തൃശൂര്‍: സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഹൈദരാബാദ് വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പടിയിറങ്ങുമ്പോള്‍ വാങ്ങിയ ചുവര്‍ചിത്രം ഇന്നും മഹേഷിന്റെ ഓഫീസ് മുറിയെ അലങ്കരിക്കുന്നുണ്ട്. തീക്ഷ്ണമായ ചിന്തയും ജ്വലിക്കുന്ന വാക്കുകളുംകൊണ്ട് ലോകത്തെ പ്രകമ്പനം കൊള്ളിച്ച സ്വാമി വിവേകാനന്ദന്റെ ചിത്രം. ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തിയും ധൈര്യവും ആര്‍ജ്ജിച്ച് മുന്നോട്ട് കുതിക്കാന്‍ ആഹ്വാനം ചെയ്ത വാക്കുകളാണ് ഇരുളടഞ്ഞ ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ മഹേഷിന് പ്രേരണയായത്.
ഐഎഎസ് നേടുകയെന്നതായിരുന്നു മഹേഷിന്റെ വലിയ സ്വപ്നം. ഇരുപത്തി നാലാമത്തെ വയസില്‍ പ്രിലിമിനറി പാസായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്തോറും മഹേഷിന്റെ കാഴ്ച ശക്തി കുറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മെയിന്‍ പരീക്ഷയ്ക്ക് മുന്‍പ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തിയ ചികിത്സയ്ക്കും ഫലമുണ്ടായില്ല. വിധിയില്‍ പകച്ച് ദയനീയമായി പിന്‍വാങ്ങാനേ മഹേഷിന് കഴിഞ്ഞുള്ളു.
ബാധ്യതയാണെന്ന് സ്വന്തം കുടുംബവും കരുതിയതോടെ മഹേഷ് വീടുപേക്ഷിച്ചു. കുട്ടികളെ അക്ഷരം പഠിപ്പിച്ച് അന്നത്തിനുള്ള വക കണ്ടെത്തി. ഒരു ജോലിക്ക് വേണ്ടിയുള്ള ഓട്ടമായിരുന്നു പിന്നീട്. പിഎസ്സി പരീക്ഷയ്ക്ക് ഉയര്‍ന്ന റാങ്ക് നേടിയെങ്കിലും നൂറ് ശതമാനം അന്ധതയുള്ളതിനാല് ജോലി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതിനിടയില്‍ അകന്ന ബന്ധുവും ഒറ്റപ്പാലം സ്വദേശിനിയുമായ ദേവി ജീവിതത്തിലേക്ക് വന്നത് മാറ്റമുണ്ടാക്കി.
ദേവിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. ഇതോടെ ദേവിയെയും കുടുംബം കൈവിട്ടു. അഭയമാകേണ്ട കുടുംബവും ആശ്രയമേകേണ്ട ഭരണകൂടവും അനുകമ്പ നല്‍കേണ്ട സമൂഹവും അവഗണിച്ചപ്പോള്‍ ഔദാര്യത്തിന് കാത്തുനില്ക്കേണ്ടെന്ന് മഹേഷ് തീരുമാനിച്ചു.
തനിക്ക് നേടാനാകാതെ പോയത് പുതിയ തലമുറയിലൂടെ സാധ്യമാക്കണമെന്ന് തീരുമാനിക്കുമ്പോള്‍ വിവേകാനന്ദ സ്വാമിയുടെ വാക്കുകള്‍ മാത്രമായിരുന്നു കൈമുതലെന്ന് മഹേഷ് പറയുന്നു. ഇരിങ്ങാലക്കുടയില്‍ വിവേകാനന്ദന്റെ പേരില്‍ ഐഎഎസ് അക്കാദമിക്ക് തുടക്കം കുറിക്കുമ്പോള്‍ ധൈര്യം നല്‍കിയത് വായിച്ച് മനപ്പാഠമാക്കിയിരുന്ന വിവേകാനന്ദ സാഹിത്യ സംഗ്രഹത്തിലെ വരികളായിരുന്നു.
2013 ജൂണില്‍ ആരംഭിച്ച അക്കാദമിയില്‍ ഇന്ന് 70 കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകതരം പഠനം ചിട്ടപ്പെടുത്തിയതും പഠിപ്പിക്കുന്നതും മഹേഷ് തന്നെയാണ്. ഇതിനുപുറമെ ഐഎഎസ്,ഐപിഎസ് ഓഫീസര്‍മാര്‍ ക്ലാസ്സെടുക്കാനെത്തുന്നു.
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് തന്നെ നയിച്ചത് വിവേകാനന്ദനാണ്. എല്ലാ മതങ്ങളിലെയും വിശുദ്ധ ഗ്രന്ധങ്ങള്‍ വായിച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍ വിവേകാനന്ദന്റെ വാക്കുകള്‍ ഏറെ സ്വാധീനിച്ചു. അന്ധനാണെങ്കിലും സാധാരണ മനുഷ്യനെപ്പോലെയാണ് ഞാന്‍ ജീവിക്കുന്നത്.
ഇതിന് കടപ്പാട് വിവേകാനന്ദനോട് മാത്രം. തളര്‍ച്ച തോന്നിയ ഓരോഘട്ടത്തിലും പ്രേരണയുള്‍ക്കൊണ്ടത് ആ വാക്കുകളില്‍ നിന്നാണ്. പ്രൊഫഷണല്‍ ഐഎഎസ് അക്കാദമിയായി സ്ഥാപനം വളര്‍ത്തുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. റിസള്‍ട്ടും പ്രധാനമാണ്,മഹേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: