കാസര്‍കോഡ്: തലസ്ഥാനം മുഴുവന്‍ ഓടിനടന്ന് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന അശ്വതി ജ്വാലയെ അറിയാത്തവര്‍ വിരളമായിരിക്കും. മാദ്ധ്യമങ്ങളിലും ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വരെ ചര്‍ച്ചയായിരുന്നു അശ്വതി എന്ന പെണ്‍കുട്ടി. ദിവസവും 20 കിലോമീറ്റര്‍ താണ്ടി 80ഓളം നിരാലംബര്‍ക്ക് അന്നം വിളമ്പിയിരുന്ന അശ്വതിയെ അതുകൊണ്ട് തന്നെ ആരും മറക്കുകയുമില്ല.
അഗതികള്‍ക്കായി ഈ പെണ്‍കുട്ടി ദിവസവും പൊതിച്ചോറ് കരുതുന്നത് എല്ലാവര്ക്കും അത്ഭുതമായിരുന്നെങ്കില് യഥാര്‍ത്ഥ ആവശ്യമെന്തെന്ന് ആരും ആന്വേഷിച്ചില്ല. അഥവാ അശ്വതിയുടെ ആവശ്യം അറിഞ്ഞവര്‍ സഹായിക്കാന്‍ മുന്നോട്ടു വന്നുമില്ല. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട സാധുജനങ്ങളെ ഒന്നടങ്കം താമസിപ്പിക്കാന്‍ സ്വന്തമായി ഒരു കെട്ടിടമോ അതിനാവശ്യമായ സ്ഥലമോ ആണ് അശ്വതിയ്ക്ക് അനിവാര്യം. അത് ലഭിക്കാനായി നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രിമാരുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങി കാര്യമറിയിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ആവശ്യമറിയുമ്പോള് നേരത്തെ അഭിനന്ദിച്ചവര്‍ പോലും പിന്‍വലിയുകയാണെന്ന് അശ്വതി സങ്കടത്തോടെ പറയുന്നു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീറിനെ കാണാന്‍ നിരവധി തവണയാണ് തലസ്ഥാനത്തെ ഓഫീസില്‍ പോയത്. പലപ്പോഴും കാണാന്‍ അനുവാദം പോലും ലഭിച്ചില്ല. അല്ലെങ്കില്‍ മന്ത്രി സ്ഥലത്തില്ല എന്ന സ്ഥിരം പല്ലവിയായിരുന്നു അശ്വതിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. മുനീറിന്റെ ഓഫീസില്‍ വിവരം അറിയാമായിരുന്നിട്ടും ഇതുവരെ ആരും വിളിച്ചന്വേഷിച്ചുമില്ല. തിരുവനന്തപുരം മേയര്‍ ചന്ദ്രികയുള്പ്പെടെയുള്ള നഗരസഭാ അധികൃതരും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. അഗതികളുടെ ഓണാഘോഷത്തിന് ക്ഷണിച്ച ചടങ്ങില്‍ നിന്നുതന്നെ വിട്ടു നിന്നുകൊണ്ടാണ് മേയര്‍ പ്രതിഷേധിച്ചത്.
ഇത്രയും സാധുക്കളെ നോക്കുന്നതിന് കണക്കു പറയുകയല്ല എന്ന് അശ്വതി ആവര്‍ത്തിക്കുന്നു. എന്നാല്‍ ഭക്ഷണം സ്ഥിരമായി കൊടുക്കുന്നവര്‍ക്ക് അഭയകേന്ദ്രം കൂടി കൊടുക്കേണ്ടത് തന്റെ ധര്‍മ്മമാണ്. അത് അത്യാവശ്യമെന്ന് തോന്നിയപ്പോള്‍ മുതല്‍ ശ്രമിക്കുകയാണെന്നും ഈ പെണ്‍കുട്ടി വ്യക്തമാക്കുന്നു. തലസ്ഥാനത്ത് വഞ്ചിയൂര്‍ വടയക്കാടുള്ള ജ്വാലയുടെ താല്‍ക്കാലിക കെട്ടിടത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് 80 അഗതികള്‍ക്കായി അശ്വതി ഇന്നും ഭക്ഷണം എത്തിക്കുന്നത്. എന്നാല്‍ അവര്‍ക്ക് സ്വന്തമായി ഒരു താമസസ്ഥലം എന്നത് ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ താന്‍ പലര്‍ക്കും കണ്ണിലെ കരടായി മാറിയെന്നും വേദനയോടെ ഇവര്‍ പറയുന്നു.
വാടക കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷനില്‍ ഒരുപാട് ആളുകളെ താമസിപ്പിക്കാനുള്ള സ്ഥലമില്ല. എന്നിട്ടും 80 പേരുടെയും ആരോഗ്യകാര്യങ്ങളില്‍ ഓടിയെത്തുന്നതില്‍ അശ്വതി ഒട്ടും അമാന്തിക്കുന്നുമില്ല. അതിനാല്‍ തന്നെ സ്ഥിരം സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങാനും കഴിയുന്നില്ല. മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും സമ്മര്ദ്ദപ്പെടാന് തനിയ്ക്കോ തന്റെ പ്രസ്ഥാനത്തിനോ സാധിക്കില്ലെന്നും അവര്‍ ആണയിട്ടു പറയുന്നു. ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കാം അഗതികളെ പാര്‍പ്പിയ്ക്കാന്‍ ഒരു തുണ്ട് ഭൂമി എന്ന അശ്വതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ ഇന്നും അവഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: