കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം സമാപിക്കുവാന്‍ മുന്ന് ദിനങ്ങള്‍ മാത്രം അവശേഷിക്കെ രാപകലില്ലാതെ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് പ്രവഹിക്കുകയാണ്.
അവധി ദിവസങ്ങളായ ശനിയും ഞായറും അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കിനാണ് തിരുവൈരാണിക്കുളം സാക്ഷ്യം വഹിച്ചത്, എട്ട് മണിക്കൂര്‍ വരെ ദര്‍ശനത്തിനായുള്ള കാത്തുനില്‍പ്പ് നീണ്ടു.പ്രവൃത്തിദിനങ്ങളാണെങ്കിലും ഇനിയുള്ള മൂന്ന് ദിവസങ്ങളിലും വന്‍ ഭക്തജനത്തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സുമംഗലി സങ്കല്‍പ്പത്തിലാണ് ഇവിടുത്തേ ദേവീ പ്രതിഷ്ഠ. ഓരോ ദിവസവും ഓരോ നിറങ്ങളിലുള്ള പട്ട് സാരികളുടുത്ത് നവവധുഭാവത്തലാണ് ദേവി ദര്‍ശനം നല്‍കുന്നത്. അതുകൊണ്ട് തന്നെ നടതുറപ്പ്വേളയില് ദേവിയെ ദര്‍ശിച്ചാല്‍ അഭിഷ്ട വരസിദ്ധി കൈവരുമെന്നാണ് വിശ്വാസം.
കിഴക്ക് ദര്‍ശനമായിട്ടാണ് മഹാദേവന്റെ പ്രതിഷ്ഠ. അതേ ശ്രീകേവിലില്‍ തന്നെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി കല്യാണരൂപിയായ ശ്രീപാര്‍വ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
മഹാദേവന്റെ മുമ്പിലെ മണ്ഡപത്തില്‍, ദേവനെ ദര്‍ശിച്ചുകൊണ്ട് ഋഷഭവും, തിരുമുറ്റത്ത് ചിങ്ങം രാശിയില്‍ കിഴക്കു ദര്‍ശനമായി ശ്രീ മഹാഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവില്‍ വളപ്പിനുപുറത്ത് മതില്‍ക്കെട്ടിനുള്ളിലായി, മിഥുനം രാശിയില്‍ പടിഞ്ഞാറു ദര്‍ശനമായി ജഗദംബികയായ സതീദേവി, ഭക്തപ്രിയയായ ഭദ്രകാളി, കന്നിരാശിയില്‍ കിഴക്കു ദര്‍ശനമായി കലികാല വരദനായ ധര്‍മ്മശാസ്താവ്, കുഭം രാശിയില്‍ കിഴക്കു ദര്‍ശനമായി ചതുര്‍ബാഹുവായ മഹാവിഷ്ണു എന്നീ പ്രതിഷ്ഠകളും കാണാം.
ദേവിയുടെ വിഗ്രഹം കല്ലില്‍ അല്ലാത്തതിനാല്‍ ഇവിടെ ജലാഭിഷേകം ഇല്ല.
ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നടതുറക്കുകയുള്ളൂ. അതുകൊണ്ട് ഈ ദിവസങ്ങളില്‍ ദേവിയെ ദര്‍ശിക്കാനും, പ്രാര്‍ത്ഥിക്കാനും വന്ഭക്തജനത്തിരക്ക്് അനുഭവപ്പെടുന്നത്.
പന്ത്രണ്ട് ദിവസത്തെ നടതുറപ്പ് മഹോത്സവത്തിന് സമാപ്തിക്കുറിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രി എട്ടിന് നട അടക്കുന്നതോടെ ശ്രീപാര്‍വ്വതീ ദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: