വിഴിഞ്ഞം (തിരുവനന്തപുരം): നിര്‍ത്താനുള്ള നിര്‍ദേശം പാലിക്കാതെ അമിതവേഗത്തില്‍ ഓടിച്ചുപോയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ്ഗാര്‍ഡ് വെടിവെച്ചു. രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. സുബി (20) ക്ലിന്റണ് (23) എന്നിവര്‍ക്കാണ് വെടിയേറ്റത്. ഒരാള്‍ക്ക് കയ്യിലും മറ്റൊരാള്‍ക്ക് കാലിലുമാണ് പരിക്ക്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വിഴിഞ്ഞത്തിനും ശംഖുമുഖത്തിനുമിടെ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കൊല്ലം സ്വദേശി ജാസ്മിന് ഷായുടെ ഉടമസ്ഥതയിലുള്ള ‘ഋഷിക’ എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡിന്റെ നിര്‍ദേശം അവഗണിച്ച് യാത്ര തുടര്‍ന്നത്. കോസ്റ്റ്ഗാര്‍ഡ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് വകവെയ്ക്കാതെ ബോട്ട് വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. മൂന്നു തവണ ഉച്ചഭാഷിണിയിലൂടെ നല്കിയ നിര്‍ദേശങ്ങളും ബോട്ടിലുള്ളവര്‍ അവഗണിച്ചു. മുന്നറിയിപ്പെന്നോണം ആകാശത്തേക്കും വെടിവെച്ചു. എന്നിട്ടും നിര്‍ത്താന്‍ കൂട്ടാക്കാത്തപ്പോഴാണ് കോസ്റ്റ്ഗാര്‍ഡ് ബോട്ടിനു നേരെ വെടിയുതിര്‍ത്തത്.
മത്സ്യബന്ധനത്തിനു ശേഷം കന്യാകുമാരിയില്‍ നിന്നും കൊല്ലം നീണ്ടകരയിലേക്കു പോവുകയായിരുന്നു ബോട്ടെന്ന് വ്യക്തമായി. ഒമ്പതംഗ സംഘത്തിലെ രണ്ടു പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതു കൊണ്ടാണ് ബോട്ട് നിര്‍ത്താത്തതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ക്ലിന്റണ് പോലീസിനു മൊഴിനല്‍കി. പരിക്കേറ്റവരെ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തു. ബോട്ട് വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരിക്കുകയാണിപ്പോള്.
ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചയായി മത്സ്യബന്ധന ബോട്ടുകള്‍ നിരന്തരം പരിശോധനയ്ക്കു വിധേയമാക്കിവരുന്നു. രേഖകള്‍ ശരിയാണോയെന്നും തൊഴിലാളികള്‍ മാത്രമാണോ ബോട്ടിലുള്ളതെന്നുമൊക്കെയാണ് പ്രധാനമായും നോക്കുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: