ആലപ്പുഴ: നിയമവിരുദ്ധമായി നിലം നികത്തി വ്യാജ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ചമച്ച് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ സ്കൂള്‍ ഉടമയ്ക്കും മുന്‍ പറവൂര്‍ വില്ലേജ് ഓഫീസര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ വില്ലേജ് ഓഫീസര്‍ പ്രദീപ്, പറവൂര്‍ ബ്രൈറ്റ്ലാന്‍ഡ് ഡിസ്കവറി സ്ക്കൂള് ഉടമ ഉഷ വെങ്കിടേഷ് എന്നിവര്‍ക്കെതിരെയാണ് പുന്നപ്ര പോലീസ് അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായര്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതും.അമ്പലപ്പുഴ താലൂക്ക് പറവൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ പത്തില്‍ 44/11ല്‍പ്പെട്ട 51.40 ആര്‍സ് നിലം നികത്തിയാണ് ബ്രൈറ്റ്ലാന്‍ഡ് ഡിസ്കവറി സ്കൂളിനായി ബഹുനില കെട്ടിടം നിര്‍മ്മിച്ചത്. വില്ലേജ് രേഖകളിലും ഡേറ്റാബാങ്ക് രേഖകളിലും നിലമായി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുവിന് പറവൂര്‍ വില്ലേജ് ഓഫീസറായിരുന്ന പ്രദീപിന്റെ സഹായത്തോടെ പുരയിടമെന്ന വ്യാജ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഉഷാ വെങ്കിടേഷ് കരസ്ഥമാക്കിയെന്നാണ് പരാതി.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പുന്നപ്ര വടക്ക് പഞ്ചായത്തില്‍ നിന്ന് കെട്ടിടം നിര്‍മ്മാണത്തിന് അനുമതി നേടുകയും ചെയ്തു. പുരയിടമല്ല, നിലമാണെന്ന് ബോദ്ധ്യമായ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി പിന്നീട് പഞ്ചായത്ത് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നതരുടെ ഒത്താശയോടെ പഞ്ചായത്ത് ഉത്തരവ് ലംഘിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ പഠനം നടക്കുന്നത്.
ഇതിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സമീപ സ്കൂളുകളിലും കെട്ടിടങ്ങളിലും സൗകര്യം ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ സ്കൂള്‍ ഉടമ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് നേടി. സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: