ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകത്തിനു തീവച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വധഭീഷണി, എസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
‘ആലപ്പുഴയും തന്റെ തട്ടകമാണെന്നും കൂടുതല്‍ കളിച്ചാല്‍ വിവരമറിയുമെന്നും’ മറ്റുമായിരുന്നു ഭീഷണി. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കടുത്ത സമ്മര്ദ്ദമുള്ളപ്പോഴാണ് പോലീസ് സേനയിലെ ഉന്നതര്‍ തന്നെ അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഭീഷണി തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികളുമായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍. സിപിഎമ്മുകാരാണ് സ്മാരകം കത്തിച്ചതെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതു മുതല്‍ പോലീസിലെ ഒരുവിഭാഗം അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്തിയിരുന്നു. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കുമെന്ന് തൃക്കുന്നപ്പുഴ എസ്ഐ ഭീഷണിപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത്.
കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന വീടും സ്ഥലവും സിപിഎമ്മിന് വിട്ടുനല്‍കിയ മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം കുടുംബത്തിലെ ഒരംഗം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇയാളെ ക്രൈംബ്രാഞ്ചിലെ ഒരു എസ്ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. കൂടാതെ അന്വേഷണ സംഘത്തിലെ ചിലരെ കൈകാര്യം ചെയ്യുമെന്നും എസ്ഐ പറഞ്ഞു. ഇതേക്കുറിച്ച് ചെല്ലിക്കണ്ടം കുടുംബാംഗം എഡിജിപിക്ക് പരാതി നല്കി.
ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണവിധേയനായ എസ്ഐ ചെല്ലിക്കണ്ടം കുടുംബത്തെ വിളിച്ചതായി വ്യക്തമായി. കേസിലെ ഒരു പ്രതിയുടെ ബന്ധു കൂടിയായ ഈ എസ്ഐ മുഖേനയാണ് പ്രതികള്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ പലതും ചോര്‍ത്തിയിരുന്നത്. എസ്ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കൃഷ്ണപിള്ള കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രമുഖനെ എസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം വിളിച്ച് വധഭീഷണി മുഴക്കിയത്. ഇതുസംബന്ധിച്ചും എഡിജിപിക്ക് പരാതി നല്‍കിയതായി അറിയുന്നു.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവം നടന്നത് മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് ലോക്കല്‍ പോലീസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം സ്വീകരിച്ചിരുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ പോലും പലരും കൂട്ടുനിന്നു. കാര്യക്ഷമമായി അന്വേഷിക്കാന്‍ തയാറായ കീഴുദ്യോഗസ്ഥരെ വിലക്കിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണ സംഘത്തിനെതിരെയുള്ള ഇപ്പോഴത്തെ വധഭീഷണിയും മാനസിക പീഡനങ്ങളും സമ്മര്‍ദ്ദവുമെല്ലാം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: