷണത്തിനു നല്കുന്ന കാശ് കൊടുത്ത് സിഗററ്റ് വാങ്ങുന്ന നിരവധി ചെറുപ്പക്കാരുണ്ട്. ചെറുപ്പക്കാരെ ഈ മാരക വിപത്തില്‍ നിന്നും സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കണം. രാജ്യത്ത് എഴുപതു ശതമാനത്തിലധികം സിഗററ്റും ലൂസായാണ് വില്ക്കപ്പെടുന്നതെന്ന് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ അര്‍ബുദ വിഭാഗം മേധാവി ഡോ.പി.ബാലഗോപാല്‍ വ്യക്തമാക്കി. സിഗററ്റിലടങ്ങിയിരിക്കുന്ന ആസക്തി ഉളവാക്കുന്ന ഘടകങ്ങളും അനായാസ ലഭ്യതയുമാണ് സിഗററ്റ് വാങ്ങുന്നതിന് പ്രേരകമായി തീരുന്നത്. എന്നാല്‍ ലൂസ് സിഗററ്റ് ലഭ്യമാകുന്നത് പുകവലി ശീലമാക്കിയവര്‍ക്കും ആദ്യമായി പുകവലിക്കുന്നവര്‍ക്കും എളുപ്പമായി തീരുന്നു. ഒരിക്കല്‍ പുകവലിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള മോചനം വളരെ പ്രയാസമാണെന്നും ഡോ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം വ്യാപകമാണെങ്കിലും കേരളത്തില്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ലക്ചറര്‍ ഡോ ഫിന്‍സ് ഫിലിപ് പറഞ്ഞു. ഇതിനായി വിവിധ തലത്തില്‍ പരിഹാരം കാണേണ്ടതുണ്ട്. ലൂസ് സിഗററ്റ് വില്പന നിരോധിക്കുന്നതിലൂടെ പുകയില വിതരണം കുറയ്ക്കുന്നത് ഫലപ്രദമായ മാര്‍ഗമാണെന്നും പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ വിദഗ്ധന്‍കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനാരോഗ്യ സംരക്ഷണാര്‍ത്ഥം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പുകയില നിയന്ത്രണം ഉറപ്പാക്കുന്നതിനായുള്ള നിര്‍ദ്ദിഷ്ട കോട്പ ഭേദഗതിയെ മുതിര്‍ന്ന അര്‍ബുദരോഗ ചികിത്സാ വിദഗ്ധരും വോയ്സ് ഓഫ് ടുബാക്കോ വിക്ടിംസ് രക്ഷാധികാരികളും സ്വാഗതം ചെയ്തു. ബില്ലില്‍ കോട്പ 2003ലെ വകുപ്പ് നാലിനെ വികസിപ്പിച്ച് പുകയില നിയമാനുസൃതമായി ഉപയോഗിക്കാനുള്ള പ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം എന്ന വ്യവസ്ഥയില്‍ നിന്നും പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം തന്നെ നിരോധിക്കുന്നതാണ് നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: