തിരുവനന്തപുരം: ഒട്ടോമൊബൈല്‍ രംഗത്തെ നൈപുണ്യ വികസനം ലക്ഷ്യമാക്കി സംസ്ഥാന തൊഴില്‍ വകുപ്പ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഓട്ടോമൊബൈല്‍ പാര്ക്കിന് കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. നൈപുണ്യ വികസന പരിശീലനം സംബന്ധിച്ച് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും (കെയ്സ്) നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (എന്‍എസ്ഡിസി) തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈപുണ്യ വികസന രംഗത്ത് പരിശീലകരുടെ അഭാവം പരിഹരിക്കുന്നതിന് വിരമിച്ച പട്ടാളക്കാരെ പരിശീലകരാക്കിക്കൊണ്ടുള്ള പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുകയാണ്. സൈന്യത്തില്‍ നിന്നു വിരമിക്കുന്നതിനു മുമ്പുള്ള വര്‍ഷം പ്രത്യേക വിഭാഗങ്ങളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും റൂഡി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടി തിരിച്ചെത്തുന്ന പ്രവാസികളെയും പദ്ധതിയുമായി സഹകരിപ്പിക്കാവുന്നതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. ടെലികോം രംഗത്തും നൈപുണ്യവികസന പാര്‍ക്ക് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. ഈ മേഖലകളില്‍ പരിശീലനവും ജോലിയും നല്കാന് ശേഷിയുള്ള വ്യവസായ പങ്കാളികളെ കണ്ടെത്തി പദ്ധതിയുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം.
പരിശീലനം, കപ്പാസിറ്റി ബില്‍ഡിംഗ്, സര്ട്ടിഫിക്കേഷന് തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന ധാരണാ പത്രം എന്‍എസ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ദിലീപ് ചെനോയ്, കെയ്സ് എംഡി രാഹുല്‍ ആര് എന്നിവര്‍ കൈമാറി. ധാരണാപത്രമനുസരിച്ച് കെയ്സ് സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഏജന്‍സിയുടെ സഹായം ലഭിക്കും.
കെയ്സിന്റെ കോഴ്സുകളുടെ പാഠ്യപദ്ധതി തയ്യാറാക്കലും പരിശീലനവും സര്ട്ടിഫിക്കേഷനുമെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്‍എസ്ഡിസി സഹായിക്കും. തൊഴില്‍ നൈപുണ്യ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്,എന്‍ പ്രശാന്ത്, കെഎഎസ്ഇ സിഇഒ ജെ.ഹരികൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: