പുറംനാടുകളില്‍ ടി.വി പരണത്താണെന്ന് ആരോപിക്കുമ്പോഴും ഇറ്റാലിയന്‍ സംവിധായകന് ബൊലോക്വോ പറയുന്നത് തന്റെ നാട്ടിലെ സിനിമ ടി.വി തകര്‍ക്കുന്നുവെന്നാണ്. ടി.വിയുടെ ജനാധിപത്യവത്ക്കരണമാണ് ഇതിന് കാരണം.
മൊബൈല്‍ ഫോണിലൂടെ പോലും സിനിമയെടുക്കുന്ന ഇക്കാലത്ത് ഇത്തരം പരാമര്‍ശം സിനിമാക്കാര്‍ക്ക് പേടി തന്നെ. ഡെവില്‍ ഇന്‍ ദ ഫ്ലഷ് പോലെയുള്ള ലോക പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്ക് പുരസ്കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഒന്നേകാല്‍ നൂറ്റാണ്ട് പ്രായമുള്ള പത്ര മാധ്യമം 1990കളില്‍ ടി.വിയില്‍ നിന്ന് ഭയമേറ്റ് തുടങ്ങി ഇന്നതിന്റെ പാരമ്യത്തിലാണ്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെയും തകര്‍ച്ചയുടെയും വിശദാംശങ്ങളിലേക്ക് നിരീക്ഷകര്‍ കടന്നു ചെല്ലുന്നത്. ഇന്ന് സംഭവിച്ച വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കേണ്ടതിന് പകരം തല്‍സമയ സംപ്രേഷണത്തിലൂടെ ഇരിക്കുന്നിടത്ത് വാര്‍ത്ത കേള്‍ക്കാനും കാണാനും ചാനല്‍ നല്കിയ അപൂര്‍വ സൗഭാഗ്യം ജനത്തെ അതിശയിപ്പിക്കുന്നതായിരുന്നു.
വാര്‍ത്തകള്‍ക്ക് പിന്നിലുള്ള വസ്തുതകള്‍ അവയെ വിശ്വസിപ്പിക്കാവുന്ന ദൃശ്യങ്ങളുമടക്കം പുതിയൊരു ജനാധിപത്യരീതിയാണ് ചാനലുകള്‍ ലോകത്തിന് നല്‍കിയത്. ഏത് നിമിഷവും എവിടെയും എപ്പോഴും എങ്ങനെയും വാര്‍ത്തകള്‍ സംഭവിക്കാമെന്നും അതെല്ലാം ചാനലില്‍ കാണാമെന്നുമുള്ള വിശ്വാസം ലോകത്തിന് കൈവന്നു. ഈ പ്രപഞ്ചംപോലും വാര്‍ത്താ ചാനലിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു വരെ കാല്‍പ്പനികമായ ഒരു തോന്നലുണ്ട്. അതു പോലെയാണ് ചാനലിലൂടെ വാര്‍ത്താപ്രളയം ഉണ്ടായത്. യുദ്ധവും ഭൂകമ്പവും വെള്ളപ്പൊക്കവും തുടങ്ങി എല്ലാ ദുരിതങ്ങളും ആനന്ദവും ഉള്‍പ്പടെ ലോകം ചതുരപ്പെട്ടിയിലൂടെ കാണാനും കേള്‍ക്കാനും തുടങ്ങിയത് അച്ചടി മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു.
വിപ്ലവങ്ങള്‍പോലും ബാഷ്പീകരിക്കപ്പെട്ട കാലത്ത് ഇസവും പ്രത്യയശാസ്ത്രവും നേതൃത്വങ്ങള്‍ ഇല്ലാതെപോലും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിപ്ലവങ്ങള്‍ അരങ്ങേറിയത് നാം കണ്ടു. ടുണീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ-വയലെറ്റ് വിപ്ലവം തൊട്ട് വാള് സ്ട്രീറ്റ് വരെ നടന്ന പുതിയ ലോക ക്രമത്തിനായുള്ള കലാപങ്ങള്‍ പുതു ദൃശ്യ മാധ്യമങ്ങളുടെ കൂടി സൃഷ്ടിയാണ്. ഇങ്ങനെ വലിയൊരു പൊതുമണ്ഡലം തീര്‍ക്കാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞു. ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍ നില്ക്കുമ്പോള് അയാള്‍ ലോകത്തിന് മുന്നിലാണ് യഥാര്‍ത്ഥത്തില്‍ നില്‍ക്കുന്നത്. അയാളെ ലോകം കാണുന്നു, കേള്‍ക്കുന്നു. മനുഷ്യന്റെ പുതിയ ഇടപെടല്‍ ശേഷിയും അവന്റെ അവകാശ സ്വാതന്ത്ര്യങ്ങളും നിര്‍ണയിക്കാനും എടുത്തുകാട്ടാനുമുള്ള മാധ്യമമായി ചാനലുകള്‍. തെരുവ്തെണ്ടിക്കും രാഷ്ട്രത്തലവനും ചാനലില്‍ ഒരു പോലെ പ്രത്യക്ഷപ്പെടാമെന്നുള്ളത് ഈ രംഗം നല്കുന്ന ഏറ്റവും വലിയ പ്രത്യക്ഷ ജനാധിപത്യമാണ്.
ബാഡ് ന്യൂസുകളോടുള്ള മാധ്യമങ്ങളുടെ പ്രണയവും അത് വായിക്കാനുള്ളവരുടെ ത്വരയും നിലനില്ക്കുമ്പോള് തന്നെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേനവത്തിന്റേതുമായ വലിയ വാര്‍ത്തകളും മാധ്യമങ്ങളുടെ സമ്പത്താണ്. വാര്‍ത്തകള്‍ക്ക് നല്ലത്-ചീത്ത എന്ന ദ്വന്ദ്വങ്ങള്‍ ഇല്ലെങ്കിലും നല്ല വാര്‍ത്തകള്‍ എപ്പോഴും പ്രതീക്ഷിക്കുന്നവരാണ് ജനം. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇപ്പോള്‍ നാട്ടുവാര്‍ത്തകളും നല്ല വാര്‍ത്തകളും ഇത്തരം ശുഭ സൂചകങ്ങളെയാണ് എടുത്തു കാട്ടുന്നത്. ഒരു പക്ഷേ പീഡനം-കൊലപാതകം-അക്രമം-പിടിച്ചുപറി-അഴിമതി തുടങ്ങിയ നെഗറ്റീവ് വാര്‍ത്തകളുടെ മരവിപ്പില്‍ നിന്ന് ഒരു റിലാക്സ് ആവണം നല്ല വാര്‍ത്തകള്‍ക്ക് പിന്നിലെ പ്രചോദനം. നവമാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്താസ്ഫോടനത്തിന്റെ അപലപനീയമായ സ്വഭാവങ്ങളും വിശ്വസ്തതയ്ക്ക് മേലുള്ള ചോദ്യങ്ങളും കൂടുതല്‍ ഉയര്‍ന്നു വന്നപ്പോഴാവണം ഇത്തരം നല്ല വാര്‍ത്തകളുടെ ജന്മത്തിന് കൂടുതല്‍ പ്രാധാന്യം ചാനലുകള്‍ നല്‍കിയത്.
വാര്‍ത്താചാനലുകള്‍ വലിയ മത്സരങ്ങളുടെ ഞെരുക്കത്തിലാണ്. വിനോദ ചാനലുകളുടെ റേറ്റിങ്ങില്‍ നിന്ന് വളരെ താഴെയാണ് ഇവയുടെ സ്ഥാനം. കഴിവുള്ളവ അതിജീവിക്കുമെന്ന ഡാര്‍വിന്റെ തത്വംപോലും വാര്‍ത്താ ചാനലുകളെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. കഴിവുള്ളവ തന്നെ മത്സരത്തിന്റെ ഇടുക്കുതൊഴുത്തിന് പുറത്ത് അതിജീവനമില്ലാതെ പോവുകയാണ്. അതുകൊണ്ട് പിടിച്ചു നില്ക്കാന് പരസ്യദാതാക്കളുടെ കഴിവും പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ പോലെ പ്രത്യക്ഷപ്പെടുന്ന പരസ്യവാര്ത്തയും ഇത്തരം ചാനലുകള്‍ കൈനീട്ടി സ്വീകരിക്കുന്നു. ആദ്യ കാലത്ത് ന്യൂസ് റൂമുകളിലേക്ക് പോലും ഇരച്ചു കയറിയ വാര്‍ത്തകള്‍ക്ക് പകരം ഇന്ന് അവ തേടി പരക്കം പായേണ്ട അവസ്ഥയിലാണ് മാധ്യമ പ്രവര്‍ത്തകര്‍. വരുന്ന വാര്‍ത്തകളുടെ വിശ്വാസ്യത പ്രശ്നമാവുന്നതുകണ്ട് പിറ്റേന്നത്തെ പത്രം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. പതിറ്റാണ്ടുകളുടെ പ്രായമുള്ള പത്രത്തിന് ഭീഷണിയെന്ന് ആദ്യം വീമ്പിളക്കിയ ദൃശ്യമാധ്യമങ്ങള്‍ ഇപ്പോള്‍ നിലനില്‍പ്പിന്റെ യുദ്ധങ്ങളിലാണ്.
ലോകമെമ്പാടും ന്യൂസ് ചാനലുകളിലേക്ക് സമര്‍പ്പണത്തോടെ ആവേശകരമായി ഇരമ്പിക്കയറിയ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചില ചാനലുകളില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ്. ചാനലുകള്‍ സ്വയം അപ്രത്യക്ഷമാകാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെന്താണ് സംഭവിക്കുക. സോഷ്യല്‍ മാധ്യമങ്ങളായ ഫേസ് ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററുമൊക്കെ വന്‍കിട ആഘോഷങ്ങള്‍ അവരുടെ നിലയില്‍ നടത്തുമ്പോള്‍ പടിയിറങ്ങിപ്പോകാന്‍ തല നീട്ടുന്ന ചാനലുകളെക്കുറിച്ച് അനിവാര്യമായും ചിന്തിക്കേണ്ട സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: