കണ്ണൂര്‍: പള്ളിക്കുന്ന് ടി.പി.അരവിന്ദാക്ഷന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതില്‍ ദുരൂഹത നിലനില്‍ക്കുകയാണെന്നും സംഭവം അന്വേഷിച്ച് യഥാര്‍ത്ഥ സ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ബിജെപി പള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു.
അരവിന്ദാക്ഷന്റെ വീടിന്റെ തൊട്ടുമുന്നിലുള്ള വീട്ടിലാണ് കാറുടമസ്ഥന് താമസിക്കുന്നത്. അദ്ദേഹം രാവിലെ കാര്‍ തുടച്ചുവൃത്തിയാക്കുവാന് വന്നപ്പോള്‍ മാത്രമാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അപ്പോഴാണ് അരവിന്ദാക്ഷനും വിവരം അറിഞ്ഞതും പിന്നീട് അദ്ദേഹം തത്പരകക്ഷികളായ രാഷ്ടീയ ദല്ലാളന്മാരെ വിളിക്കുകയും കേസിന് ബലമുണ്ടാകാന്‍ വേണ്ടി വീടിന്റെ ജനല്‍ച്ചില്ല് സ്വയം തകര്‍ത്ത ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.
കാറിന്റെ ഉടമസ്ഥനില്‍ നിന്നും പരാതിയില്ല എന്ന് എഴുതിവാങ്ങിയതും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും സിപിഎമ്മുമായുള്ള രഹസ്യ ബന്ധവും ക്ഷേത്ര വിഷയത്തില്‍ പല ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഉടനെ മുന്‍ എംപി കെ.സുധാകരന് സ്ഥലം സന്ദര്‍ശിക്കുകയും അരവിന്ദാക്ഷന് വധഭീഷണിയുണ്ട് എന്നും മൂകാംബിക ക്ഷേത്രവുമായുള്ള പ്രശ്നമാണ് ഇതെന്നും കുറച്ചുകാലമായി ബിജെപി പ്രവര്‍ത്തകര്‍ പ്രശ്നം ഉണ്ടാക്കുന്നതായും ഇതിന് പിന്നിലും അവര്‍ തന്നെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
സുധാകരന് എംപിയായ സമയത്ത് ക്ഷേത്രത്തിലേക്ക് അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി പ്രശ്നങ്ങളുണ്ടാക്കിയത് ജനങ്ങള്‍ മറന്നിട്ടില്ലെന്നത് നുണ പ്രചരണം നടത്തിയ സുധാകരന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പള്ളിക്കുന്ന് ഭാഗങ്ങളില്‍ കുറച്ചു വര്‍ഷങ്ങളായി ചില രാഷ്ട്രീയ ദല്ലാളുമാര്‍ ഭരണസ്വാധീനം ഉപയോഗിച്ച് നിസ്സാര കാര്യങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് നിരപരാധികളുടെ പേരില്‍ കേസ് എടുക്കുകയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടക്കുന്നതും പതിവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുകയും ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: