കന്യാകുമാരി: പ്രാത്യാശയുടെ പദയാത്രഭാരത പരിവര്‍ത്തനം ലക്ഷ്യമാക്കിയാണെന്നും ആത്മവിശ്വാസവും അര്‍പ്പണ ബോധവും ഉണ്ടെങ്കിലെ ഏതൊരു സത്കര്‍മ്മവും വിജയിക്കുകയുള്ളൂവെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി. കന്യാകുമാരിയില്‍ നിന്നും ഇന്നലെ ആരംഭിച്ച മാനവ ഏകതാ മിഷന്റെ നേതൃത്വത്തില്‍ ശ്രീഎം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു സുരേഷ്ജോഷി.
പുണ്യഭൂമിയായ കേരളത്തില്‍ ജനിച്ച ആദിശങ്കരന് ഹിമാലയം വരെ സഞ്ചരിച്ച് ഭാരതദര്‍ശനം നടത്തി. കേരളത്തിന്റെ തന്നെ ഭാഗമായിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപാറയിലെ തപസ്സിനുശേഷമാണ് സ്വാമിവിവേകാനന്ദന് ഭാരതത്തെ തൊട്ടറിഞ്ഞത്. ഇതെല്ലാം ഭാരത പരിവര്‍ത്തനത്തിനായി അതാതു സമയങ്ങളില്‍ മഹാത്മാക്കളില്‍ ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടായതു കൊണ്ടാണ്. അതുപോലെ ദൈവത്തിന്റെ സമന്വയമാണ് ശ്രീഎം. ത്രിവേണി സംഗമ സ്ഥലമായ കന്യാകുമാരി ഭാരതത്തിലെ വേദങ്ങളുടെ സംഗമഭൂമിയാണ്. വേദങ്ങളെ തൊട്ടറിഞ്ഞു കൊണ്ടാണ് ശ്രീഎം പദയാത്ര നടത്തുന്നതെന്നും സുരേഷ് ജോഷി പറഞ്ഞു.
പരിവര്‍ത്തന യാത്രകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശ്രീഎം നയിക്കുന്ന പ്രത്യാശയുടെ പരിവര്‍ത്തനയാത്രയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു രവിശങ്കര്‍പ്രസാദ്.
ശീഎംന്റെ ജീവചരിത്രം കേട്ടപ്പോള്‍ തന്നെ അത്ഭുതമായി. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച് ഭാരത്തിന്റെ ആദ്ധ്യാത്മികതയെ തേടിയുള്ള പ്രയത്നം.
ബംഗാളില്‍ ജനിച്ച് കന്യാകുമാരിയില്‍ എത്തി ഭരതത്തെ തൊട്ടറിയുകയായിരുന്നു സ്വാമി വിവേകനന്ദന്‍. അതുപോലെ തിരുവനന്തപുരത്ത് ജനിച്ച് കന്യാകുമാരിയില്‍ നിന്നും ഹിമാലയത്തിലേക്ക് ശ്രീഎം നടത്തുന്ന പ്രത്യാശയുടെ പദയാത്ര ഭാരതത്തിന്റെ ആത്മീയത അന്വേഷിച്ചുള്ള യാത്രയാണ്. ജിവിതത്തില്‍ ഒരോരുത്തര്‍ക്കും അവരവരുടേതായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. എന്നാല്‍ ആരും അത് ശരിയായ രീതിയില്‍ ചെയ്യുന്നില്ല.
ശ്രീഎം നടത്തുന്നതു പോലെയുള്ള പരിവര്‍ത്തന യാത്രകള്‍ അവരവരുടെ കാര്യങ്ങള്‍ ശരിയാം വണ്ണം ചെയ്യാന്‍ പ്രചോദനമേകും. ഇന്ത്യയും ഇന്ത്യാക്കാരും പ്രത്യാശയുടെ മുനമ്പിലാണ്. ആ പ്രത്യാശയ്ക്ക് വേക്ക് ഓഫ് ഹോപ് യാത്ര പ്രേരണയാകുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: