കാടിന്റെയും, കാടിന്റെ മക്കളുടെയും ഉന്നതിക്കായി പോരാടുന്നതിനുള്ള അംഗീകാരമാണ് ഒരു ഊരിന്റെ തലപ്പത്ത് ഒരു വനിത അവരോധിക്കപ്പെടുന്നത്. നാട്ടിനൊപ്പം കാടിലും സ്ത്രീക്ക് പ്രാധാന്യമേറുന്നു എന്നതിന്റെ തെളിവാണ് വാഴച്ചാല്‍ വനവാസി ഊരിന്റെ മൂപ്പത്തിയായി ഇരുമ്പയ്യന്റെ മകള്‍ ഗീതമാറിയത്. ജനാധിപത്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യമെങ്കിലും കാടിന്റെ മക്കളുടെ ഇടയില്‍ ഇപ്പോളും ഊരിനും ഊരുമൂപ്പനുമെല്ലാം പ്രാധാന്യമുണ്ട്.
ഊരുസഭകൂടിയാണ് ഊരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഊരിലെ എല്ലാത്തിന്റെയും അവസാനവാക്ക് ഊര് മൂപ്പനാണ്. ഇവിടെയുള്ളവരുടെ ഏതുകാര്യത്തിനും മൂപ്പന്റെ കത്ത് ആവശ്യമാണ്. അതുകൊണ്ടാണ് ഒരു ഊരിന്റെ മൂപ്പത്തിയായി ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്തപ്പോള്‍ ഏറെ പ്രാധാന്യമായത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാല്‍ വനവാസി ഊരിന്റെ ഇപ്പോഴത്തെ മൂപ്പത്തി ഗീത എന്ന യുവതിയാണ്.
ആദ്യകാലങ്ങളില്‍ ഊര് കൂട്ടംകൂടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാല്‍ ഇന്നും ഊരിനെ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഊര് സഭ കുടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഊരിലെ ഏതുകാര്യത്തിന്റെയും അവസാനവാക്ക് ഇവരുടെയാണ്. പതിമൂന്ന് ഊരുകളാണ് അതിരപ്പിള്ളി പഞ്ചായത്തിലുള്ളത്.
അതിരപ്പിള്ളിയിലെ ഊരുകളില്‍ കാടര്‍ വിഭാഗം താമസിക്കുന്ന പ്രധാന ഈരുകളില്‍ ഒന്നായ വാഴച്ചാല്‍ കോളനിയെയും, പ്രകൃതിയുടെ വരദാനമായ അതിരപ്പിള്ളി വെള്ളച്ചാട്ടവുമെല്ലാം ഇല്ലാതാകുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ രണ്ടാംഘട്ടത്തില്‍ നിയമ പോരട്ടം ആരംഭിച്ചത് ഗീതയായിരുന്നു. ഇപ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാലുകേസ് നിലവിലുണ്ട്.
അതില്‍ ഒരു കേസ് നല്‍കിയത് ഗീതയാണ്. ഇവരുടെ കേസുകളാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ കൂടുതല്‍ ശക്തമായത്. ഊരുകളില്‍ നിന്നും പുറത്ത് പോയി പഠിച്ചവരില്‍ ഒരാളും ഗീതയായിരുന്നു.
പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുകയിലപ്പാറ അംഗന്‍വാടിയിലെ അദ്ധ്യാപിക കൂടിയാണ്. അമ്പത്തിയെട്ട് കുടുംബങ്ങളാണ് വാഴച്ചാല്‍ വനവാസി കോളനിയിലുള്ളത്. മദ്യപാനത്തിനെതിരെ ബോധവത്ക്കരണവുമെല്ലാം ഗീതയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നുണ്ട്.
മദ്യത്തിന്റെയും,മറ്റു ലഹരി വസ്തുക്കളുടെയെല്ലാം പ്രധാന വില്‍പ്പനകേന്ദ്രങ്ങളില്‍ ഒന്നാണ് വാഴച്ചാല്‍. ഇവിടുത്തെ പുരുഷന്മാരില് കൂടുതലും മദ്യത്തിന് അടിമകളായതിനാലാണ് ഊരുമൂപ്പന് പകരം ആദ്യമായി വിദ്യാഭ്യാസവും മറ്റുമുള്ള ഒരാളെ ഊരിന്റെ ഉന്നത സ്ഥാനത്ത് ഇരുത്തുവാന്‍ കാടിന്റെ മക്കള്‍ തീരുമാനിച്ചത്.
പ്രതിഫലമൊന്നും ഇല്ലെങ്കിലും തന്റെ ഊരിന്റെ ഉയര്‍ച്ചക്കും ആവശ്യങ്ങള്‍ നേടിയെടുക്കാനുമെല്ലാം ഗീത മുന്നില്‍ത്തന്നെയുണ്ട്. ത്രിതല പഞ്ചായത്തിന്റെ കീഴില്‍ വികസനങ്ങള്‍ എല്ലാം വനവാസികള്‍ക്കായി നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല. വനവാസിക്കള്ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അവരെ ബോധവത്ക്കരിക്കലാണ് തന്റെ പ്രാധാന ലക്ഷ്യമെന്നും മദ്യത്തില്‍ നിന്നും മറ്റു ലഹരി വസ്തുക്കളില്‍ നിന്നും ഊരുകളെ മോചിപ്പിക്കാനായുള്ള പരിശ്രമത്തിലാണ്.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ദല്ഹിയില്പ്പോയി മന്ത്രിമാരെയും എംപിമാരെയും കണ്ട് നിവേദനങ്ങളും മറ്റും നല്‍കിയതായി ഗീത പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടം തുടരുമെന്നും വനവാസികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനുമായി തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: