കുണ്ടറ: ടികെഎം എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റല്‍ മാലിന്യം ജനവാസമേഖലയില്‍ പുറംതള്ളുന്നു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പരിസരവാസികളുടെ നേതൃത്വത്തില്‍ കോളേജ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറോളംപേര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. കോളേജ് ജൂബിലിയോടനുബന്ധിച്ച് കെട്ടിയ ആണ്‍കുട്ടികളുടെ വലിയ ഹോസ്റ്റലില്‍ നിന്നും വനിതാ ഹോസ്റ്റല്‍ സ്ഥിതിചെയ്യുന്ന പുന്നേത്ത് വയലിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലേക്കാണ് ഡ്രെയിനേജ് മാലിന്യങ്ങളടക്കമുള്ളവ തള്ളുന്നത്.
ഇതുമൂലം പരിസരത്തെ കിണറുകള്‍ മാലിന്യമായി. കൊച്ചുകുട്ടികളടക്കമുള്ളവര്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്.
സംഭവം അധികൃതരുടെയും ഹോസ്റ്റല്‍ അധികാരികളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിന്മേലാണ് നാട്ടുകാര്‍ കോളേജ് ഗേറ്റിന് മുന്നില്‍ നിന്നും പിരിഞ്ഞുപോയത്.
കിളികൊല്ലൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളുന്ന പ്രദേശങ്ങളും ഹോസ്റ്റലില്‍ നിന്നും മാലിന്യം തള്ളുന്ന ഭാഗവും സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പിലും കോര്‍പ്പറേഷനിലും പ്രദേശവാസികള്‍ പരാതി നല്കി. സമരത്തിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: