ന്യൂദല്‍ഹി: കേന്ദ്രബജറ്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പറഞ്ഞുപഴകിയ ആവശ്യങ്ങളുടെ ഭാണ്ഡക്കെട്ടുമായി വീണ്ടും കേരളം. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെങ്കിലും പുതിയ ഒരു ബജറ്റ് നിര്‍ദേശം പോലും സമര്‍പ്പിച്ചില്ല.
മറിച്ച് സംസ്ഥാനത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നിരത്തിമടങ്ങി. കേന്ദ്രഭരണത്തില്‍ സംസ്ഥാനങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള നവീനരീതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ക്രിയാത്മക സമീപനം സ്വീകരിക്കുന്നതില്‍ സംസ്ഥാനം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടെന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രബജറ്റിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളും പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുന്ന തിരക്കില്‍ മുഴുകുമ്പോഴാണ് കേരളത്തിന്റെ ഈ അവസ്ഥ.
വര്‍ഷങ്ങളായി കേന്ദ്രത്തിന് സമര്‍പ്പിക്കുന്ന നിവേദനങ്ങളുടെ പകര്‍പ്പുകളുമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയത്. മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച എയിംസിന് സ്ഥലം കണ്ടെത്തി നല്‍കാന്‍പോലും ഭരണ-പ്രതിപക്ഷ നേതാക്കളുടെ ദല്‍ഹി സന്ദര്‍ശനവേളയില്‍ കഴിഞ്ഞില്ല. ഇന്നലെ വൈകിട്ട് 4.45ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഞ്ചിന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്കി.
വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ അടിയന്തരമായി രാജ്യത്ത് റബ്ബര്‍ ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇരുവരും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. റബ്ബര്‍ വ്യവസായത്തെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇറക്കുമതിച്ചുങ്കം 25 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം, 2011ലെ പ്ലാച്ചിമട ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിത്തരണം, മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണം, വിമാനത്താവള ഹബ്ബില്‍ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
രാവിലെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാലക്കാട്ട് ഐഐടി, എയിംസ്, കൊച്ചിയില്‍ കാന്‍സര്‍ ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക യൂണിവേഴ്സിറ്റിക്ക് 100 കോടി ഗ്രാന്റ്, എഫ്എസിടി പുനരുജ്ജീവന പാക്കേജിന് അംഗീകാരം, കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിക്ക് 300 കോടി രൂപയുടെ സഹായം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയ്ക്ക് 100 കോടി സഹായം എന്നിവ ബജറ്റിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിച്ചു.
പാലക്കാട് കോച്ച് ഫാക്ടറി, ആറു പാതയിരട്ടിപ്പിക്കല്‍, പദ്ധതികള്‍ക്ക് തുക അനുവദിക്കല്‍, ശബരിപാത നിര്‍മ്മാണം, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പുതിയ സോണ്‍, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ തുടങ്ങിയ ”പരമ്പരാഗത” ആവശ്യങ്ങളാണ് റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിനു കൈമാറിയ നിവേദനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: