തിരുവനന്തപുരം: വീടിനും വാഹനങ്ങള്‍ക്കും റയില്വെകോച്ചുകള്ക്കുമെല്ലാം അഗ്നിബാധയില്‍ നിന്ന് സംരക്ഷണമേകാന്‍ ലളിതവും നൂതനവുമായ ലേപനവിദ്യ വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രം (വിഎസ്എസ്സി) വികസിപ്പിച്ചു. കാസ്പോള് എന്ന് പേരിട്ടിരിക്കുന്ന എമല്‍ഷന്‍ പെയിന്റ് പോലുള്ള ഈ മികിസ് ബ്രഷ് ഉപയോഗിച്ചോ സ്പ്രെയറുകളുപയോഗിച്ചോ ഭിത്തിയില്‍ പെയിന്റടിയ്ക്കുന്നതുപോലെ അടിച്ചാല്‍ അഗ്നിബാധ ചെറുക്കാന്‍ സാധിക്കും.
റോക്കറ്റുകളുടെ ഇന്ധനം നിറച്ച കൂറ്റന്‍ ടാങ്കുകള്‍ തീയിലമരുന്നതൊഴിവാക്കാനുള്ള സാങ്കേതികവിദ്യയില്‍ നിന്നുമാണ് വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രത്തിലെ രസതന്ത്രജ്ഞര്‍ കാസ്പോള്ലേപം വികസിപ്പിച്ചെടുത്തത്. വെള്ളമൊഴിച്ച് നേര്‍പ്പിച്ച് ഉപയോഗിക്കുന്ന പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കാത്ത ചെലവുകുറഞ്ഞ ഹരിതസാങ്കേതികവിദ്യയാണ് കാസ്പോളിന്റേത്. ഒരുകിലോഗ്രാം കാസ്പോളിന് ഉദ്ദേശം 300 രൂപ മാത്രമാണ് നിര്‍മ്മാണ ചെലവ്. ഭിത്തികള്‍ക്ക് മുകളിലോ വസ്ത്രങ്ങളിലോ പേപ്പറുകളിലോ ഓല മേഞ്ഞ മേല്‍ക്കൂരയിലോ മരത്തിലോ എന്നുവേണ്ട നിത്യജീവിത്തില്‍ അഗ്നിബാധയില്‍ നിന്ന് സംരക്ഷണം വേണ്ട എല്ലാ പ്രതലങ്ങളിലും കാസ്പോള് ഉപയോഗിക്കാവുന്നതാണ്.
സീറ്റുകളുടെ കുഷ്യനുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിയുറതിന് ഫോമുകള്‍ കാസ്പോള് ചേര്‍ത്ത് നിര്‍മ്മിച്ചാല്‍ അവ ഉല്കൃഷ്ടമായരീതിയില് അഗ്നിയെ പ്രതിരോധിക്കും. ഷോപ്പിങ്മാളുകളും സിനിമാതീയറ്ററുകളും അഗ്നിബാധയെ ചെറുക്കാന്‍ ശക്തിയുള്ളതാക്കുന്നതിന് കാസ്പോളിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും.
മോട്ടോര്‍വാഹനങ്ങളിലും റെയില്‍വെ കോച്ചുകളിലും വിമാനങ്ങളിലുമെല്ലാം ഈ സാങ്കേതിക വിദ്യയ്ക്ക് അതിവിപുലമായ പ്രയോഗസാധ്യതകളുണ്ട്. ഉദ്ദേശം അമ്പതിനായിരം കോച്ചുകളിലായി ഇന്ത്യന്റെയില്വെ ഒന്നരലക്ഷം ഘനമീറ്റര്‍ പോളിയൂറതിന്ഫോം ഉപയോഗിക്കുന്നുണ്ട്. ഇത്രയുംഫോം അഗ്നിബാധയേല്‍ക്കാത്ത രീയിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശം എണ്ണൂറുകോടി രൂപയുടെ കാസ്പോള് ആണ് ആവശ്യമായി വരിക.
അഗ്നിശമന ലേപമെന്നതുകൂടാതെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് മികച്ച താപപ്രതിരോധം നല്‍കാനും വിള്ളലുകള്‍ മൂലമുണ്ടാകുന്ന ചോര്‍ച്ചയില്‍ നിന്ന് അവയെ സംരക്ഷിക്കാനും കാസ്പോളിനും കഴിയും. ഈ പുതിയഎമല്ഷന് അതിവിപലുമായ വ്യാപാരസാധ്യതയാണ് ശാസ്ത്രജ്ഞര്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: